| Thursday, 10th September 2020, 1:27 pm

'ഇന്ത്യയില്‍ സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ നടക്കില്ല'; നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന സര്‍ക്കാരിന്റെ അപേക്ഷയ്‌ക്കെതിരെ കട്ജു യു.കെ കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വിവാദ വ്യവസായി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ യു.കെയിലെ കോടതിയില്‍ ഹാജരാകാന്‍ സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടക്കുന്ന വാദത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കട്ജു ഹാജരാകുക.

നീരവ് മോദിക്കെതിരായ കേസിന്റെ മെറിറ്റിലേക്ക് താന്‍ കടക്കില്ലെന്ന് വ്യക്തമാക്കിയ കട്ജു നീരവ് മോദിയെ കൈമാറണമെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ അപേക്ഷയെ പിന്തുണയക്കില്ലെന്നും അറിയിച്ചു.

നീരവ് മോദിയുമായി ബന്ധപ്പെട്ട കേസില്‍ ഇന്ത്യയില്‍ സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ ലഭിക്കാന്‍ സാധ്യതയില്ലെന്നായിരുന്നു കട്ജു പറഞ്ഞത്.

”ഇന്ത്യയില്‍ സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ” ലഭിക്കാന്‍ സാധ്യതയില്ലെന്ന കാരണത്താല്‍ തന്നെ നീരവ് മോദിയെ കൈമാറാനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ അപേക്ഷയെ ഞാന്‍ എതിര്‍ക്കും.

നീരവ് മോദിയെ ഇന്ത്യയില്‍ മാധ്യമ വിചാരണയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും അത്തരമൊരു ‘ശത്രുതാപരമായ അന്തരീക്ഷത്തില്‍’ ഇന്ത്യയില്‍ സ്വതന്ത്രവും നീതിയുക്തവുമായ വിചാരണ ലഭിക്കാന്‍ സാധ്യതയില്ലെന്നുമാണ് കേസില്‍ കട്ജു കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചിരിക്കുന്നത്.

കേന്ദ്രനിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് നീരവ് മോദിക്കെതിരെ പരസ്യപ്രസ്താവന നടത്തിക്കഴിഞ്ഞു. ഇങ്ങനെയാരു സാഹചര്യത്തില്‍ എങ്ങനെയാണ് ഇന്ത്യയിലെ കോടതികള്‍ക്ക് സ്വതന്ത്രമായി ആ കേസ് പരിഗണിക്കാന്‍ സാധിക്കുകയെന്നും കട്ജു ചോദിച്ചു. ഇന്ത്യയിലെ കോടതികള്‍ സ്വതന്ത്രമല്ലെന്നും സര്‍ക്കാരിന് വിധേയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2018 ലെ ജഡ്ജിമാരുടെ പത്രസമ്മേളനം, അയോധ്യ വിധി മുതലായവ ഇന്ത്യന്‍ കോടതികള്‍ സര്‍ക്കാരിനോട് പ്രതിജ്ഞാബദ്ധമാണെന്ന തന്റെ വാദത്തെ പിന്തുണയ്ക്കുന്നതാണെന്നും കട്ജു കോടതിക്ക് മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ടെന്നാണ് സൂചന.

സാമ്പത്തിക വളര്‍ച്ചയിലുണ്ടായ ഇടിവും മറ്റും ചൂണ്ടിക്കാട്ടി ഇന്ത്യന്‍ സര്‍ക്കാര്‍ നീരവ് മോദിയെ ഒരു ബലിയാടാക്കാന്‍ സാധ്യതയുണ്ടെന്ന് യു.കെ കോടതിയില്‍ അറിയിക്കുമെന്നും കട്ജു പ്രതികരിച്ചു.

അഴിമതി നിരോധന നിയമം, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം എന്നീ വകുപ്പുകളാണ് 13,000 കോടിയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് നീരവ് മോദിക്കെതിരെ ചുമത്തിയിരിക്കുന്നത്.

2018 ഫെബ്രുവരിയില്‍ അഴിമതി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനുശേഷമാണ് നീരവ് മോദി തന്റെ ബന്ധു മെകുല്‍ ചോക്‌സിക്കൊപ്പം മെയ് മാസത്തില്‍ ഇന്ത്യയില്‍ നിന്നും യു.കെയിലേക്ക് പോകുന്നത്.

തുടര്‍ന്ന് യു.കെയില്‍ അറസ്റ്റിലായ അദ്ദേഹത്തിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടികള്‍ യു.കെ കോടതിയില്‍ പുരോഗമിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight; Markandey Katju To Depose In UK Court Against Nirav Modi’s Extradition To India

We use cookies to give you the best possible experience. Learn more