കര്‍ഷക സമരത്തിന് പിന്നാലെ പ്രവാസികളില്‍ ഭൂരിപക്ഷവും ബി.ജെ.പിയെ വെറുക്കുന്നു; കൂടുതലും ഹിന്ദുക്കള്‍; ജസ്റ്റിസ് കട്ജു
national news
കര്‍ഷക സമരത്തിന് പിന്നാലെ പ്രവാസികളില്‍ ഭൂരിപക്ഷവും ബി.ജെ.പിയെ വെറുക്കുന്നു; കൂടുതലും ഹിന്ദുക്കള്‍; ജസ്റ്റിസ് കട്ജു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th February 2021, 5:40 pm

ന്യൂദല്‍ഹി: പ്രവാസികള്‍ക്ക് ഇന്ത്യയിലെ ബി.ജെ.പി സര്‍ക്കാരിനോടുള്ള പ്രിയം കുറയുന്നുവെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായിരുന്ന മാര്‍ക്കണ്ഡേയ കട്ജു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം വെളിപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് പുറത്തിറക്കിയ പശ്ചാത്തലത്തിലാണ് കട്ജുവിന്റെ പ്രതികരണം.

‘അമേരിക്കയിലെയും മറ്റ് വിദേശ രാജ്യങ്ങളിലേയും പ്രവാസികളുമായി കഴിഞ്ഞ ദിവസങ്ങളില്‍ സംസാരിച്ചിരുന്നു. കര്‍ഷക സമരം തുടങ്ങുന്നത് ആറ് മാസം മുമ്പ് വരെ ഇന്ത്യയിലെ ബി.ജെ.പി ഭരണത്തെ അന്ധമായി വിശ്വസിച്ചിരുന്നവരാണ് പ്രവാസികളില്‍ പലരും( അധികം പേരും ഹിന്ദുക്കളാണ്). എന്നാല്‍ ഇപ്പോള്‍ ആ വിശ്വാസം കാര്യമായി കുറഞ്ഞുവരികയാണെന്നാണ് പലരും എന്നോട് പറഞ്ഞത്’, കട്ജു പറഞ്ഞു.

കര്‍ഷക സമരം പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ആഗോള തലത്തിലുണ്ടായിരുന്ന പേര് തന്നെ ഇല്ലാതാക്കിയെന്നും പതിയെ ബി.ജെ.പി വിരുദ്ധ വികാരം ഭൂരിഭാഗം പ്രവാസികളിലും വ്യാപിക്കുകയാണെന്നും കട്ജു ചൂണ്ടിക്കാട്ടി.

‘ഇന്ത്യയിലെ കര്‍ഷക സമരം ശക്തമാകുന്നതിന് മുമ്പ് അമേരിക്കയിലെയും മറ്റ് പാശ്ചാത്യ ലോകങ്ങളിലേയും പ്രവാസികള്‍ ബി.ജെ.പിയെ വലിയ ആരാധനയോടെ കണ്ടിരുന്നു. എന്നാല്‍ സമരത്തിന് ശേഷം ഇതില്‍ വിള്ളലുണ്ടായി. ചിലര്‍ ബി.ജെ.പിയ്ക്ക് പിന്തുണ നല്‍കുന്നതിനെപ്പറ്റി പുനരാലോചന നടത്തുന്നു. മറ്റ് ചിലര്‍ ഇപ്പോഴും അന്ധമായി വിശ്വസിക്കുന്നു. ഗുജറാത്തില്‍ നിന്നുള്ള പ്രവാസികള്‍ ഇപ്പോഴും കടുത്ത മോദി ഭക്തരാണ്. എന്നാല്‍ ഗുജറാത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ പ്രവാസികളുടെ ചിന്താഗതിയില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഭൂരിഭാഗം പേരും നിശബ്ദരാണ്. മുമ്പ് മോദിയ്ക്കും ബി.ജെ.പിയ്ക്കും പരസ്യമായ പിന്തുണ നല്‍കിയ പ്രവാസികളില്‍ പലരും ഇപ്പോള്‍ തങ്ങളുടെ പക്ഷം ഏതാണെന്ന് പോലും വെളിപ്പെടുത്താന്‍ തയ്യാറാകുന്നില്ല. ബി.ജെ.പിയ്ക്ക് പരസ്യ പിന്തുണയും നല്‍കുന്നില്ല’, കട്ജു ഫേസ്ബുക്കിലെഴുതി.

പഞ്ചാബ്, ഹരിയാന, യു.പിയിലെ പടിഞ്ഞാറന്‍പ്രദേശങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ബി.ജെ.പിയ്‌ക്കെതിരെയുള്ള തങ്ങളുടെ എതിര്‍പ്പ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും കട്ജു ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്.
ആറ് ലക്ഷത്തില്‍ അധികം പൗരന്മാരാണ് 2015 മുതല്‍ 2019വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളുടെ പൗരത്വം സ്വീകരിച്ചത്. ചൊവ്വാഴ്ച ലോക്സഭയിലാണ് കണക്ക് പുറത്തുവിട്ടത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 1,24,99,395 ഇന്ത്യന്‍ പൗരന്മാര്‍ വിദേശരാജ്യങ്ങളില്‍ താമസിക്കുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.

2015 ല്‍ 1,41,656, 2016ല്‍ 1,44,942 , 2017 ല്‍ 1,27,905 , 2018 1,25,130 , 2019ല്‍ 1,36,441 എന്നിങ്ങനെയാണ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച പൗരന്മാരുടെ എണ്ണം എന്ന് ദ ട്രൈബൂണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

മാര്‍ക്കണ്ഡേയ കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

 

ബി.ജെ.പിയ്ക്ക് ലോകത്തുള്ള പ്രവാസികളുടെ പിന്തുണ കുറയുന്നു

 

അമേരിക്കയില്‍ താമസിക്കുന്ന പ്രവാസികളോട് ഞാന്‍ ഇന്ന് സംസാരിച്ചു. ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭം ആരംഭിക്കുന്നതിന് മുമ്പ് അമേരിക്കയിലെ ഏതാണ്ട് എല്ലാ പ്രവാസികളും (ഹിന്ദുക്കളായിരുന്നു ഇതില്‍ കൂടുതലും) ബി.ജെ.പിയെ അന്ധമായി വിശ്വസിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ ആ പിന്തുണ കുറഞ്ഞുവരികയാണ്.

ഞാന്‍ ഇത് മുമ്പും പറഞ്ഞിട്ടുണ്ട്, വീണ്ടും പറയുന്നു. ഈ കര്‍ഷക പ്രക്ഷോഭം ചരിത്രപരമാണ്. ഇന്ത്യയുടെയും ലോകത്തിന്റെയും രാഷ്ട്രീയ വിവേചനം മുഴുവന്‍ ഈ സമരം മാറ്റും. നടന്നുകൊണ്ടിരുന്ന കര്‍ഷക പ്രക്ഷോഭം മത, ജാതി വിഷയങ്ങളുയര്‍ത്തി വിഭജിച്ച ഇന്ത്യക്കാര്‍ക്കിടയില്‍ ഐക്യം കൊണ്ടുവന്നു. ഈ വിവേകം മെച്ചപ്പെട്ട ഇന്ത്യയിലേക്കുള്ള എല്ലാ പുരോഗതികളെയും തടഞ്ഞു. ( ഇന്ത്യന്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ ചരിത്രപ്രസിദ്ധി ‘, ‘ ഇന്ത്യന്‍ കര്‍ഷകര്‍ ലോകചരിത്രം സൃഷ്ടിക്കുന്നു ‘ എന്ന എന്റെ ലേഖനങ്ങള്‍ കാണുക.

ഇന്ത്യന്‍ കര്‍ഷകരെ പിന്തുണയ്ക്കുന്ന ഒരേയൊരു ജനതയെന്നു കരുതി ബി.ജെ.പി അനുഭാവികള്‍ റിഹാനയുടെയും ഗ്രെറ്റയുടെയും കോലങ്ങള്‍ കത്തിക്കുന്നു, എന്നാല്‍ ഇതാ ചില വസ്തുതകള്‍.

വൈറ്റ് ഹൗസിലെ പുതിയ ഭരണമാറ്റമാണ് ഇതിലെ പ്രധാന ചുവടുവെപ്പ്. വലതുപക്ഷസംഘടന ബന്ധമുള്ളവരെ ഭരണസ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കിയ പ്രസിഡന്റ് ജോ ബൈഡന്റ തീരുമാനം ബിജെപിയുടെ സ്വാധീനത്തെ ബാധിച്ചു. അമേരിക്കയിലും യൂറോപ്പിലും ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി എന്ന മറ്റു വലതുപക്ഷ സംഘടനകളുമായി ബന്ധപ്പെട്ട സോണല് ഷായും അമിത് ജാനിയുമടക്കമുള്ള വലതുപക്ഷക്കാരായ മുഴുവന് പേരെയും പ്രസിഡന്റ് ബൈഡന്‍ ഒഴിവാക്കിയിരുന്നു.

റിഹാനയ്ക്കും ഗ്രെറ്റ തന്‍ബെര്‍ഗിനും പുറമെ ഇന്ത്യന്‍ കര്‍ഷക പ്രക്ഷോഭത്തെ തുറന്നു പിന്തുണയ്ക്കുന്ന നൂറുകണക്കിന് സെലിബ്രിറ്റികളും ഹൈ പ്രൊഫൈല്‍ ആളുകളും ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല കര്‍ഷകര്‍ക്ക് വേണ്ടി പണം സംഭാവന ചെയ്താണ് അവര്‍ പിന്തുണ പ്രഖ്യാപിക്കുന്നത്.

ഉദാഹരണത്തിന് പിറ്റ്‌സ്ബര്‍ഗ് ടീം സ്റ്റീലര്‍സിലെ പ്രശസ്ത അമേരിക്കന്‍ ഫുട്‌ബോള്‍ താരമായ ജുജു സ്മിത്ത്-ഷുസ്റ്റര്‍ 10000 ഡോളര്‍ സംഭാവന നല്‍കി ഈ പ്രക്ഷോഭത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തു. ലോസ് ഏഞ്ചല്‍സിലെ കൈല്‍ കുസ്മ സമാനമായ പിന്തുണ നീട്ടി. ഇവര്‍ വളരെ പ്രശസ്തരായ കായിക താരങ്ങളും ലക്ഷക്കണക്കിന് ആരാധകരുമുള്ളവരാണ്.

മിയ ഖലീഫ, മീന ഹാരിസ്, അമാന്‍ഡ ചെര്‍ണി, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ക്ലൗഡിയ വെബ്ബര്‍ തുടങ്ങി നിരവധി എം.പിമാര്‍, യു.എസിലെ നിരവധി സെനറ്റര്‍മാരും ഇന്ത്യന്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി ഓരോ ദിവസവും ട്വീറ്റ് ചെയ്യുന്നു. മോദിയുടെ ആഗോള നേതാവ് എന്ന ഇമേജിനെ വളരെ പ്രതികൂലമായി ബാധിക്കുന്ന ലേഖനങ്ങള്‍ CNN, Washington Post ഉം മറ്റു പ്രധാന പ്രസിദ്ധീകരണങ്ങളും പോസ്റ്റ് ചെയ്യുന്നു.

പ്രമുഖ കോമഡി കേന്ദ്ര ഹാസ്യ നടന്‍ ട്രെവര്‍ നോഹ ഇന്നലെ രാത്രി, മുഴുവന്‍ എപ്പിസോഡും കര്‍ഷക പ്രക്ഷോഭത്തെക്കുറിച്ച് പറയുകയായിരുന്നു. അതോടൊപ്പം സമരത്തിന് വ്യക്തിപരമായി പിന്തുണയും പ്രഖ്യാപിച്ചു. ലോകമെമ്പാടും ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഓരോ ദിവസവും ഈ പിന്തുണ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്.

കര്‍ഷക പ്രക്ഷോഭം ആരംഭിക്കുന്നതിന് മുമ്പ് യു.എസ്.എയിലും പാശ്ചാത്യ ലോകത്തും ബി.ജെ.പിക്ക് ഏറെ പിന്തുണയുണ്ടായിരുന്നു ഈ പിന്തുണ ഇപ്പോള്‍ കുറയുന്നു. കുറെ പ്രവാസികള്‍ വീണ്ടും ചിന്തിച്ചു തുടങ്ങി, നേരത്തെ അന്ധരായ പിന്തുണക്കാര്‍ ആയിരുന്നു ഇവരില്‍ പലരും. പല പ്രവാസികള്‍ക്കും ഇപ്പോള്‍ ഒരു അബദ്ധം പറ്റി എന്ന് തോന്നുന്നുണ്ടെന്നാണ് ഇത് കാണിക്കുന്നത്.

മറ്റ് ചിലര്‍ ഇപ്പോഴും അന്ധമായി വിശ്വസിക്കുന്നു. ഗുജറാത്തില്‍ നിന്നുള്ള പ്രവാസികള്‍ ഇപ്പോഴും കടുത്ത മോദി ഭക്തരാണ്. എന്നാല്‍ ഗുജറാത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലെ പ്രവാസികളുടെ ചിന്താഗതിയില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. ഭൂരിഭാഗം പേരും നിശബ്ദരാണ്. മുമ്പ് മോദിയ്ക്കും ബി.ജെ.പിയ്ക്കും പരസ്യമായ പിന്തുണ നല്‍കിയ പ്രവാസികളില്‍ പലരും ഇപ്പോള്‍ തങ്ങളുടെ പക്ഷം എതാണെന്ന് പോലും വെളിപ്പെടുത്താന്‍ തയ്യാറാകുന്നില്ല. ബി.ജെ.പിയ്ക്ക് പരസ്യ പിന്തുണയും നല്‍കുന്നില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Markandeya Kadju Facebook Post