| Thursday, 7th October 2021, 10:59 am

കേരളത്തില്‍ മാര്‍ക്ക് ജിഹാദ്; ദല്‍ഹി സര്‍വകലാശാലയിലേക്ക് കൂടുതല്‍ അപേക്ഷകള്‍ വന്നത് അസ്വാഭാവികം; വിവാദപരാമര്‍ശവുമായി ദല്‍ഹി സര്‍വകലാശാല പ്രൊഫസര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തിനെതിരെ വിവാദ പരാമര്‍ശവുമായി ദല്‍ഹി സര്‍വകലാശാല പൊഫസര്‍. കേരളത്തില്‍ മാര്‍ക്ക് ജിഹാദാണെന്നാണ് പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെ സാമൂഹ്യ മാധ്യമത്തില്‍ പരാമര്‍ശിച്ചത്.

കേരളത്തില്‍ ആസൂത്രിതമായി മാര്‍ക്ക് ജിഹാദ് നടക്കുന്നുണ്ടെന്നും ഇതിന് പിന്നില്‍ സംഘടിത ശക്തികളുണ്ടെന്നും രാകേഷ് കുമാര്‍ പാണ്ഡെ ആരോപിച്ചു. ദല്‍ഹി സര്‍വകലാശാലയിലേക്ക് ബിരുദതല പ്രവേശനം ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം.

രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാലകളെ കൈപ്പിടിയിലൊതുക്കാന്‍ ഇടതുപക്ഷ കേന്ദ്രമായ കേരളത്തില്‍ നിന്നും ആസൂത്രിത ശ്രമം നടക്കുന്നെന്നും മാര്‍ക് ജിഹാദാണ് നടത്തുന്നതെന്നും ഇദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു

കൂടുതല്‍ മലയാളി വിദ്യാര്‍ഥികള്‍ ഇത്തവണ ആദ്യത്തെ കട്ട്ഓഫില്‍ തന്നെ ദല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തില്‍ നിന്ന് ദല്‍ഹി സര്‍വകലാശാലയിലേക്ക് കൂടുതല്‍ അപേക്ഷകള്‍ വന്നത് അസ്വാഭാവികമാണെന്നും കേരളത്തില്‍ മാര്‍ക് ജിഹാദ് ഉണ്ടെന്നും രാകേഷ് കുമാര്‍ ആരോപിച്ചത്.

ദല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ കിരൊരി കോളേജിലെ ഫിസിക്‌സ് പ്രൊഫസറാണ് രാകേഷ് കുമാര്‍ പാണ്ഡെ. ആര്‍.എസ്.എസുമായി ബന്ധമുള്ള അധ്യാപക സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടിന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.

കേരളത്തില്‍ ലൗ ജിഹാദ് ഉള്ളതുപോലെ മാര്‍ക്ക് ജിഹാദുമുണ്ട്. രണ്ടോ മൂന്നോ വര്‍ഷമായി നടക്കുന്ന സംഘടിതമായ ഗൂഢനീക്കത്തിന്റെ ഭാഗമാണിത്. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ പരീക്ഷിച്ച അതേ നടപടിയാണ് ഇടതുപക്ഷം ദല്‍ഹി സര്‍വകലാശാലയിലേക്ക് വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നത്.

ഓണ്‍ലൈന്‍ പരീക്ഷയായതിനാല്‍ കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് 100 ശതമാനം മാര്‍ക്ക് കിട്ടുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ അതിനുമുമ്പുള്ള സാഹചര്യങ്ങളിലും മലയാളി വിദ്യാര്‍ഥികള്‍ സംസ്ഥാന ബോര്‍ഡ് പരീക്ഷകളില്‍ 100 ശതമാനം മാര്‍ക്ക് നേടുന്നത് ഇത്തരത്തിലുള്ള ഗൂഢ പദ്ധതിയുടെ ഭാഗമാണെന്നുമായിരുന്നു ഇയാള്‍ പറഞ്ഞത്.

‘കേരള ബോര്‍ഡ് വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം മാര്‍ക്ക് നല്‍കുന്ന പ്രതിഭാസം പുതിയതല്ല. എന്നാല്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കാന്‍ പറ്റുന്നില്ല. പക്ഷെ അവര്‍ ദല്‍ഹി യൂണിവേഴ്‌സിറ്റിയെ തെരഞ്ഞെടുക്കുന്നു. ഇതിനു പിന്നില്‍ ഗൂഢാലോചനയും ആസൂത്രണവും ഉണ്ട്.

കേരളം ഇടതുപക്ഷ ഹബ്ബായാണ് അറിയപ്പെടുന്നത്. ജെ.എന്‍.യു അവരുടെ നിയന്ത്രണത്തിലാണ്. പക്ഷെ ദല്‍ഹി യൂണിവേഴ്‌സിറ്റിയെ അവര്‍ക്ക് കൈപ്പിടിയിലാക്കാനായിട്ടില്ല. വിദ്യാര്‍ത്ഥികള്‍ക്ക് 100 ശതമാനം മാര്‍ക്ക് ലഭിച്ചാല്‍ ദല്‍ഹി യൂണിവേഴ്‌സിറ്റിയിലേക്കെത്താന്‍ എളുപ്പമാണെന്ന് അവര്‍ക്കറിയാം. അവരത് ചെയ്യുന്നതിന് എന്തെങ്കിലും കാരണമുണ്ടാവും,’ എന്നായിരുന്നു സംഭവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിനു പിന്നാലെ രാകേഷ് പാണ്ഡെ പ്രതികരിച്ചത്. രാകേഷ് പാണ്ഡെയുടെ വിവാദ പരാമര്‍ശത്തിനെതിരെ വിവിധ വിദ്യാര്‍ഥി സംഘടനകളും അധ്യാപക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Mark Jihad in Kerala Delhi University Professor Statement

Latest Stories

We use cookies to give you the best possible experience. Learn more