അന്വേഷണം നടത്തേണ്ടത് സംശയത്തിന്റെ അടിസ്ഥാനത്തിലാണ്, തെളിവിന്റെ അടിസ്ഥാനത്തിലല്ല: തെളിവില്ലെന്ന് പറഞ്ഞ് മോദിക്കെതിരായ ഹര്‍ജി തള്ളിയ സുപ്രീം കോടതി വിധിക്കെതിരെ കട്ജു
Daily News
അന്വേഷണം നടത്തേണ്ടത് സംശയത്തിന്റെ അടിസ്ഥാനത്തിലാണ്, തെളിവിന്റെ അടിസ്ഥാനത്തിലല്ല: തെളിവില്ലെന്ന് പറഞ്ഞ് മോദിക്കെതിരായ ഹര്‍ജി തള്ളിയ സുപ്രീം കോടതി വിധിക്കെതിരെ കട്ജു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th January 2017, 10:30 am

അന്വേഷണം നടത്തേണ്ടത് സംശയത്തിന്റെ അടിസ്ഥാനത്തിലാണെന്നും അന്വേഷണത്തിന് ഉത്തരവിടാന്‍ കൃത്യമായ തെളിവിന്റെ ആവശ്യമില്ലെന്നും കട്ജു ചൂണ്ടിക്കാട്ടുന്നു.


ന്യൂദല്‍ഹി: സഹാറ-ബിര്‍ള ഡയറി കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്ന സുപ്രീം കോടതി വിധിക്കെതിരെ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. തുണ്ടു കടലാസുകളെ തെളിവായി സ്വീകരിക്കാനാകില്ലെന്ന് പറഞ്ഞ് ഹര്‍ജി തള്ളിയ സുപ്രീം കോടതി നടപടിയെ വിമര്‍ശിച്ചാണ് കട്ജു രംഗത്തെത്തിയത്.

അന്വേഷണം നടത്തേണ്ടത് സംശയത്തിന്റെ അടിസ്ഥാനത്തിലാണെന്നും അന്വേഷണത്തിന് ഉത്തരവിടാന്‍ കൃത്യമായ തെളിവിന്റെ ആവശ്യമില്ലെന്നും കട്ജു ചൂണ്ടിക്കാട്ടുന്നു. പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നു എന്ന് തോന്നിയാല്‍ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്യും. അതിനുശേഷമാണ് സംശയലേശമന്യേ കുറ്റം തെളിയിക്കേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നു.

കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

“സഹാറ ബിര്‍ള ഡയറീസ് കേസില്‍ സുപ്രീം കോടതി വിധിയോട് ഞാന്‍ വിയോജിക്കുന്നു. അന്വേഷണം നടത്തേണ്ടത് സംശയത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ തെളിവിന്റെയല്ല. അന്വേഷണത്തിനുശേഷം പ്രഥമദൃഷ്ട്യാ കുറ്റം നടന്നു എന്നു തോന്നുകയാണെങ്കില്‍ കുറ്റപത്രം ഫയല്‍ ചെയ്യും. അതിനുശേഷം വിചാരണ നടത്തുകയും കുറ്റം സംശയലേശമന്യേ തെളിയിക്കുകയും ചെയ്യും. പിന്നീടാണ് പ്രതിയായി പ്രഖ്യാപിക്കുന്നതും ശിക്ഷവിധിക്കുന്നതും.


Must Read:അലന്‍സിയറിന് പിന്തുണയറിയിച്ച ചാക്കോച്ചന്‍ സംഘി ആക്രമണത്തെ തുടര്‍ന്ന് പോസ്റ്റ് മുക്കി: പോസ്റ്റ് മയപ്പെടുത്തി തിരിച്ചെത്തിയപ്പോള്‍ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ


അതുകൊണ്ടുതന്നെ അന്വേഷണത്തിന് ഉത്തരവിടാന്‍ കൃത്യമായ തെളിവ് ആവശ്യമില്ല. ഡയറിയെഴുതിയയാളെ സംബന്ധിച്ചും ഇമെയില്‍ അയച്ചയാളെ സംബന്ധിച്ചും അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു കോടതി ചെയ്യേണ്ടിയിരുന്നത്.”

സഹാറ-ബിര്‍ള കമ്പനികളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍പിടിച്ചെടുത്ത ഡയറികളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി കഴിഞ്ഞദിവസം തള്ളിയത്.

നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 65 കോടി അദ്ദേഹത്തിന് നല്‍കിയെന്നാണ് സഹാറയുടെയും ബിര്‍ളയുടെയും ഡയറികളില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ തുണ്ട് കടലാസുകളെ തെളിവുകളായി കണക്കാക്കി പ്രധാനമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാനാകില്ലെന്ന് പറഞ്ഞ് കോടതി ഇതു തള്ളുകയായിരുന്നു. ഈ നടപടിയെ കാര്യകാരണ സഹിതം വിമര്‍ശിച്ചാണ് കട്ജു രംഗത്തുവന്നിരിക്കുന്നത്.