ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സൂപ്പര്‍ താരം മാര്‍ക്ക് വുഡിന് ഐ.പി.എല്ലിന്റെ അവസാന മത്സരങ്ങള്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം തന്റെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് താരം നാട്ടിലേക്ക് മടങ്ങുന്നതിനാലാണ് ഐ.പി.എല്ലിലെ മത്സരങ്ങള്‍ നഷ്ടപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
‘മാര്‍ക് വുഡും ഭാര്യ സാറക്കും മെയ് മാസം അവസാനത്തിലേക്ക് കുഞ്ഞ് പിറക്കുമെന്നാണ് കരുതുന്നത്. കുഞ്ഞിന്റെ ജനന സമയത്ത് ഒപ്പമുണ്ടാകണമെന്നതിനാല്‍ മാര്‍ക് വുഡ് നാട്ടിലേക്ക് മടങ്ങും,’ ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.
മെയ് അവസാനങ്ങളിലേക്കാണ് ഐ.പി.എല്ലിന്റെ നോക്ക് ഔട്ട് ഘട്ട മത്സരങ്ങളും ഫൈനല്‍ മത്സരങ്ങളും ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.
നിലവില്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ലഖ്‌നൗ പ്ലേ ഓഫ് കളിക്കാന്‍ സാധ്യതകളേറെയാണ്. നിലവില്‍ ഏഴ് മത്സരത്തില്‍ നിന്നും നാല് വിജയവുമായി എട്ട് പോയിന്റാണ് ലഖ്‌നൗവിനുള്ളത്.
അതേസമയം, കെ.എല്‍. രാഹുലിന്റെ മെല്ലെപ്പോക്കില്‍ ലഖ്‌നൗ വിജയങ്ങള്‍ക്കായി തപ്പിത്തടയുമ്പോഴും വ്യക്തിഗത പ്രകടനങ്ങളില്‍ മാര്‍ക് വുഡ് ടീമിനോട് നീതിപുലര്‍ത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ലഖ്‌നൗവിനായി നാല് മത്സരം കളിച്ച താരം 11 വിക്കറ്റാണ് വീഴ്ത്തിയത്. ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ സീസണിലെ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിക്കൊണ്ടാണ് മാര്‍ക് വുഡ് കരുത്ത് കാട്ടിയത്. ഈ സീസണില്‍ ഫൈഫര്‍ സ്വന്തമാക്കിയ ഏകതാരവും വുഡ് തന്നെയാണ്. മത്സരത്തില്‍ 14 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് സീസണിലെ മികച്ച പ്രകടനം.
മാര്‍ക് വുഡിന് പുറമെ പുറമെ ബെന്‍ സ്റ്റോക്‌സ് അടക്കമുള്ള ഇംഗ്ലീഷ് താരങ്ങള്‍ക്കും ടൂര്‍ണമെന്റിന്റെ അവസാന ഘട്ട മത്സരങ്ങള്‍ നഷ്ടപ്പെട്ടേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐ.പി.എല്‍ ഫൈനലിന് നാല് ദിവസം മുമ്പ് അയര്‍ലന്‍ഡിനെതിരായ നടക്കുന്ന ഒറ്റ മത്സരത്തിന്റെ ടെസ്റ്റിനാണ് താരങ്ങള്‍ ടൂര്‍ണമെന്റില്‍ നിന്നും മാറി നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.