'ഇതാണോ ഹോളി'; പര്‍ദ്ദയിട്ട മുസ്‌ലിം സ്ത്രീയെ ആക്രമിച്ച യുവാക്കള്‍ക്കെതിരെ മാര്‍ക്കണ്‌ഠേയ കട്ജു, വീഡിയോ
national news
'ഇതാണോ ഹോളി'; പര്‍ദ്ദയിട്ട മുസ്‌ലിം സ്ത്രീയെ ആക്രമിച്ച യുവാക്കള്‍ക്കെതിരെ മാര്‍ക്കണ്‌ഠേയ കട്ജു, വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th March 2023, 7:02 pm

ന്യൂദല്‍ഹി: ഹോളി ആഘോഷങ്ങള്‍ക്കിടെ വഴിയാത്രക്കാരിയായ മുസ്‌ലിം സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ രൂക്ഷപ്രതികരണവുമായി മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മാര്‍ക്കണ്‌ഠേയ കട്ജു. ഹോളിയുടെ പേരില്‍ നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ അനുവദിച്ച് കൊടുക്കാനാകില്ലെന്നും ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ഇത്തരം പ്രവര്‍ത്തികള്‍ രാജ്യത്തിന് തന്നെ അപമാനമാണെന്നും ഇങ്ങനെയാണോ ഹോളി ആഘോഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കട്ജുവിന്റെ പരാമര്‍ശം.

ഹോളി ദിവസം റോഡിലൂടെ നടന്ന് പോവുന്ന മുസ്‌ലിം സ്ത്രീയെ കുട്ടികളും യുവാക്കളുമടങ്ങുന്ന സംഘം ആക്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പര്‍ദ്ദ ധരിച്ച സ്ത്രീ റോഡിലൂടെ നടന്ന് പോവുന്നതും ഒരു കുട്ടി അവരുടെ തലക്ക് വാട്ടര്‍ ബലൂണ്‍ കൊണ്ട് ശക്തിയായി എറിയുന്നതുമാണ് ദൃശ്യത്തില്‍ കാണാന്‍ കഴിയുന്നത്.

ഏറ് കൊണ്ട അവര്‍ തിരിഞ്ഞ് നോക്കാതെ വേഗം നടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും ഉടനെ മറ്റ് കുട്ടികളും അവരുടെ ദേഹത്തേക്ക് വാട്ടര്‍ ബലൂണുകള്‍ ഒന്നിന് പിറകെ ഒന്നായി വലിച്ചെറിയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

മാര്‍ച്ച് എട്ടിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ വഴിയരികിലുണ്ടായിരുന്ന മറ്റൊരാള്‍ പകര്‍ത്തുകയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയുമായിരുന്നു. ഇതിനോടകം നിരവധി പേരാണ് വീഡിയോ കണ്ടത്. കട്ജുവിന്റെ ട്വീറ്റിന് താഴെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്.

ആഘോഷത്തിന്റെ പേര് പറഞ്ഞ് സ്ത്രീകളെ അക്രമിക്കുന്നത് പതിവായെന്നും സര്‍ക്കാരിന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്ന് ശക്തമായ ഇടപെടലുണ്ടാവണമെന്നുമാണ് ആവശ്യം ഉയരുന്നത്.

ഹോളി ദിവസം ആഘോഷങ്ങളുടെ പേരില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന ആക്രമണങ്ങളുടെ നിരവധി വീഡിയോകള്‍ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഉത്തര്‍ പ്രദേശില്‍ രണ്ട് മുസ്‌ലിം സ്ത്രീകളെ ഒരു കൂട്ടം ആളുകള്‍ ആക്രമിക്കുന്ന വീഡിയോ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

കൂടാതെ ന്യൂദല്‍ഹിയിലെ പഹാര്‍ഗഞ്ച് മേഖലയില്‍ വിനോദ സഞ്ചാരത്തിനെത്തിയ ജാപ്പനീസ് യുവതിയെ ആറംഗ സംഘം ആക്രമിച്ച വാര്‍ത്തയും ഇതിനിടെ പുറത്ത് വന്നിരുന്നു. ഇതേ കേസില്‍ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.

Content Highlight: Markandeya kadju tweet on holly harrasment happend in india