കുന്നമംഗലം: എം.ഐ.ഇ.ടി എന്ന സ്ഥാപനത്തില്‍ അംഗീകാരമില്ലാത്ത ഡിപ്ലോമ കോഴ്സുകള്‍ നടത്തിയെന്നാരോപിച്ച് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തില്‍ നിലപാട് വ്യക്തമാക്കി മര്‍കസ്.
കോഴ്സ് നടത്തിയതിലൂടെ മര്‍കസ് സാമ്പത്തിക നേട്ടമാണ് ലക്ഷ്യമാക്കിയതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്വീകരിച്ച ഫീസിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് കോഴ്സ് നടത്താനാവശ്യമായ പാശ്ചാത്തല സൗകര്യമൊരുക്കാനും ജീവനക്കാരുടെ വേതനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും വേണ്ടിയാണെന്നും മര്‍കസ് പത്രക്കുറിപ്പില്‍ പറയുന്നു.
വിദ്യാര്‍ത്ഥികളുടെ താല്‍പര്യങ്ങള്‍ക്ക് തന്നെയാണ് മര്‍കസിന്റെ എക്കാലത്തെയും മുന്‍ഗണനയെന്നും എന്നാല്‍ രാഷ്ട്രീയപരവും വിദ്വേഷപരവുമായ ലക്ഷ്യങ്ങള്‍ ഒളിച്ചുകടത്താനുള്ള ചിലരുടെ ശ്രമം വിലപ്പോവില്ലെന്നും മര്‍കസ് അറിയിച്ചു.
മര്‍കസ് ഭാരവാഹികളില്‍ ചിലര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത നടപടിയെ മര്‍കസ് നിയമപരമായി നേരിടുന്നതാണെന്നും പതിറ്റാണ്ടുകള്‍ പാരമ്പര്യമുള്ള സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും സാമൂഹിക പുരോഗതി ലക്ഷ്യം വച്ചുള്ളതുമാണ് എന്നതിനാല്‍ തന്നെ ഏതെങ്കിലും തരത്തിലുള്ള കുപ്രചാരണങ്ങളെ മര്‍കസ് ഭയക്കുന്നില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പോളിടെക്നിക്ലോ, എഞ്ചിനിയറിംഗ് കോളജിലോ ഔപചാരിക വിദ്യാഭ്യാസം നേടാന്‍ കഴിയാത്തവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിന് വേണ്ടി അക്കാദമി ഓഫ് സിവില്‍ എഞ്ചിനിയേഴ്സിന്റെ ഒരു ഫ്രാഞ്ചെസി 2012ല്‍ മര്‍കസില്‍ ആരംഭിച്ചതാണ് എം.ഐ.ഇ.ടി.
അതേ കാലയളവില്‍ സംസ്ഥാനത്തെ മറ്റു ഏഴു സ്ഥാപനങ്ങളില്‍ ഈ കോഴ്സുകള്‍ നടത്തിയിട്ടുണ്ട്. ഈ കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ മര്‍കസിലെ മിക്ക വിദ്യാര്‍ത്ഥികള്‍ക്കും യോഗ്യതയുടെ അടിസ്ഥാനത്തില്‍ തൊഴില്‍ ലഭിച്ചിട്ടുണ്ട്. പ്രസ്തുത സര്‍ട്ടിഫിക്കറ്റുകളുപയോഗിച്ച് വിവിധ സ്ഥാപനങ്ങളില്‍ ഉപരിപഠനം നടത്തുന്നവരും ഈ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തിലുണ്ടെന്നും മര്‍കസ് പറയുന്നു.