| Friday, 14th October 2022, 6:42 pm

വോട്ട് ചെയ്യാന്‍ പോകുന്ന ജനങ്ങള്‍ ജാതിയും മതവും മാത്രമേ നോക്കുന്നുള്ളൂ; ഭാരത് ജോഡോ യാത്ര വെറും സ്റ്റണ്ട്, ഒരു മാറ്റവുമുണ്ടാക്കില്ല: മാര്‍ക്കണ്ഡേയ കഠ്ജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വെറും സ്റ്റണ്ട് മാത്രമാണെന്നും ഇത് നാട്ടില്‍ ഒരു മാറ്റവുമുണ്ടാക്കില്ലെന്നും മുന്‍ സുപ്രീംകോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കഠ്ജു.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”എന്റെ അഭിപ്രായത്തില്‍ ഭാരത് ജോഡോ യാത്ര ഒരു സ്റ്റണ്ട് മാത്രമാണ്, അതിന് ഒരു എഫക്ടുമുണ്ടാവില്ല, ഇവിടെ ഒരു മാറ്റവും വരില്ല.

നമ്മുടെ ആളുകള്‍ വലിയ തോതില്‍ മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ ധ്രുവീകരിക്കപ്പെട്ടവരാണ്. വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ അവര്‍ ജാതിയും മതവും മാത്രമേ കാണുന്നുള്ളൂ.

അതേസമയം തൊഴിലില്ലായ്മ, വിലക്കയറ്റം, ആരോഗ്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ അപ്രസക്തമായിരിക്കുകയാണ്,” മാര്‍ക്കണ്ഡേയ കഠ്ജു പറഞ്ഞു.

തമിഴ്‌നാട്ടിലെ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നീണ്ടുനില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര 3570 കിലോമീറ്റര്‍ ദൂരമാണ് കവര്‍ ചെയ്യുക. നിലവില്‍ കര്‍ണാടകയിലൂടെയാണ് യാത്ര കടന്നുപോകുന്നത്.

സെപ്റ്റംബര്‍ ഏഴിനാരംഭിച്ച, 150 ദിവസം നീണ്ടുനില്‍ക്കുന്ന യാത്ര 15 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

Content Highlight: Markandey Katju says Rahul Gandhi’s Bharat Jodo Yatra is only a stunt and won’t have any effect

We use cookies to give you the best possible experience. Learn more