ന്യൂദല്‍ഹി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സമയം അടുത്തിരിക്കെ ബി.ജെ.പിക്കെതിരായുള്ള ജനവികാരമാണ് രാജ്യത്ത് പ്രതിഫലിക്കുന്നത് എന്ന് പറയുന്നവര്‍ക്ക് മുന്നില്‍ ചില വസ്തുതകള്‍ നിരത്തി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.
രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി തിരിച്ചടി നേരിടുമെന്ന് പറയുന്നവര്‍ക്ക് മുന്നില്‍ ജനവികാരം തങ്ങള്‍ക്കനുകൂലമാക്കാന്‍ ബി.ജെ.പിക്ക് മൂന്ന് കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ബി.ജെ.പിയുടെ പ്രധാന തന്ത്രങ്ങളായ വര്‍ഗീയ കലാപം, ഇ.വി.എം, പാക്കിസ്ഥാന നേരെയുള്ള മിന്നലാക്രമണം എന്നീ മൂന്ന് കാര്യങ്ങള്‍ നടത്തുക വഴി ജനവികാരം ബി.ജെ.പിക്ക് അനുകൂലമാക്കിയെടുക്കാവുന്നതേയുള്ളൂവെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
1. മുന്‍കൂട്ടി തയ്യാറാക്കിയ വര്‍ഗീയ കലാപം മാത്രം മതി മുഴുവന്‍ തിരക്കഥയും മാറി മറയാന്‍. അങ്ങനെ ചെയ്യുക എന്നത് അവരെ സംബന്ധിച്ച് വലിയ കാര്യമേ അല്ല. അതിന് അവര്‍ ഉപയോഗിക്കാവുന്ന ചെറിയ കാര്യങ്ങള്‍ ഇവയാണ്.
അര ഡസണ്‍ പശുക്കളെ അറക്കുകയും അവയെ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളില്‍ കൊണ്ടുപോയി ഇടുകയും ചെയ്യുക. ക്ഷേത്രച്ചുമരുകളില്‍ അല്ലാഹു അക്ബര്‍ എന്നെഴുതുകയും ചെയ്താല്‍ പിറ്റേ ദിവസം കലി കയറിയ ഒരു കൂട്ടം ആളുകളെ കാണാം. എല്ലാം അവര്‍ ചുട്ടെരിക്കും. നഗരത്തെ കത്തിക്കും. ഇതോടെ രാജ്യം ഒരു വര്‍ഗീയ കലാപത്തിന് സാക്ഷ്യം വഹിക്കും. ഒരു നഗരം മുഴുവന്‍ അവര്‍ ചുട്ടുചാമ്പലാക്കും. ചിലപ്പോള്‍ അത് അടുത്തുള്ള ഗ്രാമത്തിലേക്കും നഗരത്തിലേക്കും പടരും. ഹിന്ദു വികാരം ഉണര്‍ത്തി അവര്‍ വലിയ വര്‍ഗീയ ലഹള തന്നെ ഉണ്ടാക്കും. അത് അവര്‍ മുന്‍പും നടത്തിയിട്ടുള്ളതാണ്. ഇതിലൂടെ അവര്‍ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യും.
2. മറ്റൊന്ന് വോട്ടിങ് മെഷീന്‍ അട്ടിമറിയാണ്. ഈ പുതിയ ലോകത്തില്‍ ടെക്‌നോളജി ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ഫലം പാടെ മാറ്റി മറിക്കാം. നിങ്ങള്‍ ഏത് പാര്‍ട്ടിക്ക് വോട്ട് ചെയ്താലും അത് ഒരു പ്രത്യേക പാര്‍ട്ടിക്ക് മാത്രം ലഭിക്കുന്ന രീതിയില്‍ ക്രമീകരിക്കാം. ചിലര്‍ പറയും ഇ.വി.എം തിരിമറി നടക്കില്ലെന്ന്. എന്തുകൊണ്ട് നടക്കില്ല.കുറച്ചു വിദഗ്ദ്ധരെ സിലിക്കണ്‍ വാലിയില്‍ നിന്നും വിളിക്കൂ, എല്ലാം സാധ്യമാണ്. (അവിടെ മൊത്തം ഇന്ത്യക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതില്‍ ഭൂരിഭാഗം തീവ്ര ബി.ജെ.പി, മോദി അനുകൂലികളാണ് )
തെരഞ്ഞെടുപ്പിനു മുന്‍പ് പാക്കിസ്ഥാനെതിരെ ഒരു “മിന്നലാക്രമണം” നടത്തുന്നതിലൂടെ ഒരു തെരഞ്ഞെടുപ്പ് ഫലത്തെ തന്നെ മാറ്റിമറിക്കാന്‍ അവര്‍ക്ക് സാധിക്കും- കട്ജു ഫേസ്ബുക്കില്‍ കുറിക്കുന്നു.
രാജ്യത്ത് നടക്കുന്ന ആള്‍കൂട്ട കൊലപാതകങ്ങളും റാഫേല്‍ അഴിമതിയും കുതിച്ചുയരുന്ന ഇന്ധന വിലയും രൂപയുടെ തകര്‍ച്ചയും ബി.ജെ.പിക്കെതിരായ ജനവികാരം രാജ്യത്തുണ്ടാക്കിയെന്നും അതുവഴി അധികാരത്തില്‍ നിന്നും അവരെ പുറത്തെറിയാമെന്നും കരുതിയിരിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയായാണ് കട്ജുവിന്റെ പോസ്റ്റ് വിലയിരുത്തപ്പെടുന്നത്.