| Wednesday, 27th May 2020, 10:10 am

മര്‍ക്കസ് നിസാമുദ്ദീന്‍ തലവന്‍ മൗലാനാ സാദിന്റെ മകനെതിരെയും ക്രൈം ബ്രാഞ്ച്; ബാങ്ക് രേഖകളടക്കം പിടിച്ചെടുത്തെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മര്‍ക്കസ് നിസാമുദ്ദീന്‍ തലവന്‍ മൗലാനാ സാദിന്റെ മകനുമായി ബന്ധപ്പെട്ട ബാങ്ക് ഡോക്യുമെന്റുകളും മറ്റു പേപ്പറുകളും പിടിച്ചെടുത്ത് ദല്‍ഹി പൊലീസ്. ഹിന്ദുസ്ഥാന്‍ ടൈംസ് ഹിന്ദി പ്രസിദ്ധീകരണമായ ഹിന്ദുസ്ഥാനാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടു ചെയ്യുന്നത്.

ദല്‍ഹിയിലെ മര്‍ക്കസ് നിസാമുദ്ദീനിലെ ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് സംബന്ധിച്ച കേസ് നിലവില്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.

മര്‍ക്കസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നയാളാണ് മൗലാനാ സാദിന്റെ മൂത്ത മകന്‍ സയീദെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിലയിരുത്തല്‍.

മര്‍ക്കസിലെ അഞ്ച് അംഗങ്ങളുടെ വിവിധ രേഖകളും പാസ്‌പോര്‍ട്ടുകളും ക്രൈംബ്രാഞ്ച് നേരത്തെ പിടിച്ചു വെച്ചിരുന്നു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അഞ്ചു പേര്‍ക്കും രാജ്യം വിട്ടു പോകാന്‍ സാധിക്കില്ല.

സാദിന്റെ മൂന്നു മക്കളെയും അനന്തരവനെപറ്റിയും ക്രൈം ബ്രാഞ്ച്ര് അന്വേഷിച്ചു വരികയാണ്. തബ്‌ലീഗ് ജമാഅത്തിന് ലഭിക്കുന്ന ഫണ്ടുകളുടെ ഉറവിടത്തെ സംബന്ധിച്ചുള്ള അന്വേഷണവും നടന്നുവരികയാണ്.

ജമാഅത്തിന് വിവിധയിടങ്ങളില്‍ നിന്നും പണം വരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 900ത്തോളം പേര്‍ക്ക് നോട്ടീസയച്ചിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് ഉദ്യോഗകസ്ഥര്‍ പറഞ്ഞു.

തബ്‌ലീഗ് ജമാഅത്തിന് ശേഷം കൊവിഡ് കേസുകളില്‍ ഉണ്ടായ വര്‍ധന രാജ്യത്തിന് ഞെട്ടലുണ്ടാക്കിയെന്ന് ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ഞായറാഴ്ച പറഞ്ഞിരുന്നു. ഇതെല്ലാ സംഘടനകള്‍ക്കും ബാധകമാണെന്നും രാജ്യം ഒരു തീരുമാനമെടുക്കുമ്പോള്‍ എല്ലാവരും അത് പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മൗലാനാ സാദിന്റെതെന്ന പേരില്‍ പ്രചരിച്ച വീഡിയോ വ്യാജമാണെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ആളുകളോട് ക്വാറന്റീനില്‍ പോകേണ്ടെന്നും കൊവിഡില്‍ നിന്ന് ദൈവം രക്ഷിക്കുമെന്നും പറയുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു എന്നാല്‍ ഈ ഓഡിയോ വിവിധ ശബ്ദശകലങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കിയതെന്നായിരുന്നു കണ്ടെത്തല്‍. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ഓഡിയോ ഫോറന്‍സികിലേക്ക് അയക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more