| Friday, 7th July 2023, 7:59 pm

ടെസ്റ്റില്‍ സ്‌ട്രൈക്ക് റേറ്റ് മൂന്നൂറോ 😲😲; എജ്ജാദി കാമിയോ, ഇവന്‍ ഇത് എന്ത് ഭാവിച്ചാണ്?

സ്പോര്‍ട്സ് ഡെസ്‌ക്

ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആദ്യ ഇന്നിങ്‌സ് ലീഡ് നേടി ഓസ്‌ട്രേലിയ. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 237 റണ്‍സിന് പുറത്താക്കിയതോടെയാണ് ഓസീസിന് 26 റണ്‍സിന്റെ ലീഡ് ലഭിച്ചത്.

ഓസീസിനെന്ന പോലെ ഇംഗ്ലണ്ടിനും ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. ടീമിന്റെ പ്രതീക്ഷയായ പല താരങ്ങള്‍ക്കും തങ്ങളുടെ പേരിനോ മുന്‍ കാല പ്രകടനങ്ങള്‍ക്കൊത്തോ ഉയരാന്‍ സാധിക്കാതെ വന്നതോടെയാണ് ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സ് ലീഡ് വഴങ്ങിയത്.

എന്നാല്‍, ലോര്‍ഡ്‌സിലേതെന്ന പോലെ ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സിന്റെ ഇന്നിങ്‌സ് ത്രീ ലയണ്‍സിന് തുണയായി. 108 പന്തില്‍ നിന്നും ആറ് ബൗണ്ടറിയും അഞ്ച് സിക്‌സറും ഉള്‍പ്പെടെ 80 റണ്‍സ് നേടിയാണ് താരം പുറത്തായത്.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക് ചെയ്യുക

സ്റ്റോക്‌സിന്റെ ഇന്നിങ്‌സിനൊപ്പം തന്നെ പേസര്‍ മാര്‍ക് വുഡിന്റെ പ്രകടനവും കയ്യടി നേടുന്നുണ്ട്. വെറും എട്ട് പന്തില്‍ നിന്നും മൂന്ന് സിക്‌സറും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 24 റണ്‍സാണ് താരം നേടിയത്. സ്‌ട്രൈക്ക് റേറ്റാകട്ടെ 300ഉം.

നേരത്തെ, ബൗളിങ്ങിലും മാര്‍ക് വുഡ് തരംഗമായിരുന്നു. അപകടകാരിയായ ഉസ്മാന്‍ ഖവാജയും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സുമടക്കം അഞ്ച് പേരെയാണ് വുഡ് മടക്കിയത്.

ഉസ്മാന്‍ ഖവാജയെ ക്ലീന്‍ ബൗള്‍ഡാക്കി മടക്കിയപ്പോള്‍ അലക്സ് കാരിയെ ക്രിസ് വോക്സിന്റെ കൈകളിലെത്തിച്ചാണ് വുഡ് പുറത്താക്കിയത്. മിച്ചല്‍ സ്റ്റാര്‍ക്കിനും ടോഡ് മര്‍ഫിക്കും വുഡിന്റെ പേസിന് മുമ്പില്‍ ഉത്തരമില്ലാതെ പോയപ്പോള്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയും പുറത്തായി.

നാല് മെയ്ഡനടക്കം 11.4 ഓവര്‍ പന്തെറിഞ്ഞ വുഡ് 34 റണ്‍സ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റും സ്വന്തമാക്കിയത്. 2.91 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

മാര്‍ക് വുഡിന്റെ ഫൈഫറിന് ഓസീസിന്റെ മറുപടി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിലൂടെയായിരുന്നു. ആറ് ഇംഗ്ലീഷ് വിക്കറ്റുകളാണ് താരം എറിഞ്ഞിട്ടത്. 18 ഓവര്‍ പന്തെറിഞ്ഞ് 91 റണ്‍സ് വഴങ്ങിയാണ് കമ്മിന്‍സ് ആറ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.

26 റണ്‍സ് ലീഡുമായി കളത്തിലിറങ്ങിയ ഓസീസിന് മൂന്നാം ഓവറില്‍ തന്നെ തിരിച്ചടി നേരിട്ടിരുന്നു. അഞ്ച് പന്തില്‍ നിന്നും ഒറ്റ റണ്‍സുമായി ഡേവിഡ് വാര്‍ണറാണ് പുറത്തായത്.

നിലവില്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് 20 റണ്‍സിന് ഒന്ന് എന്ന നിലയിലാണ്. 19 പന്തില്‍ നിന്നും 13 റണ്‍സുമായി ഉസ്മാന്‍ ഖവാജയും 13 പന്തില്‍ നിന്നും ആറ് റണ്‍സുമായി ഉസ്മാന്‍ ഖവാജയുമാണ് ക്രീസില്‍.

Content Highlight: Mark Wood score 24 runs in 8 balls

We use cookies to give you the best possible experience. Learn more