ന്യൂദല്‍ഹി: ഇന്ത്യയില്‍ ലൗ ജിഹാദുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ മിശ്രവിവാഹവുമായി ബന്ധപ്പെട്ട് തനിക്ക് മുന്നില്‍ വന്ന കേസുകളെക്കുറിച്ച് തുറന്നു പറഞ്ഞ് മാര്‍ക്കണ്ഡേയ കഠ്ജു.
മിശ്ര വിവാഹവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഉണ്ടായ അനുഭവങ്ങളെക്കുറിച്ചും നിയമപരമായി അത്തരം കേസുകളില്‍ എങ്ങിനെയാണ് വിധി പറഞ്ഞതെന്നും വ്യക്തമാക്കികൊണ്ടായിരുന്നു മുന്‍ സുപ്രീം കോടതി ജഡജു കൂടിയായ കഠ്ജു ലേഖനമെഴുതിയത്.
”അലഹബാദ് ഹൈക്കോടതിയില്‍ ജഡ്ജായിരുന്ന സമയം മുതല്‍ മിശ്രവിവാഹവുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ എനിക്ക് മുന്നില്‍ വന്നിരുന്നു.
ഇതില്‍ ഭൂരിഭാഗം കേസുകളും ഒരു ഹിന്ദു മതത്തില്‍പ്പെട്ട പെണ്‍കുട്ടി മുസ്‌ലിം യുവാവിനെ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു. കൂടുതല്‍ കേസുകളിലും പെണ്‍കുട്ടി മുസ്‌ലിം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുമുണ്ടായിരുന്നു.
ഇത്തരം സന്ദര്‍ഭങ്ങളില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാറുണ്ട്. പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി എന്ന പേരില്‍ പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്യും. ഇത്തരം കേസുകളിലെല്ലാം നിയമപ്രകാരമുള്ള നടപടിക്രമങ്ങളാണ് ഞാന്‍ പാലിച്ചിരുന്നത്. അവ ഇതാണ്.
പെണ്‍കുട്ടിയേയും, യുവാവിനെയും കോടതിയില്‍ വിളിപ്പിക്കും. പെണ്‍കുട്ടിക്ക് വയസ് എത്രയായെന്ന് പരിശോധിക്കും. പതിനെട്ട് വയസിന് മുകളില്‍ പ്രായമുണ്ട് പെണ്‍കുട്ടിക്കെങ്കില്‍ അവള്‍ ഒരു മൈനര്‍ അല്ല. അപ്പോള്‍ അവളിഷ്ടപ്പെടുന്ന ആളെ വിവാഹം കഴിക്കാനുള്ള നിയമപരമായ അവകാശം ആ പെണ്‍കുട്ടിക്ക് ഉണ്ട്. പെണ്‍കുട്ടിയുടെ ആഗ്രഹവും പ്രധാനമാണ്.
വയസ്, പെണ്‍കുട്ടിയുടെ ആഗ്രഹം തുടങ്ങിയ കാര്യങ്ങളില്‍ തൃപ്തനാണെങ്കില്‍ ഞാന്‍ എഫ്.ഐ.ആര്‍ റദ്ദ് ചെയ്യിപ്പിക്കും. അവരെ സ്വതന്ത്രരാക്കുകയും ചെയ്യും. ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് പൊലീസ് സംരക്ഷണവും നല്‍കും,” പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെങ്കില്‍ രക്ഷിതാക്കളുടെ കൂടെ വിട്ട സംഭവങ്ങളുമുണ്ടെന്ന് കഠ്ജു പറഞ്ഞു.