| Tuesday, 27th April 2021, 4:56 pm

'മുസ്‌ലിം+മാധ്യമപ്രവര്‍ത്തകന്‍, ഇന്ന് ഇന്ത്യയിലെ ഏറ്റവും അപകടകരമായ കോമ്പിനേഷനാണ്'; സിദ്ദീഖ് കാപ്പന്റെ മോചനത്തില്‍ മാര്‍ക്കണ്ഡേയ കട്ജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.എ.പി.എ ചുമത്തി ഉത്തര്‍പ്രദേശിലെ ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ഐക്യദാര്‍ഢ്യവുമായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനും സുപ്രീം കോടതി മുന്‍ ജഡ്ജിയുമായ മാര്‍ക്കണ്ഡേയ കട്ജു.

സിദ്ദീഖ് കാപ്പന്റെ മോചനവുമായി ബന്ധപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവന പങ്കുവെച്ചുകൊണ്ടായിരുന്നു കട്ജുവിന്റെ പ്രതികരണം.

‘മുസ്‌ലീമായിരിക്കുക, ഒപ്പം മാധ്യമപ്രവര്‍ത്തകനായിരിക്കുക എന്നത് ഇന്ന് ഇന്ത്യയിലെ ഏറ്റവും അപകടകരമായ കോമ്പിനേഷന്‍ ആണ്,’ കട്ജു ട്വിറ്ററിലെഴുതി.

ഹാത്രാസ് കൂട്ടബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബര്‍ ഏഴിന് സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തുകയായിരുന്നു. മതവിദ്വേഷം വളര്‍ത്തിയെന്നാരോപിച്ചാണ് കേസ് എടുത്തിരിക്കുന്നത്.

കൊവിഡ് ബാധിച്ച കാപ്പന്‍ ഇപ്പോള്‍ ചികിത്സയിലാണ്. അദ്ദേഹത്തെ ചങ്ങലയില്‍ ബന്ധിപ്പിച്ചിരിക്കുകയാണെന്നും ഭാര്യ റൈഹാന സിദ്ദീഖ് പറഞ്ഞിരുന്നു. കാപ്പനെ മോചിപ്പിക്കാനും അദ്ദേഹത്തിന് ചികിത്സ ഉറപ്പാക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നും റൈഹാന ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ സിദ്ദിഖ് കാപ്പന് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു.

ആധുനിക ജീവന്‍ രക്ഷാ സംവിധാനങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് അദ്ദേഹത്തെ അടിയന്തരമായി മാറ്റണം. കാപ്പന് മനുഷ്യത്വപരമായ സമീപനവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുന്നതിന് ഇടപെടണമെന്നും കത്തില്‍  പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights; Markandeya Kadju On Siddique Kappan’s Release

We use cookies to give you the best possible experience. Learn more