| Monday, 6th November 2023, 11:10 pm

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വമ്പിച്ച ശേഖരവുമായി കൃഷി വകുപ്പിന്റെ വിപണന മേള

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാടന്‍ കാര്‍ഷിക ഉത്പന്നങ്ങളുടെയും ബ്രാന്‍ഡഡ് ഉത്പന്നങ്ങളുടെയും വൈവിധ്യ കാഴ്ചകളൊരുക്കി കേരളീയത്തിലെ കൃഷി വകുപ്പിന്റെ വിപണനമേള. എല്‍.എം.എസ് ഗ്രൗണ്ടില്‍ കാര്‍ഷികോല്‍പന്നങ്ങളുടെ 50 സ്റ്റാളുകള്‍ സംസ്ഥാനത്തിന്റെ കാര്‍ഷിക വൈവിധ്യ വിപണിയുടെ വാതില്‍ മലര്‍ക്കേ തുറന്നിട്ടിരിക്കുകയാണ്.

മറയൂര്‍ ശര്‍ക്കര, ഓണാട്ടുകര എള്ള്, കൈപ്പാട് റൈസ്, പൊക്കാളി അരി, ജീരകശാല-ഗന്ധകശാലാ അരികള്‍ എന്നീ ഭൗമ സൂചികാപദവി ലഭിച്ച ഉല്‍പ്പന്നങ്ങളും അതിരപ്പിള്ളി ട്രൈബല്‍ വാലി പദ്ധതിയുടെ കുരുമുളക്, ഏലം, ജീരകം ഉള്‍പ്പെടെ ജൈവമുദ്രയുള്ള ഉല്‍പന്നങ്ങളും മേളയെ ശ്രദ്ധേയമാക്കുന്നു.

കൃഷിക്കൂട്ടങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കേരള കാര്‍ഷിക സര്‍വകലാശാല, സൂക്ഷ്മ ചെറുകിട ഇടത്തരം ഉത്പാദകര്‍, എഫ്.പി.ഒകള്‍ എന്നിവ ജൈവ ഉത്പന്നങ്ങളുടെ ശേഖരണവും വില്‍പനയുമായി എല്‍.എം.എസ്. ഗ്രൗണ്ട് കീഴടക്കിയിരിക്കുന്നത്.
കേരള കാര്‍ഷിക സര്‍വകലാശാല അണിയിച്ചൊരുക്കിയ നെല്‍ക്കതിര്‍ കുലയ്ക്കും നെല്‍ക്കതിര്‍ തോരണത്തിനും ആവശ്യക്കാര്‍ ഏറെയാണ്. 250 മുതല്‍ 3,000 രൂപ വരെയുള്ള നെല്‍ക്കതിര്‍ ഇവിടെ ലഭിക്കും. കാബേജ്, കോളിഫ്‌ളവര്‍, വെള്ളരി, കക്കരി, വഴുതന എന്നിവയുടെ തൈകളും വില്‍പ്പനയ്ക്കുണ്ട്. ഉമ നെല്‍വിത്ത്, കൂണ്‍ വിത്ത്, ചമ്പാപച്ചരി, മണ്ണിര കമ്പോസ്റ്റ്, ചകിരിച്ചോറ്, വെര്‍മി വാഷ് തുടങ്ങിയ ഉല്‍പ്പന്നങ്ങളും മിതമായ നിരക്കിലാണ് ലഭ്യമാക്കുന്നത്.

കാട്ടുതേന്‍, ചെറുതേന്‍, കശുവണ്ടി,നെല്ലിക്ക, പൈനാപ്പിള്‍, പാഷന്‍ ഫ്രൂട്ട്, പേരക്ക, മാമ്പഴം എന്നിവയുടെ സ്‌ക്വാഷുകളും മുരിങ്ങയില സൂപ്പും മുരിങ്ങയില ചമ്മന്തിപ്പൊടിയും ജെല്ലി ജൂസ് അച്ചാറുകളും വേറിട്ട രുചിയാണ് സമ്മാനിക്കുന്നത്. കരിമ്പ്, കാട്ടിഞ്ചി, ഏലക്ക, നേന്ത്രക്കായ പൊടി, ചമ്മന്തിപ്പൊടി, കൂണ്‍ വിത്ത്, റാഗി ഉത്പന്നങ്ങള്‍, മുന്തിരി, മാമ്പഴം, ഉണക്കിയ നാളികേരം, അരി, പഴം, ചക്ക, കപ്പ, തേയില, വെളിച്ചെണ്ണ, എള്ളെണ്ണ, ചിപ്‌സ്, ജൈവ കപ്പ എന്നിങ്ങനെ നാടന്‍ കാര്‍ഷിക വിഭവങ്ങളെല്ലാം വിപണിയെ സമ്പന്നമാക്കുന്നു.
പ്രകൃതി സൗഹൃദമായ ജീവാണുവളം, ജൈവവളങ്ങള്‍, ജൈവ കീടനാശിനികള്‍, വിത്തു തൈകള്‍, അലങ്കാര സസ്യങ്ങള്‍, കരിമ്പിന്‍ തൈകള്‍ തുടങ്ങി കൃഷിയെ സ്‌നേഹിക്കുന്നവര്‍ക്കായി വിഭവങ്ങള്‍ ഏറെയുണ്ട്ഈവിപണനമേളയില്‍.

CONTENT HIGHLIGHT :Marketing Fair of Department of Agriculture with huge collection of agricultural products

Latest Stories

We use cookies to give you the best possible experience. Learn more