2023 ലോകകപ്പിലെ 20ാം മത്സരത്തില്‍ ഇംഗ്ലണ്ട് നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയിരിക്കുകയാണ്. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന മത്സരത്തില്‍ 229 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്.
സൗത്ത് ആഫ്രിക്കക്കെതിരെ പരാജയപ്പെട്ടെങ്കിലും ഇംഗ്ലണ്ട് ആരാധകര്‍ക്ക് ആശ്വസിക്കാനുള്ള വക ടീമിന്റെ വാലറ്റം നല്‍കിയിരുന്നു. സൂപ്പര്‍ താരങ്ങളടക്കം മങ്ങിയ മത്സരത്തില്‍ ടീമിനെ വമ്പന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത് ഒമ്പതാം നമ്പറില്‍ ഇറങ്ങിയ ഗസ് ആറ്റ്കിന്‍സണും പത്താം നമ്പറില്‍ ഇറങ്ങിയ മാര്‍ക് വുഡും ചേര്‍ന്നാണ്.
ആറ്റ്കിന്‍സണ്‍ 21 പന്തില്‍ 35 റണ്‍സ് നേടിയപ്പോള്‍ 17 പന്തില്‍ നിന്നും പുറത്താകാതെ 43 റണ്‍സാണ് മാര്‍ക് വുഡ് നേടിയത്. അഞ്ച് സിക്‌സറും രണ്ട് ബൗണ്ടറിയുമടക്കം 252.94 എന്ന തകര്‍പ്പന്‍ റണ്‍ റേറ്റിലായിരുന്നു വുഡിന്റെ വെടിക്കെട്ട്.
ഈ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡും വുഡിനെ തേടിയെത്തിയിരിക്കുകയാണ്. ലോകകപ്പിന്റെ ചരിത്രത്തില്‍ പത്താം നമ്പറില്‍ ഇറങ്ങി ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരം, ലോകകപ്പിന്റെ ചരിത്രത്തില്‍ പത്താം നമ്പറില്‍ ഇറങ്ങി അഞ്ച് സിക്‌സര്‍ നേടുന്ന ആദ്യ താരം തുടങ്ങിയ റെക്കോഡുകളാണ് വുഡിനെ തേടിയെത്തയിത്.
വെസ്റ്റ് ഇന്‍ഡീസിന്റെ ഡാരന്‍ പവലിന്റെയും നെതര്‍ലന്‍ഡ്‌സ് താരം ആര്യന്‍ ദത്തിന്റെയും റെക്കോഡ് തകര്‍ത്താണ് വുഡ് ചരിത്രത്തിലേക്ക് നടന്നുകയറിയത്. ഇരുവരും മൂന്ന് സിക്‌സര്‍ വീതമാണ് പത്താം നമ്പറില്‍ ഇറങ്ങി നേടിയത്.
ഇതിന് പുറമെ ലോകകപ്പില്‍ പത്താം നമ്പറില്‍ ഇറങ്ങി ഏറ്റവുമധികം റണ്‍സ് നേടുന്ന താരം എന്ന റെക്കോഡും വുഡിന് സ്വന്തമായി. 1979 ലോകകപ്പില്‍ ഇംഗ്ലണ്ട് താരം ബോബ് വില്ലിസ് പാകിസ്ഥാനെതിരെ നേടിയ 37 പന്തിലെ 24 റണ്‍സായിരുന്നു ഇതിന് മുമ്പുള്ള വേള്‍ഡ് കപ്പ് റെക്കോഡ്.
ഗസ് ആറ്റ്കിന്‍സണ്‍ ഒരുപക്ഷേ ക്രീസില്‍ അല്‍പനേരം കൂടി തുടര്‍ന്നിരുന്നുവെങ്കില്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ പത്താം നമ്പറില്‍ ഇറങ്ങി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ആദ്യ താരം എന്ന റെക്കോഡും വുഡിന് ലഭിക്കുമായിരുന്നു.
Content Highlight: Mark Wood becomes the first batter to hit 5 sixes at No: 10 position