| Thursday, 6th July 2023, 11:07 pm

എന്റമ്മോ തീ 🔥 🔥... ഒന്നും രണ്ടുമല്ല ഖവാജയയെടക്കം എറിഞ്ഞിട്ടത് അഞ്ച് പേരെ; വുഡ്ഡാടാ... കയ്യടിക്കടാ...

സ്പോര്‍ട്സ് ഡെസ്‌ക്

ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ ചാമ്പലാക്കി ഇംഗ്ലണ്ട് സ്റ്റാര്‍ പേസര്‍ മാര്‍ക് വുഡ്. ഹെഡിങ്‌ലി ടെസ്റ്റില്‍ എണ്ണം പറഞ്ഞ അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് വുഡ് തരംഗമായത്.

സ്‌പെല്ലിലെ ആദ്യ ഓവറില്‍ തന്നെ വുഡ് തന്റെ നയം വ്യക്തമാക്കിയിരുന്നു. ഓവറിലെ ആറ് പന്തും 145 കിലോമീറ്ററിന് മുകളില്‍ വേഗതയിലെറിഞ്ഞ വുഡ് ഹെഡിങ്‌ലിയിലെ ഫാസ്റ്റസ്റ്റ് ഓവര്‍ എന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു.

താനെറിഞ്ഞ ആദ്യ 22 പന്തില്‍ ഒന്നില്‍ പോലും ഓസ്‌ട്രേലിയയെ റണ്ണെടുക്കാന്‍ വുഡ് അനുവദിച്ചില്ല. വുഡിന്റെ 23ാം പന്തില്‍ മാത്രമാണ് ഓസ്‌ട്രേലിയക്ക് റണ്ണെടുക്കാന്‍ സാധിച്ചത്. വുഡിന്റെ നാലാം ഓവറിലെ അഞ്ചാം പന്തില്‍ ഉസ്മാന്‍ ഖവാജ ഡബിളോടിയപ്പോള്‍ തൊട്ടടുത്ത പന്തില്‍ താരത്തെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് വുഡ് തിളങ്ങിയത്.

ഖവാജയുടെ വിക്കറ്റ് വെറും തുടക്കം മാത്രമായിരുന്നു. പിന്നീട് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെയടക്കം അഞ്ച് പേരെയാണ് വുഡ് പവലിയനിലേക്ക് മടക്കിയത്.

ഉസ്മാന്‍ ഖവാജയെ ക്ലീന്‍ ബൗള്‍ഡാക്കി മടക്കിയപ്പോള്‍ അലക്‌സ് കാരിയെ ക്രിസ് വോക്‌സിന്റെ കൈകളിലെത്തിച്ചാണ് വുഡ് പുറത്താക്കിയത്. മിച്ചല്‍ സ്റ്റാര്‍ക്കിനും ടോഡ് മര്‍ഫിക്കും വുഡിന്റെ പേസിന് മുമ്പില്‍ ഉത്തരമില്ലാതെ പോയപ്പോള്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയും പുറത്തായി.

നാല് മെയ്ഡനടക്കം 11.4 ഓവര്‍ പന്തെറിഞ്ഞ വുഡ് 34 റണ്‍സ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റും സ്വന്തമാക്കിയത്. 2.91 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

വുഡിന് പുറമെ ക്രിസ് വോക്‌സും സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ബൗളിങ്ങില്‍ ഇംഗ്ലണ്ടിന് കരുത്തായത്. വോക്‌സ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബ്രോഡ് രണ്ട് പേരെയും മടക്കി.

മധ്യനിരയില്‍ മിച്ചല്‍ മാര്‍ഷിന്റെ അസാമാന്യ ചെറുത്ത് നില്‍പാണ് ഓസീസിന് തുണയായത്. 118 പന്തില്‍ നിന്നും 118 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. ഒടുവില്‍ 60.4 ഓവറില്‍ 263 റണ്‍സാണ് ഓസീസ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനും ബാറ്റിങ് തകര്‍ച്ച നേരിട്ടിരുന്നു. ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ വെറും രണ്ട് റണ്‍സിന് നഷ്ടമായ ത്രീ ലയണ്‍സിന് മൂന്ന് റണ്‍സ് നേടിയ ഹാരി ബ്രൂക്കിനെയും നഷ്ടമായിരുന്നു. പാറ്റ് കമ്മിന്‍സാണ് ഇരുവരെയും മടക്കിയത്.

നാലാമന്‍ ജോ റൂട്ടിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തയര്‍ത്താന്‍ ശ്രമിക്കവെ ഓപ്പണര്‍ സാക്ക് ക്രോളിയുടെ വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. 39 പന്തില്‍ നിന്നും 33 റണ്‍സ് നേടി നില്‍ക്കവെ മിച്ചല്‍ മാര്‍ഷിന്റെ പന്തില്‍ ഡേവിഡ് വാര്‍ണറിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.

നിലവില്‍ 16 ഓവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് 67 റണ്‍സിന് മൂന്ന് എന്ന നിലയിലാണ്. 37 പന്തില്‍ നിന്നും 19 റണ്‍സുമായി ജോ റൂട്ടും ഏഴ് പന്ത് നേരിട്ട് റണ്‍സൊന്നും നേടാതെ ജോണി ബെയര്‍സ്‌റ്റോയുമാണ് ക്രീസില്‍.

Content highlight: Mark Wood picks fifer in Ashes 3rd test

We use cookies to give you the best possible experience. Learn more