വിപണിമൂല്യം; മെസിയേയും മറികടന്ന് അർജന്റീനയുടെ 21കാരൻ താരം
football news
വിപണിമൂല്യം; മെസിയേയും മറികടന്ന് അർജന്റീനയുടെ 21കാരൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 30th December 2022, 11:58 am

ലോകകപ്പ് ഫുട്ബോൾ അവസാനിച്ച് ക്ലബ്ബ് ഫുട്ബോൾ ആവേശത്തിലേക്ക് ആരാധകർ കടന്നിരിക്കുകയാണ്.

ഡിസംബർ 26ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിന് കിക്കോഫ് മുഴങ്ങിയതോടെ യൂറോപ്പിലെ ക്ലബ്ബ് ഫുട്ബോൾ സീസൺ ഒരിടവേളക്ക് ശേഷം വീണ്ടും ആരംഭിച്ചിരുന്നു.

ശേഷം ഫ്രാൻസിലെ ടോപ്പ് ടയർ ലീഗായ ലീഗ് വൺ വ്യാഴാഴ്ച്ച പുനരാരംഭിച്ചു. ശനിയാഴ്ചയാണ് ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബുകളായ റയൽ മാഡ്രിഡ്, ബാഴ്സലോണ എന്നിവർ മത്സരിക്കുന്ന സ്പെയ്നിലെ ടോപ്പ് ടയർ ലീഗായ ലാലിഗ ആരംഭിക്കുന്നത്.

അടുത്ത മാസം ഒന്നിന് തുറക്കുന്ന ട്രാൻസ്ഫർ വിൻഡോ കൂടി പൂർത്തിയാകുന്നത്തോടെ പുതിയ താരങ്ങളെ ടീമിലെത്തിച്ചും, മോശം പ്രകടനം കാഴ്ച വെക്കുന്ന കളിക്കാരെ ഒഴിവാക്കിയും സ്‌ക്വാഡ് ഡെപ്ത്ത് വർധിപ്പിച്ച് ലീഗ് ടൈറ്റിൽ നേടാൻ ക്ലബ്ബുകൾ ശ്രമം തുടങ്ങും.

എന്നാലിപ്പോൾ ട്രാൻസ്ഫർ വിൻഡോയിൽ അർജന്റീനയുടെ എക്കാലത്തെയും മൂല്യമുള്ള താരങ്ങളിലൊരാളായി മാറാൻ തയാറെടുക്കുകയാണ് അർജന്റൈൻ യുവതാരമായ എൻസോ ഫെർണാണ്ടസ്.

21കാരനായ താരത്തിന്റെ റിലീസ് ക്ലോസായി എൻസോയുടെ നിലവിലെ ക്ലബ്ബായ ബെൻഫിക്ക വെക്കുന്ന തുക ഏകദേശം 120 മില്യൺ യൂറോയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ മുതലായ ഇംഗ്ലീഷ് ക്ലബ്ബുകളാണ് താരത്തെ വാങ്ങാനായി പ്രധാനമായും നോട്ടമിട്ടിരിക്കുന്നത്.

ലോകകപ്പിലെ മികച്ച യുവ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയതോടെയാണ് എൻസോ ഫെർണാണ്ടസിന്റെ വിപണി മൂല്യം കുതിച്ചുയർന്നത്.

നിലവിലെ റിലീസ് ക്ലോസായ 120 മില്യൺ നൽകി എൻസോയെ ഏതെങ്കിലും ക്ലബ്ബ് സ്വന്തമാക്കുകയാണെങ്കിൽ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഒരു അർജന്റൈൻ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയായി അത് മാറും.

നിലവിൽ ഇറ്റാലിയൻ ക്ലബ്ബ്‌ നാപ്പോളിയിൽ നിന്നും യുവന്റസ് 90 മില്യൺ യൂറോക്ക് വാങ്ങിയ ഗോൺസാലോ ഹിഗ്വയ്നാണ് വിപണി മൂലത്തിൽ ഒന്നാം സ്ഥാനത്തുള്ള അർജന്റൈൻ താരം.

അതേസമയം എൻസോ ഫെർണാണ്ടസിന്റെ ക്ലബ്ബായ ബെൻഫിക്ക പോർച്ചുഗീസ് ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്താണ്. ഞായറാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 2:45നാണ് ബ്രാഗയുമായാണ് ബെൻഫിക്കയുടെ അടുത്ത മത്സരം.

 

Content Highlights: market value; The 21-year-old player of Argentina overtake messi