[]കോഴിക്കോട്: മര്‍ക്കസ് നോളജ് സിറ്റി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് നോളജ് സിറ്റിയുടെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചത്. പദ്ധതിയുടെ മാസ്റ്റര്‍ പ്ലാനും മുമുഖ്യമന്ത്രി പ്രകാശനം ചെയ്തു. മര്‍ക്കസ് നോളജ് സിറ്റി അത്ഭുതമാകുമെന്നും സംസ്ഥാനത്തിന് അഭിമാനമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുടെ പ്രയോജനം കേരളത്തിലെ ജനങ്ങള്‍ക്കായതിനാല്‍ പദ്ധതിക്ക് വേണ്ട എല്ലാ സഹായവും ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കവേ മുഖ്യമന്ത്രി ഉറപ്പ് നല്‍കി.[]
താമരശ്ശേരിക്കടുത്തുള്ള കൈതപ്പൊയിലിലാണ് നോളജ് സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പദ്ധതി പ്രദേശത്തേക്ക് എത്തിച്ചേരുന്നതിന് അടിവാരം-കാരശ്ശേരി റോഡിന് മുഖ്യമന്ത്രി അനുമതി നല്‍കുകയും റോഡ് നിര്‍മാണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എം.എല്‍.എമാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. എയര്‍പോര്‍ട്ട്-വയനാട് റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
125 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് നിശ്ചിത സമയത്ത് തന്നെ പദ്ധതിക്ക് തുടക്കം കുറിക്കുകയും ഇത്രയും വലിയ ഒരു പദ്ധതിക്കാവശ്യമായ പണം സമയബന്ധിതമായി കണ്ടെത്തുകയും ചെയ്തു എന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വളരെ പെട്ടെന്ന് തന്നെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയട്ടേയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
ചടങ്ങില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാനത്ത് ആദ്യമായി ആരംഭിക്കുന്ന മര്‍കസ് യുനാനി മെഡിക്കല്‍ കോളജിനും പദ്ധതിപ്രദേശത്ത് ശിലയിട്ടു. ദുബൈ ഇസ്ലാമിക് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഉമര്‍ ഖത്തീബാണ് മെഡിക്കല്‍ കോളജിന് ശിലയിട്ടത്. ചടങ്ങില്‍ മന്ത്രിമാരുടെയും സാമൂഹിക രാഷ്ട്രീയ മത നേതാക്കളുടെയും നീണ്ട നിര തന്നെ പങ്കെടുത്തിരുന്നു.
മുസ്ലിം ലീഗ് മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍, വി കെ ഇബ്രാഹീം കുഞ്ഞ്, മഞ്ഞളാംകുഴി അലി എന്നിവരും ആര്യാടന്‍ മുഹമ്മദ്, എം.ഐ ഷാനവാസ് എം.പി, എം.കെ രാഘവന്‍ എം.പി, പി മോയിന്‍കുട്ടി എം.എല്‍.എ, എം ഉമ്മര്‍ എം.എല്‍.എ, അഡ്വ. ശ്രീധരന്‍ പിള്ള, സി.എ ഇബ്രാഹീം, ഗള്‍ഫാര്‍ മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുത്തു.