| Monday, 5th February 2018, 3:17 pm

'പുകഞ്ഞ കൊള്ളി രാജ്യം വിട്ട് പുറത്തേക്ക്'; മാര്‍ക്ക് സിഫ്‌നിയോസ് ഇന്ത്യ വിട്ടു; താരം രാജ്യം വിട്ടതിന് പിന്നിലെ കാരണം ഇതാണ്

സ്പോര്‍ട്സ് ഡെസ്‌ക്

പനാജി: മുന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് താരവും നിലവില്‍ എഫ്.സി ഗോവയുടെ താരവുമായ മാര്‍ക്ക് സിഫ്‌നിയോസ് ഇന്ത്യ വിട്ടതായി റിപ്പോര്‍ട്ട്. ഫോറിനര്‍ റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫിസിന്റെ പുറത്താക്കല്‍ നീക്കം ഭയന്നാണ് താരം രാജ്യം വിട്ടതായി റിപ്പോര്‍ട്ട്.

ഈ സീസണിലായിരുന്നു സിഫ്‌നിയോസിനെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിക്കുന്നത്. മുന്‍ പരിശീലകന്‍ റെനെ മ്യൂളന്‍സ്റ്റീനായിരുന്നു ഡച്ച് താരത്തെ ലീഗിലെത്തിച്ചത്. എന്നാല്‍ റെനെയെ പുറത്താക്കിയതിന് പിന്നാലെ സിഫ്‌നിയോസും ടീം വിടുകയായിരുന്നു. പുതിയ പരിശീലകന്‍ ഡേവിഡ് ജെയിംസിന്റെ പരിശീലന രീതികളിലെ അതൃപ്തിയായിരുന്നു തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

താരം ഇന്ത്യയിലെത്തിയത് കേരള ബ്ലാസ്‌റ്റേഴ്‌സ് താരമായിട്ടായിരുന്നു. എന്നാല്‍ ടീം വിട്ടതോടെ താരം ബ്ലാസ്‌റ്റേഴ്‌സ് താരമല്ലാതായി. വിസയിലും താരം കേരളാ ടീമിന്റെ താരമല്ല. ഇതാണ് രാജ്യം വിടാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

“ലോണോ ട്രാന്‍സ്ഫറോ അല്ലാത്തതിനാല്‍ സിഫ്‌നിയോസിന് പുതിയ വിസ എടുക്കേണ്ടതുണ്ട്. ട്രാന്‍സ്ഫറായിരുന്നുവെങ്കില്‍ അതേ വിസ മതിയാകുമായിരുന്നു. അതുകൊണ്ടാണ് താരത്തെ മടക്കിയയച്ചത്.” ഗോവ ടീം അധികൃതറിലൊരാള്‍ വ്യക്തമാക്കുന്നു.

അതേസമയം താരത്തിന്റെ വിസ ശരിയാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. അടുത്തയാഴ്ച്ചയോടെ തന്നെ താരം ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയിരുന്ന സമയത്ത് ഫോമിലുണ്ടായിരുന്ന താരമായിരുന്നു സിഫ്‌നിയോസ്. പിന്നീട് താരം ടീം വിട്ടത് കനത്ത തിരിച്ചടിയായി മാറി. ബര്‍ബറ്റോവും വെസ് ബ്രണും പേരിനൊത്ത പ്രകടനം കാഴ്ച്ചവെക്കാതെ വന്നതിന് പിന്നാലെ സിഫ്‌നിയോസും ടീം വിട്ടത് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനത്തെ ബാധിച്ചിരുന്നു.

We use cookies to give you the best possible experience. Learn more