| Tuesday, 9th February 2016, 1:07 pm

ഇന്റര്‍നെറ്റ് സമത്വം: ട്രായ് തീരുമാനത്തില്‍ സൂക്കര്‍ബര്‍ഗിന് നിരാശ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാലിഫോര്‍ണിയ: ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സമത്വം ഉറപ്പുവരുത്തുമെന്ന ട്രായ് യുടെ തീരുമാനത്തില്‍ ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സൂക്കര്‍ബര്‍ഗിന് നിരാശ. ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് നടപ്പാക്കുകയാണ് ലക്ഷ്യമെന്നും ഇതുവഴി എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭിക്കുമെന്നും സൂക്കര്‍ബര്‍ഗ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ നൂറുകോടി ജനങ്ങള്‍ക്ക് നെറ്റ് ലഭിക്കുന്നില്ലെന്നും ട്രായ് തീരുമാനം എല്ലാവര്‍ക്കും സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതിക്കു വിരുദ്ധമാണെന്നും സൂക്കര്‍ബര്‍ഗ് പോസ്റ്റില്‍ പറയുന്നു. ഫ്രീ ബേസിക്‌സിനു മാത്രമല്ല, സൗജന്യമായി സേവനങ്ങള്‍ ലഭ്യമാക്കാനുള്ള മറ്റു പല പദ്ധതികള്‍ക്കും ട്രായ് തീരുമാനം തടസ്സമായെന്നും സൂക്കര്‍ബര്‍ഗ് നിരാശ പ്രകടിപ്പിക്കുന്നു.

കണക്ടിങ്ങ് ഇന്ത്യ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും എല്ലാവര്‍ക്കും നെറ്റ് ലഭ്യമാക്കുക എന്നതു തന്നെയാണ് ലക്ഷ്യമെന്നും സൂക്കര്‍ ബര്‍ഗ് പോസ്റ്റില്‍ വ്യക്തമാക്കുന്നു.

ഫ്രീ ബേസിക്‌സ് കാമ്പയിന്റെ പരസ്യത്തിനു വേണ്ടി ഇന്ത്യയില്‍ മാത്രം ഫെയ്‌സ്ബുക്ക് ചിലവഴിച്ചത് 300കോടി രൂപയാണ്. എല്ലാ ആളുകള്‍ക്കും ലഭ്യമാവത്തക്ക രീതിയിലും, ഡാറ്റയ്ക് പണമടക്കാന്‍ കഴിയാത്തവര്‍ക്കും കൂടി പ്രയോജനപ്പെടുന്ന രീതിയിലും സൗജന്യ ഇന്റര്‍നെറ്റ് ലഭ്യതയ്ക്ക്  വേണ്ടിയാണ് ഫ്രീ ബേസിക്‌സ് ആവിഷ്‌കരിക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് സി.ഇ.ഒ സൂക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു. എന്നാല്‍ പരസ്യ പ്രചരണത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള അവകാശവാദങ്ങളാണെന്നും അത് വിശ്വസനീയമല്ലെന്നുമുള്ള രീതിയില്‍ അഡ്വര്‍ടൈസിങ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് ഉപഭോക്താക്കളുടെ ധാരാളം പരാതികള്‍ ലഭിച്ചിട്ടുണ്ടായിരുന്നു. പദ്ധതിക്കെതിരെ ടെലികോം അതോറിറ്റിക്കും ഒരുപാട് പരാതികള്‍ ലഭിച്ചിരുന്നു.

ഇന്ത്യയിലെ നെറ്റ് ഉപഭോക്താക്കള്‍ക്കിടയില്‍  ഫ്രീ ബേസിക്‌സിനു എതിരെ കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ ഫലമായാണ് ട്രായ് നെറ്റ് സമത്വം ഉറപ്പാക്കണമെന്നും ഇന്റര്‍നെറ്റിലൂടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിലും നിരക്കില്‍ തുല്ല്യത പാലിക്കുന്നതിലും വിവേചനം പാടില്ലെന്നുമുള്ള തീരുമാനത്തിലെത്തിയത്.

Latest Stories

We use cookies to give you the best possible experience. Learn more