തിരുവനന്തപുരം: കേരളത്തില്‍ മാര്‍ക്ക് ജിഹാദെന്ന വിവാദ പരാമര്‍ശം നടത്തിയ ദല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസറെ വിമര്‍ശിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു. വിഭ്യാഭ്യാസ മേഖലയെ അടച്ചാക്ഷേപിക്കുന്നതാണ് പ്രൊഫസറുടെ പരാമര്‍ശമെന്നും മന്ത്രി പറഞ്ഞു.
വിഷലിപ്തമായ പ്രസ്താവനയാണ് അധ്യാപകനായ രാകേഷ് കുമാര്‍ പാണ്ഡെ നടത്തിയത്. വിഷയത്തില്‍ കേരളം കേന്ദ്രസര്‍ക്കാറിനെ പ്രതിഷേധം അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.
വര്‍ഗീയമായി വിഭജിക്കുക എന്നത് മാത്രമാണ് വിവാദ പരാമര്‍ശത്തിന് പിന്നിലെന്നും പ്രൊഫസറുടേത് ബോധപൂര്‍വമുള്ള പരാമര്‍ശമാണെന്നും മന്ത്രി പറഞ്ഞു. ഇടതുപക്ഷ വീക്ഷണത്തോടുള്ള എതിര്‍പ്പാണ് അധ്യാപകന്റെ പ്രസ്താവനയിലൂടെ പുറത്ത് വരുന്നത് എന്നും മന്ത്രി പറഞ്ഞു.
പ്രൊഫസര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും ദല്‍ഹി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്കും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കത്തയച്ചിരുന്നു.
കേരളത്തില്‍ ആസൂത്രിതമായി മാര്‍ക്ക് ജിഹാദ് നടക്കുന്നുണ്ടെന്നും ഇതിന് പിന്നില്‍ സംഘടിത ശക്തികളുണ്ടെന്നുമാണ് രാകേഷ് കുമാര്‍ പാണ്ഡെ പറഞ്ഞത്. ദല്‍ഹി സര്‍വ്വകലാശാലയിലേക്ക് ബിരുദതല പ്രവേശനം ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഇയാളുടെ പരാമര്‍ശം.
ആര്‍.എസ്.എസുമായി ബന്ധമുള്ള സംഘടനാ നേതാവ് കൂടിയാണ് രാകേഷ് കുമാര്‍ പാണ്ഡെ. എന്നാല്‍ ഇയാളെ തള്ളി ആര്‍.എസ്.എസ് അനുകൂല അധ്യാപക സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട് (എന്‍.ഡി.ടി.എഫ്) രംഗത്തെത്തിയിരുന്നു.
എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്കും വിവേചനമില്ലാതെ പ്രവേശനത്തിനായി തുറന്നിരിക്കുന്ന കേന്ദ്ര സര്‍വ്വകലാശാലയാണ് ദല്‍ഹി സര്‍വകലാശാലയെന്നും ഏതെങ്കിലും വ്യക്തി പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളുമായി എന്‍.ഡി.ടി.എഫിന് യാതൊരു ബന്ധവുമില്ലെന്നും സംഘടന പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
സര്‍വ്വകലാശാലയ്ക്ക് എല്ലാ വിദ്യാര്‍ത്ഥികളും തുല്യരാണെന്നും പ്രവേശനത്തില്‍ വിവേചനം കാണിച്ചിട്ടില്ലെന്നും ദല്‍ഹി യൂണിവേഴ്‌സിറ്റിയും പ്രസ്താവനയില്‍ പറഞ്ഞിരുന്നു. യോഗ്യതയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കിയെന്നും ദല്‍ഹി സര്‍വ്വകലാശാല രജിസ്ട്രാര്‍ വ്യക്തമാക്കി.
ഒരു കേന്ദ്ര സര്‍വകലാശാല എന്ന നിലയില്‍, ദല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ സംസ്ഥാനമോ സ്‌കൂള്‍ ബോര്‍ഡോ പരിഗണിക്കാതെ അക്കാദമിക് യോഗ്യതകളെ വിലമതിച്ചുകൊണ്ടാണ് പ്രവേശനം നല്‍കുന്നതെന്നും ഈ വര്‍ഷവും മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രം അപേക്ഷകള്‍ സ്വീകരിച്ചുകൊണ്ട് തുല്യ അവസരം നിലനിര്‍ത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.