ന്യൂദല്‍ഹി: ബി.ജെ.പിയുടെ വര്‍ഗീയ ധ്രുവീകരണത്തെക്കുറിച്ച് പറയുമ്പോള്‍ കയ്യടിക്കുകയും മുസ്‌ലിം സമുദായത്തിലെ അപചയങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ നേരത്തെ കയ്യടിച്ചവര്‍ തന്നെ അവഹേളിക്കുകയും ചെയ്യുന്നു എന്ന് മുന്‍ സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജു.
ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മതേതരത്വം എപ്പോഴും ഒരു ടു വേ ട്രാഫിക് ആയിരിക്കണം എന്ന് തുടങ്ങിയാണ് അദ്ദേഹം പോസ്റ്റ് ആരംഭിക്കുന്നത്.
ബി.ജെ.പി സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണം നടത്തുന്നതിനെ എതിര്‍ത്തപ്പോഴും, പശുവിനെ മാതാവായി കാണുന്ന ഹിന്ദുക്കളെ വിഡ്ഢികളെന്ന് വിളിച്ചപ്പോഴും, രാമക്ഷേത്ര നിര്‍മാണം സമൂഹത്തിലെ യഥാര്‍ത്ഥ പ്രശ്നങ്ങളായ തൊഴിലില്ലായ്മയും പട്ടിണിയും ചര്‍ച്ച ചെയ്യാതിരിക്കാനുള്ള ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രമാണെന്ന് അഭിപ്രായപ്പെട്ടപ്പോഴും മുസ്ലിങ്ങള്‍ തന്നെ വാനോളം പ്രശംസിച്ചതായി അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
എന്നാല്‍ മുസ്‌ലിം സമുദായത്തിലെ അപചയങ്ങളായ ശരീഅത്ത് നിയമത്തെക്കുറിച്ചും ബുര്‍ഖ ധരിക്കുന്നതിനെക്കുറിച്ചും വിമര്‍ശനമുന്നയിച്ചപ്പോള്‍ അവര്‍ തന്നെ അധിക്ഷേപിക്കുകയായിരുന്നു എന്ന് കട്ജു പറയുന്നു.