എന്റെ പ്രിയപ്പെട്ട യുവതാരമാണ് അവന്‍, കളിയില്‍ മികച്ച ടെക്‌നിക്‌സ് അവനുണ്ട്; മാര്‍ക്ക് നിക്കോളാസ്
Sports News
എന്റെ പ്രിയപ്പെട്ട യുവതാരമാണ് അവന്‍, കളിയില്‍ മികച്ച ടെക്‌നിക്‌സ് അവനുണ്ട്; മാര്‍ക്ക് നിക്കോളാസ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 31st December 2024, 4:47 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നിര്‍ണായകമായ മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നിരുന്നാലും ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് ഇന്ത്യന്‍ സ്റ്റാര്‍ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ കാഴ്ചവെച്ചത്. രണ്ട് ബോക്‌സിങ് ഡേ ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും ഇന്ത്യയ്ക്ക് അര്‍ധ സെഞ്ച്വറി നേടിയാണ് താരം വിക്കറ്റ് നഷ്ടപ്പെടാതെ ഏറെ നേരം ക്രീസില്‍ നിന്നത്.

ആദ്യത്തെ ഇന്നിങ്‌സില്‍ 118 പന്തില്‍ നിന്ന് 82 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 208 പന്തില്‍ നിന്ന് 84 റണ്‍സുമാണ് താരം നേടിയത്. പരമ്പരയില്‍ ജെയ്‌സ്വാള്‍ 300+ റണ്‍സാണ് നേടിയത്. മറ്റൊരു ബാറ്റര്‍ക്കും നടന്നുകൊണ്ടിരിക്കുന്ന പരമ്പരയില്‍ ഉയര്‍ന്ന സ്‌കോറില്‍ എത്താന്‍ സാധിച്ചില്ല. ഇപ്പോള്‍ താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരവും ക്രിക്കറ്റ് കമന്റേറ്ററുമായ മാര്‍ക്ക് നിക്കോളാസ്.

തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യുവ ക്രിക്കറ്റ് താരമാണ് യശസ്വി എന്നും താരത്തിന്റെ കളിയിലെ ടെക്‌നിക്‌സ് മികച്ചതാണെന്നും നിക്കോളാസ് പറഞ്ഞു. മാത്രമല്ല ഭാവിയില്‍ ഇനിയും മികച്ച പ്രകടനങ്ങള്‍ താരം കാഴ്ചവെക്കുമെന്നും മാര്‍ക്ക് അഭിപ്രായപ്പെട്ടു.

‘യശസ്വി ജെയ്‌സ്വാള്‍ എന്റെ പ്രിയപ്പെട്ട യുവ ക്രിക്കറ്റ് താരമാണ്. മുമ്പുള്ള സാഹചര്യങ്ങളും നഷ്ടപ്പെട്ട ബോളും നോക്കുമ്പോള്‍ ‘അവന് എന്ത് സംഭവിച്ചു’ എന്ന് ഞാന്‍ വിഷമിപ്പിക്കുന്നില്ല. അവന്റെ മികച്ച ഷോട്ടുകള്‍ ഇനിയും കാണാം. കളിയില്‍ മികച്ച ടെക്‌നിക്‌സ് അവനുണ്ട്. ഭാവിയില്‍ നിങ്ങള്‍ അവന്റെ ഒരുപാട് പ്രകടനങ്ങള്‍ കാണും,’ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ മാര്‍ക് നിക്കോളാസ് പറഞ്ഞു.

മത്സരത്തില്‍ ഓപ്പണിങ് ഇറങ്ങി തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കര കയറ്റിയതോടെ ജെയ്സ്വാള്‍ ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കിയിരുന്നു. ഒരു കലണ്ടര്‍ ഇയറില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് ജെയ്സ്വാളിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഒന്നാമതായി നില്‍ക്കുന്നത് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്.

Content Highlight: Mark Nicholas Talking About Yashasvi Jaiswal