| Wednesday, 3rd February 2021, 10:57 pm

എന്നാല്‍ പിന്നെ ജര്‍മനിയിലെ ജൂതക്കൊലകളെ വിമര്‍ശിക്കാന്‍ ജര്‍മ്മനിയ്ക്ക് പുറത്തുനിന്നുള്ളവര്‍ക്കെന്ത് കാര്യം; റിഹാനയ്ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ കട്ജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷസമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ  മുന്‍ അധ്യക്ഷനും മുന്‍ സുപ്രീംകോടതി ജഡ്ജിയുമായ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് തെറ്റെങ്കില്‍ പല ലോകരാജ്യങ്ങള്‍ക്കെതിരെയും പരസ്യമായി നടത്തുന്ന പരാമര്‍ശങ്ങളും തെറ്റാണെന്ന് കട്ജു പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇന്ത്യയിലെ കര്‍ഷകരെ പിന്തുണച്ച് പ്രശസ്ത ഗായിക റിഹാന രംഗത്തെത്തിയതിനെതിരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയമുള്‍പ്പെടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇത് ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും പുറത്തുനിന്നുള്ള ഇടപെടല്‍ വേണ്ടെന്നുമായിരുന്നു വിമര്‍ശനം. ആ യുക്തി പ്രകാരം നാസി ജര്‍മ്മനിയില്‍ നടന്ന ജൂത വേട്ടയെ ലോകരാജ്യങ്ങള്‍ എന്തിനാണ് വിമര്‍ശിച്ചത്. അത് ജര്‍മ്മനിയുടെ ആഭ്യന്തരകാര്യമല്ലെ’?, കട്ജു ചോദിച്ചു.

ആ അര്‍ത്ഥത്തില്‍ ബര്‍മ്മയ്ക്ക് (മ്യാന്‍മാര്‍) പുറത്തുനിന്നുള്ളവര്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെക്കുറിച്ച് പരാമര്‍ശിക്കാന്‍ പാടില്ലെന്നും അമേരിക്കയ്ക്ക് പുറത്തുനിന്നുള്ളവര്‍ ആ രാജ്യത്ത് നടക്കുന്ന വംശീയാതിക്രമങ്ങളെക്കുറിച്ച് മിണ്ടാന്‍ പാടില്ലെന്നും കട്ജു പറഞ്ഞു.

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെ നിരവധി പേര്‍ റിഹാനയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.

റിഹാനയ്‌ക്കെതിരെ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും രംഗത്തെത്തിയിരുന്നു. പുറത്തുനിന്നുള്ളവര്‍ വെറും കാഴ്ചക്കാരാണെന്നും രാജ്യത്തെ പ്രതിനിധികളാകാന്‍ ശ്രമിക്കരുതെന്നുമായിരുന്നു സച്ചിന്റെ വിമര്‍ശനം.

കര്‍ഷക സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് സൗകര്യം വിഛേദിച്ചതിനെതിരെയും റിഹാന രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ റിഹാനയ്ക്കെതിരെ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയതോടെ വിഷയം ആഗോളതലത്തില്‍ ചര്‍ച്ചയാകുകയായിരുന്നു.

റിഹാനയുടെ വംശം, നിറം തുടങ്ങിയവയ്‌ക്കെതിരെയാണ് ട്വിറ്ററില്‍ അധിക്ഷേപം നടന്നത് അടിമത്വത്തെ ന്യായീകരിച്ചു പോലും റിഹാനയ്‌ക്കെതിരെ ആക്രമണം നടന്നിരുന്നു. ഇവയില്‍ പലതും പ്രസിദ്ധീകരണ യോഗ്യം പോലുമല്ല.

റിഹാനയുടെ ട്വീറ്റിന് പിന്നാലെ അവരെ ആക്രമിച്ച മുന്‍പങ്കാളി ക്രിസ് ബ്രൗണ്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നു. 2009ലാണ് ക്രിസ് ബ്രൗണ്‍ റിഹാനയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചത് അന്താരാഷ്ട്രതലത്തില്‍ വാര്‍ത്തയായത്. ഈ ഗാര്‍ഹിക പീഡനങ്ങളെ ന്യായീകരിച്ചും ട്വിറ്ററില്‍ നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

‘എന്തുകൊണ്ടാണ് ഇതേപ്പറ്റി നമ്മള്‍ സംസാരിക്കാത്തത്?,’ എന്നായിരുന്നു farmersprotest എന്ന ഹാഷ്ടാഗോട് കൂടി റിഹാന ട്വീറ്റ് ചെയ്തത്.

റിഹാനയ്ക്ക് പിന്നാലെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ് തുടങ്ങിയവര്‍ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിനോടൊപ്പം തന്നെ ഇവര്‍ ഇന്റര്‍നെറ്റ് സസ്‌പെന്‍ഡ് ചെയ്തതുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

സ്റ്റോപ്പ് കില്ലിങ്ങ് ഫാര്‍മേഴ്സ് എന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിഷയത്തില്‍ പ്രതികരണവുമായി മീനാ ഹാരിസ് മുന്നോട്ട് വന്നത്.

മാര്‍ക്കണ്ഡേയ കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്ത്യയിലെ കര്‍ഷകരെ പിന്തുണയ്ക്കുന്നവെന്ന് ഗായിക റിഹാനയുടെ പ്രസ്താവന.

ഇന്ത്യയിലെ കര്‍ഷകരെ പിന്തുണച്ചതിന് ആ പ്രശസ്ത പോപ് ഗായികയ്‌ക്കെതിരെ വിദേശകാര്യ മന്ത്രാലയമടക്കമുള്ളവര്‍ വിമര്‍ശനവുമായി രംഗത്തെത്തുകയാണ്. ഇത് ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നാണ് വിമര്‍ശകരുടെ വിശദീകരണം.

അങ്ങനെയെങ്കില്‍ ജര്‍മ്മനിയില്‍ നടന്ന ജൂതക്കൂട്ടക്കൊലകളെ പുറത്തുനിന്നുള്ള ആരും അപലപിക്കാന്‍ പാടില്ലായിരുന്നു.

ആ അര്‍ത്ഥത്തില്‍ പാകിസ്താനില്‍ ക്രിസ്ത്യന്‍, അഹമ്മദീസ്, ഹിന്ദു, സിഖ്, വിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങളെ ബാഹ്യശക്തികളായ ആര്‍ക്കും വിമര്‍ശിക്കാന്‍ അവകാശമില്ല.

ആ യുക്തിയാല്‍ ഇന്ത്യയ്ക്കുള്ളില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടന്ന അതിക്രമങ്ങളെയും 1984 ല്‍ നടന്ന കൂട്ടക്കൊലയേയും പുറമേ നിന്നുള്ള ആരും അപലപിക്കാന്‍ പാടില്ല.

അതേ രീതിയില്‍ അമേരിക്കയ്ക്ക് പുറത്തുനിന്നുള്ളവര്‍ ആ രാജ്യത്തിനുള്ളില്‍ കറുത്തവംശജര്‍ക്ക് നേരെ നടക്കുന്ന വിവേചനങ്ങളെ വിമര്‍ശിക്കരുത്.

ആ അര്‍ത്ഥത്തില്‍ ചൈനയില്‍ ഉയിഗര്‍ മുസ്‌ലിങ്ങള്‍ക്ക് നേരെയുണ്ടാകുന്ന പീഡനങ്ങളെപ്പറ്റി മിണ്ടരുത്.

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വര്‍ണ്ണവിവേചനത്തിനെതിരെ ആ രാജ്യത്തിന് പുറത്തുനിന്നുള്ള ആരും ശബ്ദമുയര്‍ത്തരുത്.

ആ അര്‍ത്ഥത്തില്‍ മ്യാന്‍മാറിന് പുറത്തുനിന്നുള്ള ആരും അവിടെ റോഹിംഗ്യന്‍ ജനവിഭാഗം അനുഭവിക്കുന്ന പീഡനങ്ങളെപ്പറ്റി ശബ്ദിക്കരുത്.

കാരണം ഇതെല്ലാം ഓരോ രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളാണല്ലോ!

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Markandeya Kadju On Cyber Attack Aganist Pop Singer Rihana

We use cookies to give you the best possible experience. Learn more