ന്യൂദല്‍ഹി: ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കാന്‍ ഉത്തരവാദി ഗാന്ധിജിയാണെന്ന് പറയുന്നത് തീര്‍ത്തും തെറ്റാണെന്ന് ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. “ഗാന്ധിജിയെക്കുറിച്ചുള്ള സത്യം” എന്ന തലക്കെട്ടിലുള്ള ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കട്ജു തന്റെ അഭിപ്രായം പങ്കുവെക്കുന്നത്.
കര്‍മ്മപരമായ ബ്രിട്ടീഷ് ഏജന്റായിരുന്നു ഗാന്ധിജി ഫ്യൂഡല്‍ മനസുള്ള വഞ്ചകനും പിന്തിരിപ്പനുമാണെന്നും അദ്ദേഹം ഇന്ത്യക്ക് ഒട്ടേറെ ദോഷങ്ങള്‍ ചെയ്തുവച്ചിട്ടുണ്ടെന്നും കട്ജു പറയുന്നു.
ചര്‍ക്ക, ഖാദി, സ്വയം പര്യാപ്ത ഗ്രാം, ട്രസ്റ്റീഷിപ്പ് തുടങ്ങിയ ഗാന്ധിജിയുടെ സാമ്പത്തിക ആശയങ്ങള്‍ തീര്‍ത്തും പിന്തിരിപ്പനും അസംബന്ധവുമാണെന്നും കട്ജു അഭിപ്രായപ്പെടുന്നു.
നമ്മുടെ യഥാര്‍ത്ഥ രാഷ്ട്രപിതാവ് മഹാനായ അക്ബര്‍ ചക്രവര്‍ത്തിയാണ് എന്നു പറഞ്ഞുകൊണ്ടാണ് കട്ജു ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഗാന്ധിജിയെക്കുറിച്ചുള്ള സത്യം
കര്‍മ്മപരമായി ബ്രിട്ടീഷ് ഏജന്റായിരുന്ന ഗാന്ധിജി ഫൂഡല്‍ മനസുള്ള വഞ്ചകനും പിന്തിരിപ്പനുമാണ്. ഇന്ത്യക്ക് വലിയ ദോഷങ്ങള്‍ ചെയ്തുവെച്ചിട്ടുമുണ്ട്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കാന്‍ ഉത്തരവാദി അദ്ദേഹമാണെന്ന് പറയുന്നത് തീര്‍ത്തും തെറ്റാണ്.
തങ്ങളുടെ ഏജന്റായ ഗാന്ധിയുടെ പ്രതിമ ബ്രിട്ടീഷുകാര്‍ ലണ്ടനിലെ ബ്രിട്ടീഷ് പാര്‍ലമെന്റിനു മുമ്പില്‍ സ്ഥാപിച്ചതില്‍ യാതൊരു അത്ഭുതവുമില്ല. എന്തുകൊണ്ട് അവര്‍ തൂക്കിലേറ്റി കൊന്ന നമ്മുടെ യഥാര്‍ത്ഥ സ്വാതന്ത്ര്യ സമരസേനാനികളായ ഭഗത് സിങ്ങ്, സൂര്യ സെന്‍, ചന്ദ്രശേഖര്‍ ആസാദ്, ബിസ്മില്‍, അഷ്ഫഖുള്ള, രാജ്ഗുരു, ഖുദിരാം ബോസ് എന്നിവരുടെ ചിത്രം അവര്‍ വെച്ചില്ല?
ചര്‍ക്ക, ഖാദി, സ്വയം പര്യാപ്ത ഗ്രാം, ട്രസ്റ്റീഷിപ്പ് തുടങ്ങിയ ഗാന്ധിജിയുടെ സാമ്പത്തിക ആശയങ്ങള്‍ തീര്‍ത്തും പിന്തിരിപ്പനും അസംബന്ധവുമാണ്. നമ്മുടെ യഥാര്‍ത്ഥ രാഷ്ട്രപിതാവ് മഹാനായ അക്ബര്‍ ചക്രവര്‍ത്തിയാണ്. ഗാന്ധിജിയല്ല.
മറ്റൊരു പോസ്റ്റിലൂടെ തന്റെ ഈ വാദങ്ങളെ അദ്ദേഹം വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.
“1915ല്‍ ഗാന്ധിജി ഇന്ത്യയിലേക്കു വരുന്ന വേളയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചില ബുദ്ധിജീവികളുടെ മാത്രം സംഘമായിരുന്നു. മതാതിഷ്ഠിത രാജ്യമാണ് ഇന്ത്യയെന്നു തിരിച്ചറിഞ്ഞ ഗാന്ധിജി ജനകീയ അടിത്തറയുണ്ടാക്കാനുള്ള ഏറ്റവും വലിയ മാര്‍ഗമായി മതത്തെ ഉപയോഗിച്ചു. 1915 മുതല്‍ 1948 ല്‍ അദ്ദേഹം മരിക്കുന്നതുവരെ ഗാന്ധിജി പ്രചരിപ്പിച്ചത് ഹിന്ദു മത ആശയങ്ങളായ രാമരാജ്യം, ഗോരക്ഷ, വര്‍ണാശ്രമം, ബ്രഹ്മചര്യം തുടങ്ങിയവയാണ്.” കട്ജു പറയുന്നു
“രാമരാജ്യത്തെക്കുറിച്ചും ഗോരക്ഷയെക്കുറിച്ചും വര്‍ണാശ്രമത്തെക്കുറിച്ചുമൊക്കെ സംസാരിക്കുന്ന ഒരു നേതാവിന്റെ പാര്‍ട്ടിക്ക് എങ്ങനെയാണ് മുസ്‌ലീങ്ങളെ ആകര്‍ഷിക്കാനാവുക.” അദ്ദേഹം ചോദിക്കുന്നു.
ഗാന്ധിജിയുടെ ഈ സമീപനമാണ് മുസ്‌ലീം ലീഗ് എന്ന പാര്‍ട്ടിയുടെ രൂപീകരണത്തിലേക്കു നയിച്ചതെന്നും കട്ജു വാദിക്കുന്നു. കൂടാതെ ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രത്തിന് നിലമൊരുക്കിയതും ഇതാണെന്ന് കട്ജു ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ നിരത്തിയാണ് ഗാന്ധിജി ബ്രിട്ടീഷ് ഏജന്റിനെപ്പോലെയാണ് പ്രവര്‍ത്തിച്ചതെന്ന വാദത്തെ കട്ജു വിശദീകരിക്കുന്നത്.