| Monday, 10th April 2023, 9:54 pm

സച്ചിന്റെ കാലത്തെ തീയുണ്ടകളുടെ മോഡേണ്‍ വേര്‍ഷന്‍; ആറില്‍ ആറും തീ; ഇത് ഐറ്റം വേറെയാണ് മക്കളേ...

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 15ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ അവരുടെ തട്ടകത്തില്‍ നേരിടുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആര്‍.സി.ബി നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടി.

ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസിന്റെയും മുന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെയും സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ് വെല്ലിന്റെയും അര്‍ധ സെഞ്ച്വറികളാണ് ആര്‍.സി.ബിക്ക് പടുകൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

44 പന്തില്‍ 61 റണ്‍സുമായി വിരാടും 46 പന്തില്‍ നിന്നും 79 റണ്‍സുമായി ക്യാപ്റ്റന്‍ ഫാഫും തിളങ്ങിയപ്പോള്‍ 29 പന്ത് നേരിട്ട് ആറ് സിക്‌സറും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 59 റണ്‍സാണ് മാക്‌സി അടിച്ചെടുത്തത്.

ഇവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സിന് പുറമെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്പീഡ്സ്റ്റര്‍ മാര്‍ക് വുഡ് എറിഞ്ഞ അവസാന ഓവറും ചര്‍ച്ചയാകുന്നുണ്ട്. അവസാന ഓവറിലെ ആറ് പന്തും 150 കിലോമീറ്റര്‍ വേഗതയിലെറിഞ്ഞാണ് വുഡ് എതിരാളികളെ ഞെട്ടിച്ചത്.

150 kph, 153 kph, 151 kph, 150 kph, 150 kph, 151.7 kph, 150.0 kph എന്നിങ്ങനെയായിരുന്നു അവസാന ഓവറില്‍ വുഡ് തീ തുപ്പിയത്. 151.7 കിലോമീറ്റര്‍ വേഗതയില്‍ മൂളിയെത്തിയ അഞ്ചാം പന്ത് മാക്‌സ്‌വെല്ലിന്റെ വിക്കറ്റും കൊണ്ടാണ് പറന്നത്.

മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ വുഡ് 32 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. ലഖ്‌നൗ നിരയില്‍ ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞതും വുഡ് തന്നെ.

അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന്റെ തുടക്കം പാളി. കഴിഞ്ഞ രണ്ട് മത്സരത്തിലും ടീമിന്റെ വിശ്വസ്തനായ കൈല്‍ മയേഴ്‌സിനെ പൂജ്യത്തിന് പുറത്താക്കി മുഹമ്മദ് സിറാജ് വെടിക്കെട്ടിന് തിരികൊളുത്തി.

നിലവില്‍ രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ പത്ത് റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ലഖ്‌നൗ. മൂന്ന് പന്തില്‍ നിന്നും രണ്ട് റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും ആറ് പന്തില്‍ നിന്നും മൂന്ന് റണ്‍സ് നേടിയ ദീപക് ഹൂഡയുമാണ് ക്രീസില്‍. എക്‌സ്ട്രാസിലൂടെയാണ് അഞ്ച് റണ്‍സ് പിറന്നത്.

Content Highlight: Mark Wood’s incredible bowling against RCB

We use cookies to give you the best possible experience. Learn more