[] ന്യൂദല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനെതിരെ മുന്‍ ജസ്റ്റിസും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കഠ്ജു. ആരോപണ വിധേയനായ ജസ്റ്റിസ് ദിനകരനെ സുപീംകോടതി ജഡ്ജിയായി ഉയര്‍ത്താന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ ശ്രമിച്ചുവെന്നാണ് കഠ്ജുവിന്റെ വെളിപ്പെടുത്തല്‍.
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ ടി.ഡി.ദിനകരന് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം നല്‍കരുതെന്നും അദ്ദേഹം ആരോപണവിധേയനായ വ്യക്തിയാണെന്നും ജസ്റ്റിസ് കപാഡിയ അടങ്ങിയ കൊളീജിയത്തോട് താന്‍ ശുപാര്‍ശ ചെയ്തിരുന്നുവെന്നും കഠ്ജു പറഞ്ഞു.
എന്നാല്‍ അന്ന് ചീഫ് ജസ്റ്റിസായിരുന്ന കെ.ജി.ബാലകൃഷ്ണന്റെ പ്രത്യേക താല്‍പര്യപ്രകാരം ദിനകരന്‍ സുപ്രീം കോടതിയില്‍ ജസ്റ്റിസാവുകയായിരുന്നു.
രാജ്യത്തെ കോടതിയലക്ഷ്യ സംവിധാനത്തില്‍ ഭേദഗതി വരുത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ബ്ലോഗിലൂടെയാണ് കഠ്ജു കെ.ജി. ബാലകൃഷ്ണനെതിരെ ആരോപണം ഉന്നയിച്ചത്.
അഴിമതി കണ്ടെത്തിയിട്ടും യുപിഎ സര്‍ക്കാരിന്റെ കടുത്ത സമര്‍ദ്ദം മൂലം മദ്രാസ് ഹൈക്കോടതി ജഡ്ജിയ്ക്ക് ആര്‍.സി ലഹോട്ടി കാലാവധി നീട്ടി നല്‍കിയിരുന്നതായുള്ള കഠ്ജുവിന്റെ വെളിപ്പെടുത്തലുകള്‍ വിവാദമായിരുന്നു.