ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കര്‍ണാടകയിലെ ജനങ്ങളെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വെറുപ്പിന്റെ വിപണി അടപ്പിച്ച് സ്‌നേഹത്തിന്റെ കട തുറന്നുവെന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
കര്‍ണാടകയിലെ ജയം സാധാരണക്കാരുടേതാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ‘സാധാരണക്കാരുടെ ശക്തി വിജയിച്ചു. മറ്റുള്ള സംസ്ഥാനങ്ങളിലും ഇതാവര്‍ത്തിക്കും. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ്ര് പോരാടിയത്’, അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നല്‍കിയ അഞ്ച് വാഗ്ദാനങ്ങളും സര്‍ക്കാരിന്റെ ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റമാണ് നടത്തുന്നത്. സംസ്ഥാത്തെ 224 മണ്ഡലങ്ങളില്‍ കേവല ഭൂരിപക്ഷമായ 113 ഉം മറികടന്ന് 136 സീറ്റിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. 64 സീറ്റില്‍ ബി.ജെ.പിയും 20 സീറ്റില്‍ ജെ.ഡി.എസുമാണ് ലീഡ് ചെയ്യുന്നത്.
കര്‍ണാടക തെരഞ്ഞെടുപ്പ് വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും എതിരായ ജനവിധിയാണെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ വിജയം പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഇത് ജനങ്ങളുടെ വിജയമാണന്നും മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഫലം കൂട്ടായ ലീഡര്‍ഷിപ്പിന്റെ ഫലമാണെന്നായിരുന്നു കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ പറഞ്ഞത്.
തെരഞ്ഞെടുപ്പ് വിജയത്തിന് രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര സഹായിച്ചുവെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.
‘രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഉണ്ടാക്കിയ അന്തരീക്ഷമാണ് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രകടമാകുന്നത്. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രിയങ്ക ഗാന്ധിയും വലിയ പ്രചരണമാണ് നടത്തിയത്. കര്‍ണാടക വര്‍ഗീയ രാഷ്ട്രീയം തള്ളി, വികസന രാഷ്ടീയം തെരഞ്ഞെടുത്തു. വരാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഇത് ആവര്‍ത്തിക്കും’, അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇന്ത്യയെ ഒന്നിപ്പിക്കുന്ന രാഷ്ടീയത്തിന്റെ വിജയമാണിതെന്നായിരുന്നു കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.’ കോണ്‍ഗ്രസിന് ചരിത്രപരമായ ജനവിധി സമ്മാനിച്ച കര്‍ണാടകയിലെ ജനങ്ങള്‍ക്ക് നന്ദി. ഇത് നിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും വികസനത്തിനും മുന്‍ഗണന നല്‍കിയതിന്റെ വിജയമാണ്. ഇന്ത്യയെ ഒന്നിപ്പിക്കുന്ന രാഷ്ടീയത്തിന്റെ വിജയമാണ്’, പ്രിയങ്ക ട്വീറ്റ് ചെയ്തു.
വിജയത്തിന് വേണ്ടി പ്രയത്‌നിച്ച കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും പ്രിയങ്ക പ്രശംസിച്ചു.
Contenthighlight: Market Of Hate Shut, Shops Of Love Open: Rahul Gandhi