ആഷസില്‍ കൊടുങ്കാറ്റടിച്ചോ? ഏയ്... വുഡ് പന്തെറിഞ്ഞതാണ് 🌪️🌪️; 91, 93, 95, 93, 94, 93 ഫാസ്റ്റസ്റ്റ് ഓവര്‍ എവര്‍...
THE ASHES
ആഷസില്‍ കൊടുങ്കാറ്റടിച്ചോ? ഏയ്... വുഡ് പന്തെറിഞ്ഞതാണ് 🌪️🌪️; 91, 93, 95, 93, 94, 93 ഫാസ്റ്റസ്റ്റ് ഓവര്‍ എവര്‍...
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 6th July 2023, 5:47 pm

ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ കൊടുങ്കാറ്റായി മാര്‍ക് വുഡ്. ഹെഡിങ്‌ലി ഓവലില്‍ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തില്‍ തന്റെ ആദ്യ ഓവറില്‍ തന്നെ റെക്കോഡ് നേട്ടം കൈവിരിച്ചാണ് വുഡ് ഇന്റര്‍നെറ്റിനെ തീ പിടിപ്പിച്ചത്.

ഹെഡിങ്‌ലി ഓവലിലെ ഏറ്റവും വേഗതയേറിയ ഓവര്‍ എറിഞ്ഞാണ് വുഡ് ചരിത്രത്തിലേക്ക് നടന്നുകയറിയത്. തന്റെ സ്‌പെല്ലിലെ ആദ്യ പന്ത് തന്നെ മണിക്കൂറില്‍ 91 മൈല്‍ വേഗതയിലെറിഞ്ഞ വുഡ് രണ്ടാം പന്തെറിഞ്ഞത് 93 മൈല്‍ വേഗതയിലാണ്.

മൂന്നാം പന്ത് 95 മൈല്‍ വേഗതയില്‍ കുതിച്ചപ്പോള്‍ നാലും അഞ്ചും പന്തുകള്‍ 93, 94 മൈല്‍ വേഗതയിലുമാണ് സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ ലക്ഷ്യമാക്കി പറന്നടുത്തത്. ഓവറിലെ അവസാന പന്തും വുഡ് എറിഞ്ഞപ്പോള്‍ സ്പീഡ് ഗണ്ണില്‍ 94 mph എന്നെഴുതി കാണിച്ചു.

മാര്‍ക് വുഡിന്റെ ആദ്യ ഓവര്‍

0.1 – 91mph
0.2 – 93mph
0.3 – 95mph
0.4 – 93mph
0.5 – 94mph
0.6 – 93mph

എന്നാല്‍ ഇതുകൊണ്ടൊന്നും അവസാനിപ്പിക്കാന്‍ വുഡ് തയ്യാറായിരുന്നില്ല. തന്റെ രണ്ടാം ഓവറില്‍ 155.3 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞാണ് താരം ഓസീസിനെ കടന്നാക്രമിച്ചത്.

ഇതിന് പുറമെ ഉസ്മാന്‍ ഖവാജയെ ക്ലീന്‍ ബൗള്‍ഡാക്കിയ മാര്‍ക് വുഡ് തുടക്കത്തിലേ ഇംഗ്ലണ്ടിനാവശ്യമായ ബ്രേക് ത്രൂവും നല്‍കിയിരുന്നു.

താരത്തിന്റെ പ്രകടനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങിളില്‍ വുഡ് ചര്‍ച്ചയാവുകയാണ്.

അതേസമയം, ഇംഗ്ലണ്ടിനെ സംബന്ധിച്ച് നിര്‍ണായകമായ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ ഡേവിഡ് വാര്‍ണറിനെ മടക്കി സ്റ്റുവര്‍ട്ട് ബ്രോഡ് ഇംഗ്ലണ്ടിനെ ഡ്രൈവിങ് സീറ്റിലിരുത്തി. അഞ്ച് പന്തില്‍ നിന്നും നാല് റണ്‍സായിരുന്നു വാര്‍ണറിന്റെ സമ്പാദ്യം. മത്സരത്തിന്റെ 12ാം ഓവറില്‍ വുഡിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി ഉസ്മാന്‍ ഖവാജ മടങ്ങിയപ്പോള്‍ 20ാം ഓവറില്‍ ക്രിസ് വോക്‌സ് അപകടകാരിയായ ലബുഷാനെയും പുറത്താക്കി.

ഖവാജ 37 പന്തില്‍ നിന്നും 13 റണ്‍സ് നേടിയപ്പോള്‍ ലബുഷാന്‍ 28 പന്തില്‍ നിന്നും 21 റണ്‍സാണ് നേടിയത്.

നിലവില്‍ 24 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്‌ട്രേലിയ 85ന് മൂന്ന് എന്ന നിലയിലാണ്. 29 പന്തില്‍ നിന്നും 22 റണ്‍സുമായി സ്റ്റീവ് സ്മിത്തും 17 പന്തില്‍ ഒമ്പത് റണ്‍സുമായി ട്രാവിസ് ഹെഡുമാണ് ക്രീസില്‍.

പരമ്പരയിലെ ആദ്യ രണ്ട് മത്സരവും വിജയിച്ച ഓസീസിന് ശേഷിക്കുന്ന മൂന്ന് ടെസ്റ്റില്‍ ഒന്നില്‍ ജയിക്കുകയോ മൂന്ന് മത്സരങ്ങളും സമനിലയില്‍ കലാശിക്കുകയോ ചെയ്താല്‍ ആഷസ് നിലനിര്‍ത്താം. പരമ്പരയിലെ മൂന്ന് മത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ ഇംഗ്ലണ്ടിന് ആഷസ് സ്വപ്‌നം കാണാന്‍ സാധിക്കൂ.

 

 

 

 

 

Content Highlight: Mark Wood’s incredible bowling performance