ഐ.സി.സി ലോകകപ്പിലെ 20ാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 229 റണ്‍സിന്റെ പടുകൂറ്റന്‍ വിജയമാണ് പ്രോട്ടീസ് നേടിയത്.
സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 400 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 22 ഓവറില്‍ 170 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.
പടുകൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ തിരിച്ചടിയേറ്റിരുന്നു. ആദ്യ നാല് ഓവറിനിടെ രണ്ട് മുന്‍നിര വിക്കറ്റുകള്‍ വീണതോടെ ഇംഗ്ലണ്ട് പരുങ്ങി. പിന്നാലെയെത്തിയവര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ ഇംഗ്ലണ്ട് പരാജയം സമ്മതിക്കുകയായിരുന്നു.
സൂപ്പര്‍ താരങ്ങളും ഇതിഹാസ താരങ്ങളും റണ്ണെടുക്കാന്‍ മറന്നപ്പോള്‍ ചെറുത്തുനിന്നത് ടീമിന്റെ വാലറ്റമായിരുന്നു. ഗസ് ആറ്റ്കിന്‍സണും മാര്‍ക് വുഡുമാണ് ടീമിനെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്.
ഒമ്പതാം നമ്പറില്‍ ഇറങ്ങിയ ആറ്റ്കിന്‍സണ്‍ 21 പന്തില്‍ നിന്നും ഏഴ് ബൗണ്ടറിയുടെ അകമ്പടിയോടെ 35 റണ്‍സ് നേടി പുറത്തായി. രണ്ട് ബൗണ്ടറിയും അഞ്ച് സിക്‌സറുമായി 17 പന്തില്‍ നിന്നും പുറത്താകാതെ 43 റണ്‍സാണ് പത്താം നമ്പറില്‍ ഇറങ്ങിയ മാര്‍ക് വുഡ് നേടിയത്.
ഇംഗ്ലണ്ട് നിരയില്‍ ഏറ്റവുമധികം റണ്‍സ് നേടിയതും ഏറ്റവുമധികം സ്‌ട്രൈക്ക് റേറ്റില്‍ റണ്ണടിച്ചതും ഏറ്റവുമധികം സിക്‌സര്‍ നേടിയതും വുഡ് തന്നെയാണ്. സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം മാര്‍കോ യാന്‍സന് ശേഷം ഈ മത്സരത്തില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയതും വുഡ് തന്നെയാണ്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക ഹെന്റിച്ച് ക്ലാസന്റെ സെഞ്ച്വറിയുടെയും റീസ ഹെന്‍ഡ്രിക്‌സ്, മാര്‍കോ യാന്‍സെന്‍, റാസി വാന്‍ ഡെര്‍ ഡസന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തിലുമാണ് മികച്ച സ്‌കോര്‍ നേടിയത്.
ഈ തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ടിന് വന്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. റണ്‍ റേറ്റില്‍ വന്ന കുറവിന് പിന്നാലെ ഒമ്പതാം സ്ഥാനത്തേക്കാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ കാലിടറി വീണിരിക്കുന്നത്.