കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകയെ പ്രതി ചേര്‍ത്ത് കൊച്ചി സിറ്റി പൊലീസ്. ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോ റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെയാണ് അഞ്ചാം പ്രതിയായി ചേര്‍ത്തത്.
മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ഗൂഢാലോചനയുണ്ടായെന്ന് ആര്‍ഷോ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്നലെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അത് പ്രകാരം ഒന്നാം പ്രതി ഡിപ്പാര്‍ട്‌മെന്റ് കോര്‍ഡിനേറ്റര്‍ വിനോദ് കുമാറും രണ്ടാം പ്രതി പ്രിന്‍സിപ്പാലുമാണ്.
നേരത്തെ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് ആര്‍ഷോ ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. ആ പരാതി സിറ്റി പൊലീസിന് കൈമാറുകയും അതിന്റെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു.
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പയസ് ജോര്‍ജിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ആര്‍ഷോ എഴുതാത്ത പരീക്ഷ പാസായതായുള്ള മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍പ്പെട്ടിരുന്നു. എം.എ ആര്‍ക്കിയോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിലാണ് വിഷയങ്ങളും മാര്‍ക്കും ഇല്ലെങ്കിലും ആര്‍ഷോ പാസായതായി രേഖപ്പെടുത്തിയത്. എന്നാല്‍ വിവാദമായതിനെത്തുടര്‍ന്ന് മാര്‍ക്ക് ലിസ്റ്റ് മാറ്റി പ്രസിദ്ധീകരിച്ചിരുന്നു. സാങ്കേതിക പിഴവാണ് സംഭവിച്ചതെന്ന് പ്രിന്‍സിപ്പലും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ താന്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയിട്ടില്ലെന്നും മാര്‍ക്ക് ലിസ്റ്റോ ഫലമോ കണ്ടിട്ടില്ലെന്നും ആര്‍ഷോയും പറഞ്ഞിരുന്നു. പരീക്ഷ നടന്നത് ജാമ്യവ്യവസ്ഥയുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയില്‍ പ്രവേശിക്കാനാവാത്ത സമയത്തായിരുന്നുവെന്നും മൂന്നാം സെമസ്റ്ററിലെ ഒരു പരീക്ഷയും എഴുതിയില്ലെന്നും ആര്‍ഷോ നേരത്തെ തന്നെ പറഞ്ഞിരുന്നു.
content highlights: Mark List Controversy; Asianet News reporter accused by police on Arsho’s complaint