| Thursday, 6th July 2023, 6:33 pm

ആദ്യ 22 പന്തും ഡോട്ട് 🤯, റണ്‍ വഴങ്ങിയത് 23ാം പന്തില്‍, 24ാം പന്തില്‍ വിക്കറ്റും ⚡ ⚡; ഇതാ ഇംഗ്ലണ്ടിന്റെ വജ്രായുധം

സ്പോര്‍ട്സ് ഡെസ്‌ക്

ആഷസ് പരമ്പരയില്‍ മൂന്നാം മത്സരത്തിനാണ് ഇംഗ്ലണ്ടിലെ ഹെഡിങ്‌ലി ഓവര്‍ സാക്ഷിയാകുന്നത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട ഇംഗ്ലണ്ടിന് പരമ്പര സജീവമാക്കി നിര്‍ത്തണമെങ്കില്‍ മൂന്നാം മൂന്നാം ടെസ്റ്റില്‍ വിജയം അനിവാര്യമാണ്.

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ ഡേവിഡ് വാര്‍ണറിനെ നഷ്ടമായ ഓസീസിന് തുടക്കം പാളിയിരുന്നു. സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി പവലിയനിലേക്ക് തിരികെ മടങ്ങുമ്പോള്‍ അഞ്ച് പന്തില്‍ നിന്നും നാല് റണ്‍സായിരുന്നു വാര്‍ണറിന്റെ സമ്പാദ്യം.

തുടര്‍ന്ന് ഓസ്‌ട്രേലിയക്ക് നേരിടാനുണ്ടായിരുന്നത് മാര്‍ക് വുഡിനെയായിരുന്നു. തന്റെ സ്‌പെല്ലിലെ ആദ്യ ഓവറില്‍ തന്നെ റെക്കോഡ് നേട്ടം സ്വന്തമാക്കിയാണ് വുഡ് പന്തെറിഞ്ഞത്.

ഹെഡിങ്‌ലി ഓവലിലെ ഏറ്റവും വേഗമേറിയ ഓവര്‍ എന്ന റെക്കോഡ് നേട്ടം കൈവരിച്ചാണ് വുഡ് പന്തെറിഞ്ഞു തുടങ്ങിയത്. തുടര്‍ന്നും ഇതേ പേസില്‍ തന്നെയാണ് താരം പന്തെറിഞ്ഞത്.

വുഡിന്റെ വേഗതക്ക് മുമ്പില്‍ ഓസീസിന് ഉത്തരമുണ്ടായിരുന്നില്ല. താരത്തിന്റെ ആദ്യ മൂന്ന് ഓവറും മെയ്ഡനായപ്പോള്‍ നാലാം ഓവറിലെ അഞ്ചാം പന്തില്‍ മാത്രമാണ് ഓസ്‌ട്രേലിയക്ക് റണ്‍സ് നേടാന്‍ സാധിച്ചത്.

അതായത് ആദ്യ 22 പന്തിലും താരം റണ്‍ വഴങ്ങാതെ പന്തെറിഞ്ഞു എന്നര്‍ത്ഥം. 23ാം ഓവറില്‍ ഉസ്മാന്‍ ഖവാജ ഡബിള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ തൊട്ടടുത്ത പന്തില്‍ ഖവാജയെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് വുഡ് കരുത്ത് കാട്ടിയത്.

0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 0, 2, W എന്നിങ്ങനെയാണ് മാര്‍ക് വുഡിന്റെ ആദ്യ നാല് ഓവറിലെ സ്റ്റാറ്റ്‌സ്.

ഇതുവരെ മൂന്ന് മെയ്ഡനടക്കം ആറ് ഓവര്‍ പന്തെറിഞ്ഞ വുഡ് എട്ട് റണ്‍സ് മാത്രമാണ് വഴങ്ങിയത്.

നിലവില്‍ 27 ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് 92 റണ്‍സിന് നാല് വിക്കറ്റ് എന് നിലയിലാണ്. വാര്‍ണറിനും ഖവാജക്കും പുറമെ സ്റ്റീവ് സ്മിത്, മാര്‍നസ് ലബുഷാന്‍ എന്നിവരുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്.

ക്രിസ് വോക്‌സിന്റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയ ലബുഷാന്‍ മടങ്ങിയപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്‌റ്റോക്ക് ക്യാച്ച് നല്‍കിയാണ് സ്മിത്ത് പുറത്തായത്.

Content highlight: Mark Wood bowls 22 dot balls in 1st 4 overs

We use cookies to give you the best possible experience. Learn more