ന്യൂദല്‍ഹി: കാംബ്രിഡ്ജ് അനലറ്റിക ഡാറ്റ ഉപയോഗിച്ചതിന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ്. ഭാവിയില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഡാറ്റ ഉപയോഗിക്കില്ലെന്ന് ധാര്‍മികമായി വാക്ക് നല്‍കാനും അദ്ദേഹം ട്വിറ്ററില്‍ ആവശ്യപ്പെട്ടു.
“തെരഞ്ഞെടുപ്പ് തിരിമറിയില്‍ കേംബ്രിഡ്ജ് അനലറ്റിക്കയുടെ പങ്ക് വ്യക്തമായിരിക്കുകയാണ്. ഫേസ്ബുക്ക് അത്തരം സംഭവങ്ങള്‍ ഉണ്ടാവില്ലെന്നും ഇന്ത്യന്‍ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത സൂക്ഷിക്കാമെന്നും വാക്ക് തന്നു. രാഹുല്‍ ഗാന്ധിയും മാപ്പ് പറയുകയും ഭാവിയില്‍ തെരഞ്ഞെടുപ്പില്‍ തിരിമറി കാണിക്കില്ലെന്ന് ഉറപ്പ് നല്‍കുകയും വേണം.” – രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു.
ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ യു.എസ് സെനറ്റിന് മുന്നില്‍ ഹാജരാകവേ ഇന്ത്യന്‍ തെരഞ്ഞെടുപ്പിനെ സക്കര്‍ബര്‍ഗ് പരാമര്‍ശിച്ചിരുന്നു.
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സുരക്ഷിതമായി നടക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് സെനറ്റില്‍ പറഞ്ഞത്.
“2018 ലോകത്തിന് തന്നെ പ്രധാനപ്പെട്ട ഒരു വര്‍ഷമാണ്. ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പടെ പലരാജ്യങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ആ തെരഞ്ഞെടുപ്പുകള്‍ സുരക്ഷിതമായി നടക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.” മാര്‍ക്ക് വ്യക്തമാക്കി.
ഫേസ്ബുക്കില്‍ നിന്ന് ചോര്‍ത്തിയ വിവരങ്ങള്‍ ഇന്ത്യയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചെന്ന് കേംബ്രിഡ്ജ് അനലറ്റിക്ക മുന്‍ ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വൈലി വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് കേംബ്രിഡ്ജ് അനലറ്റിക്കയുടെ ഉപഭോക്താവായിരുന്നെന്ന ക്രിസ്റ്റഫര്‍ വൈലിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് രാജ്യത്ത് വന്‍ വിവാദങ്ങളുണ്ടായിരിക്കെയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പരാമര്‍ശം.