മലപ്പുറം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് ദൗര്‍ലഭ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. പ്രശ്‌നം പരിഹരിക്കാനാകുന്നില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകണമെന്നും സര്‍ക്കാരിനെതിരെ നടപടികളുമായി മുന്നോട്ടുപോകുമെന്നും മുന്‍ സുപ്രീം കോടതി ജഡ്ജി പറഞ്ഞു. ഫേസ്ബുക്കിലൂടെ അദ്ദേഹം കത്ത് പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.
ഈ കുറ്റകൃത്യത്തിന് മുഖ്യമന്ത്രിയും സര്‍ക്കാരും നേരിട്ട് ഉത്തരവാദികളാണെന്നും കട്ജു വിമര്‍ശിച്ചു. സര്‍ക്കാരിന്റെ ഭാഗമായവര്‍ എല്ലാവരും ഒരുപാട് സംസാരിക്കുന്നവരാണ്. പക്ഷേ കുറച്ച് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ബോധ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മലപ്പുറം സന്ദര്‍ശിച്ചപ്പോള്‍ പത്താം ക്ലാസില്‍ 90 ശതമാനം മാര്‍ക്ക് ലഭിച്ചിട്ടും ഉന്നത വിദ്യാഭ്യാസത്തിനായി സീറ്റ് ലഭിക്കാത്ത നിരവധി കുട്ടികള്‍ ഉണ്ടെന്ന് മനസിലായി. ഈ ചെറുപ്പക്കാരുടെ ജീവിതം നശിപ്പിക്കുന്നതിനെ വലിയ കുറ്റമായാണ് ഞാന്‍ കാണുന്നത്.
പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാരിലെ വിവിധ നേതാക്കളെയും എം.എല്‍.എമാരെയും ബന്ധപ്പെട്ടിട്ടും പരാതികളെല്ലാം ബധിര കര്‍ണങ്ങളിലാണ് പതിച്ചത്. കേരള നിയമസഭാ സ്പീക്കര്‍ ഷംസീറിനോടും മറ്റൊരു മുസ്‌ലിം ലീഗ് എം.എല്‍.എയോടും ഞാന്‍ ഈ പ്രശ്‌നം സൂചിപ്പിച്ചു.
സീറ്റ് പ്രശ്‌നം വേഗത്തില്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയാണ്. അല്ലെങ്കില്‍ ഓഫീസ് വിടുക. ഈ കത്തിന് ശരിയായ പ്രതികരണം ഉടന്‍ ലഭിച്ചില്ലെങ്കില്‍ സര്‍ക്കാരിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നടപടികള്‍ സ്വീകരിക്കുമെന്നും ജസ്റ്റിസ് കട്ജു മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസം മലപ്പുറത്തെ ഒരു പൊതുപരിപാടിയില്‍ വെച്ച്, മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കട്ജു രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. സ്പീക്കര്‍ എ.എന്‍. ഷംസീറിനെ വേദിയിലിരുത്തിയായിരുന്നു പ്രസംഗം.
സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ കഴിയാത്തവര്‍ രാജിവെച്ച് വീട്ടില്‍ പോകണമെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ പ്രചാരണവുമായി ഇറങ്ങുമെന്നും സ്പീക്കറോട് കട്ജു പറഞ്ഞിരുന്നു. കുട്ടികളുടെ ജീവിതം വെച്ചാണ് കളിക്കുന്നതെന്നും എന്നിട്ടും നിങ്ങള്‍ സ്പീക്കറായും മുഖ്യമന്ത്രിയായും ഇരിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.
മലബാറിലെ ജില്ലകളില്‍ മാത്രം 43,000ത്തോളം കുട്ടികള്‍ മൂന്നാംഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞപ്പോള്‍ പുറത്തുനില്‍ക്കുകയാണ്. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് കൂടുതല്‍ കുട്ടികള്‍ പുറത്തുള്ളത്. ജൂലൈ അഞ്ചിന് തന്നെ ക്ലാസുകള്‍ തുടങ്ങിയിരുന്നു. എന്നിട്ടും മികച്ച വിജയം നേടിയ കുട്ടികള്‍ അടക്കം മലബാറില്‍ പ്രവേശനം ലഭിക്കാതെ പുറത്തുനില്‍ക്കുകയാണ്.