World News
മാര്‍ക്ക് സുക്കര്‍ബര്‍ഗിന് നഷ്ടം 700 കോടി ഡോളര്‍; ഫേസ്ബുക്കില്‍ ഓഹരി ഇടിവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 05, 06:45 am
Tuesday, 5th October 2021, 12:15 pm

കാലിഫോര്‍ണിയ: സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ് എന്നിവയുടെ പ്രവര്‍ത്തനം നിലച്ചതില്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് നഷ്ടം ഏകദേശം ഏഴ് ബില്യണ്‍ (700 കോടി) യു.എസ് ഡോളര്‍. കഴിഞ്ഞ ദിവസം രാത്രി ലോകവ്യാപകമായി ആപ്പുകളുടെ പ്രവര്‍ത്തനം കുറച്ച് മണിക്കൂറത്തേക്ക് നിലച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് സി.ഇ.ഒക്ക് വന്‍ നഷ്ടം സംഭവിച്ചത്. ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന സുക്കര്‍ബര്‍ഗ് അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നു. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനും താഴെയാണ് ഇപ്പോള്‍ പട്ടികയില്‍ സുക്കര്‍ബര്‍ഗിന്റെ സ്ഥാനം

121.6 ബില്യണ്‍ ഡോളറായാണ് സുക്കര്‍ബര്‍ഗിന്റെ സമ്പാദ്യം ഇടിഞ്ഞത്. ഫേസ്ബുക്ക് ഓഹരികളില്‍ 4.9 ശതമാനം ഇടിവും ഇന്നലെ രേഖപ്പെടുത്തി. സെപ്റ്റംബര്‍ പകുതിക്ക് ശേഷം ഫേസ്ബുക്ക് ഓഹരികളില്‍ മൊത്തം 15 ശതമാനത്തിന്റെ താഴ്ചയാണ് ഉണ്ടായത്.

നിരവധി കമ്പനികള്‍ ഫേസ്ബുക്കിന് പരസ്യം നല്‍കുന്നതില്‍ നിന്നും പിന്‍വാങ്ങി.

ഇലോണ്‍ മസ്‌ക്, ജെഫ് ബെസോസ്, ബെര്‍നാഡ് ആര്‍നോള്‍ട്, ബില്‍ ഗേറ്റ്‌സ്, മാര്‍ക്ക് സുക്കര്‍ബര്‍ഗ് എന്നിവരാണ് ഇപ്പോള്‍ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍.

410 മില്യണ്‍ പേരാണ് ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. 530 മില്യണ്‍ പേര്‍ വാട്സാപ്പും 210 മില്യണ്‍ പേര്‍ ഇന്‍സ്റ്റഗ്രാമും ഇന്ത്യയില്‍ ഉപയോഗിക്കുന്നുണ്ട്.

തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയുടെ സേവനം നിലച്ചത്. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചിരുന്നെങ്കിലും ആറ് മണിക്കൂറോളം കഴിഞ്ഞാണ് പുനസ്ഥാപിക്കപ്പെട്ടത്.

തടസത്തിന്റെ കാരണം ഫേസ്ബുക്ക് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Mark Zuckerberg’s personal wealth has fallen by more than $6 billion