” സൗമ്യ കേസ് പുനപരിശോധിക്കാനുള്ള ആത്മാര്‍ത്ഥമായ താല്‍പര്യമില്ലായിരുന്നു. അങ്ങനെ നടിക്കുക മാത്രമാണ് ചെയ്തത്. എന്നെ അവഹേളിക്കാനും എനിക്കെതിരെ കോടതിയലക്ഷ്യം ചുമത്താനുമുള്ള അവസരമാക്കുകയായിരുന്നു.” കട്ജു കുറിക്കുന്നു.
ന്യൂദല്‍ഹി: സൗമ്യക്കേസില്‍ തന്റെ നിലപാടുകള്‍ വിശദീകരിക്കാനെന്ന പേരില്‍ ക്ഷണിച്ച് സുപ്രീം കോടതി തന്നെ അപമാനിക്കുകയാണ് ചെയ്തതെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. കോടതിയില്‍ നടന്നത് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ് ആസൂത്രണം ചെയ്തു നടപ്പിലാക്കിയ നാടകം മാത്രമാണെന്നും കട്ജു ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നു.
നവംബര്‍ 11 ന് രണ്ടുമണിക്ക് സുപ്രീം കോടതിയില്‍ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടതു പ്രകാരമാണ് താന്‍ കോടതിയിലെത്തിയത്. എന്തുകൊണ്ടാണ് ഗോവിന്ദസ്വാമിക്കു മേലുള്ള കൊലപാതകക്കുറ്റം നിലനില്‍ക്കുമെന്ന് വാദിക്കുന്നതെന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു ക്ഷണം.
ഇതനുസരിച്ച് വലിയ കേസ് പഠിച്ച് വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയാണ് കോടതിയിലെത്തിയത്. സൗമ്യ കേസ് പുനപരിശോധനയില്‍ ജസ്റ്റിസ് ഗോഗൊയ് ആത്മാര്‍ത്ഥമായി സഹായം ആഗ്രഹിക്കുന്നുണ്ടെന്നു കരുതിയാണ് കോടതിയിലെത്തിയത്. എന്നാല്‍ കോടതി നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ ഇതൊരു ആസൂത്രണം ചെയ്ത നാടകമാണെന്ന് തനിക്കു മനസിലായെന്നും കട്ജു കുറിക്കുന്നു.
” സൗമ്യ കേസ് പുനപരിശോധിക്കാനുള്ള ആത്മാര്‍ത്ഥമായ താല്‍പര്യമില്ലായിരുന്നു. അങ്ങനെ നടിക്കുക മാത്രമാണ് ചെയ്തത്. എന്നെ അവഹേളിക്കാനും എനിക്കെതിരെ കോടതിയലക്ഷ്യം ചുമത്താനുമുള്ള അവസരമാക്കുകയായിരുന്നു.” കട്ജു കുറിക്കുന്നു.
തന്റെ ആരോപണത്തിനു ബലമായി ചില കാര്യങ്ങളും കട്ജു ചൂണ്ടിക്കാട്ടുന്നുണ്ട്. വാദം തുടങ്ങും മുമ്പു തന്നെ ജസ്റ്റിസ് ഗോഗൊയ് ഇടപെട്ട് 30 മിനിറ്റ് മാത്രമേ സംസാരിക്കാവൂ എന്നാവശ്യപ്പെട്ടു. എന്നാല്‍ തനിക്കു പറയാനുള്ള വ്യക്തമാക്കാന്‍ ഒരുമണിക്കൂറെങ്കിലും ആവശ്യമുണ്ടെന്ന് പറഞ്ഞതോടെ മനസില്ലാ മനസോടെയാണ് സമയം അനുവദിച്ചത്.
“സുപ്രീംകോടതിയുടെ അപേക്ഷമാനിച്ചാണ് ഞാന്‍ കോടതിയിലെത്തിയത്. എന്റെ വാദങ്ങള്‍ തയ്യാറാക്കാന്‍ ഞാന്‍ ഒരുപാട് ദിനരാത്രങ്ങള്‍ എടുത്തിട്ടുണ്ട്. അത് അവതരിപ്പിക്കാന്‍ എനിക്കുസമയം വേണ്ടതുണ്ട്.” കട്ജു വിശദീകരിക്കുന്നു.
ജഡ്ജിമാര്‍ക്കും അബദ്ധം സംഭവിക്കാമെന്ന ലോഡ് ഡെന്നിങ്ങിന്റെ ഉദ്ധരണിയോടെയാണ് വാദം തുടങ്ങിയത്. എന്നാല്‍ ഇതു പറഞ്ഞതോടെ “ഞങ്ങള്‍ക്ക് ഇതുപോലുള്ള ലക്ചര്‍ എടുക്കേണ്ട. വേഗം കാര്യം പറഞ്ഞാല്‍ മതി” എന്നു പറഞ്ഞ് ഗോഗൊയ് ഇടപെട്ടു.
“45മിനിറ്റോളമുള്ള എന്റെ വാദത്തിനിടയില്‍ നിരവധി തവണ ഗോഗൊയ് എന്നെ അപമാനിച്ചു. “കുറച്ചു വെള്ളം കുടിക്കൂ” എന്നൊക്കെ പറഞ്ഞ് എന്നെ പരിഹസിക്കുന്നുണ്ടായിരുന്നു. ഞാന്‍ പറയുന്നത് കേള്‍ക്കുന്നുണ്ടെന്ന് നടിക്കുക മാത്രമാണ് ചെയ്തത്. കാരണം എന്റെ വാദങ്ങള്‍ക്കൊന്നും അവര്‍ ശ്രദ്ധ നല്‍കിയിരുന്നില്ല.” കട്ജു പറയുന്നു.
കോടതിയില്‍ ഇതുവരെ കൊണ്ടുവരാത്ത ഒരു മിഡില്‍ ഏജന്റായ വ്യക്തിയുടെ വാദം ആശ്രയിച്ച കോടതി ഗുരുതരമായ പിഴവാണ് ചെയ്തതെന്ന് താന്‍ പറയാന്‍ തുടങ്ങിയപ്പോള്‍ സൗമ്യ കേസുമായി ബന്ധപ്പെട്ട് എഴുതിയ മറ്റു രണ്ട് ബ്ലോഗുകളുടെയും ഈ പരാമര്‍ശത്തിന്റെയും പേരില്‍ തനിക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെടുകയാണ് ഗോഗൊയ് ചെയ്തതെന്നും കട്ജു പറയുന്നു.
“നിങ്ങള്‍ക്ക് തോന്നുന്നതൊക്കെ ചെയ്‌തോ എന്നായിരുന്നു എന്റെ മറുപടി” അദ്ദേഹം വിശദീകരിക്കുന്നു.
താന്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ പരിശോധിക്കാതെ പുനപരിശോധനാ ഹര്‍ജി തള്ളുന്നതായി പ്രഖ്യാപിക്കുകയാണ് ഗോഗൊയ് പിന്നീട് ചെയ്തതെന്നും കട്ജു പറയുന്നു.
“ഇതിനിടെ അദ്ദേഹം പോക്കറ്റില്‍ നിന്നും സൗമ്യ കേസിലെ വിധിയുമായി ബന്ധപ്പെട്ട എന്റെ ബ്ലോഗുകളുടെ പ്രിന്റ്ഔട്ട് പുറത്തെടുത്തു. ഇത് നിങ്ങളെഴുതിയതാണോ എ്‌നു ചോദിച്ചു? അതെയെന്നു ഞാന്‍ മറുപടി നല്‍കി. അപ്പോഴദ്ദേഹം എനിക്കെതിരെ കോടതിയലക്ഷ്യം പുറപ്പെടുവിക്കുകയാണെന്നു പറഞ്ഞു.” കട്ജു വിശദീകരിക്കുന്നു.
സുപ്രീം കോടതി ജഡ്ജിയായി വിരമിച്ചയാളെന്ന നിലയില്‍ തന്നെ ജസ്റ്റിസ് എന്ന് അഭിസംബോധന ചെയ്യണമെന്നാണ് ഭാരതസര്‍ക്കാറിന്റെ നോട്ടിഫിക്കേഷന്‍. എന്നാല്‍ ഈ ജഡ്ജിമാര്‍ തന്നെ മിസ്റ്റര്‍ കട്ജു എന്നാണ് അഭിസംബോധന ചെയ്‌തെന്നും കട്ജു ചൂണ്ടിക്കാട്ടുന്നു.
“ഉച്ചയ്ക്കു മുമ്പേ തന്നെ തീരുമാനിച്ച നാടകമായിരുന്നു ഇത്. അതുകൊണ്ടുതന്നെ എന്നെ ഭീഷണിപ്പെടുത്തേണ്ടെന്ന് ഞാന്‍ പറഞ്ഞു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഗോഗൊയ് “ഇയാളെ പുറത്തേക്ക് വലിച്ചുകൊണ്ടുപോകൂ” എന്ന് സെക്യൂരിറ്റി സ്റ്റാഫിനോട് ആക്രോശിച്ചു. ഇതിനുവേണ്ടി നേരത്തെ തന്നെ ചില സ്റ്റാഫുകളെ നിര്‍ത്തിയിരുന്നു. അതോടെ ഞാന്‍ പറഞ്ഞു, “നിങ്ങളുടെ അപേക്ഷ മാനിച്ചാണ് ഞാനിവിടെ വന്നത്. ഇങ്ങനെയാണോ ഒരു സുപ്രീം കോടതി മുന്‍ ജഡ്ജിയോടു പെരുമാറേണ്ടത്? ഇങ്ങനെയാണോ ഒരു സുപ്രീം കോടതി ജഡ്ജി പെരുമാറേണ്ടത്?” എന്നു ഞാന്‍ ചോദിച്ചു.” കട്ജു കുറിക്കുന്നു.