| Saturday, 9th October 2021, 9:21 am

മാര്‍ക്ക് ജിഹാദ് വിവാദം; പഠിക്കാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും കുട്ടികള്‍ക്ക് തുല്ല്യ അവകാശമാണ് ഉള്ളത്; അധ്യാപകന്‍റെ പ്രസ്താവന തള്ളി ആര്‍.എസ്.എസ് അനുകൂല അധ്യാപകസംഘടന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേരളത്തില്‍ മാര്‍ക്ക് ജിഹാദാണെന്ന ദല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ രാകേഷ് പാണ്ഡെയുടെ പ്രസ്താവന തള്ളി ആര്‍.എസ്.എസ് അനുകൂല അധ്യാപക സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട് (എന്‍.ഡി.ടി.എഫ്)

എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി പദവിയിലെ മികച്ച സ്ഥാപനങ്ങളില്‍ പഠിക്കാന്‍ മെറിറ്റ് മാനദണ്ഡം അടിസ്ഥാനമാക്കി തുല്യ അവകാശങ്ങളുണ്ടെന്ന് എന്‍.ഡി.ടി.എഫ് പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്കും വിവേചനമില്ലാതെ പ്രവേശനത്തിനായി തുറന്നിരിക്കുന്ന കേന്ദ്ര സര്‍വകലാശാലയാണ് ദല്‍ഹി സര്‍വകലാശാലയെന്നും ഏതെങ്കിലും വ്യക്തി പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളുമായി എന്‍.ഡി.ടി.എഫിന് യാതൊരു ബന്ധവുമില്ലെന്നും സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

സംഘടനയുടെ മുന്‍ പ്രസിഡന്റായിരുന്നു വിവാദ പ്രസ്താവന നടത്തിയ രാകേഷ് പാണ്ഡെ. രാകേഷിന്റെ പ്രസ്താവന തള്ളി ദല്‍ഹി യൂണിവേഴ്‌സിറ്റി തന്നെ നേരത്തെ രംഗത്ത് എത്തിയിരുന്നു.

സര്‍വ്വകലാശാലയ്ക്ക് എല്ലാ വിദ്യാര്‍ത്ഥികളും തുല്യരാണെന്നും പ്രവേശനത്തില്‍ വിവേചനം കാണിച്ചിട്ടില്ലെന്നും ദല്‍ഹി യൂണിവേഴ്‌സിറ്റി പ്രസ്താവനയില്‍ പറഞ്ഞിരുന്നു. യോഗ്യതയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം നല്‍കിയെന്നും ദല്‍ഹി സര്‍വ്വകലാശാല രജിസ്ട്രാര്‍ വ്യക്തമാക്കി.

ഒരു കേന്ദ്ര സര്‍വകലാശാല എന്ന നിലയില്‍, ദല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളുടെ സംസ്ഥാനമോ സ്‌കൂള്‍ ബോര്‍ഡോ പരിഗണിക്കാതെ അക്കാദമിക് യോഗ്യതകളെ വിലമതിച്ചുകൊണ്ടാണ് പ്രവേശനം നല്‍കുന്നതെന്നും ഈ വര്‍ഷവും മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രം അപേക്ഷകള്‍ സ്വീകരിച്ചുകൊണ്ട് തുല്യ അവസരം നിലനിര്‍ത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ ആസൂത്രിതമായി മാര്‍ക്ക് ജിഹാദ് നടക്കുന്നുണ്ടെന്നും ഇതിന് പിന്നില്‍ സംഘടിത ശക്തികളുണ്ടെന്നുമാണ് പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെ സാമൂഹ്യ മാധ്യമത്തില്‍ പരാമര്‍ശിച്ചത്. ദല്‍ഹി സര്‍വകലാശാലയിലേക്ക് ബിരുദതല പ്രവേശനം ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഇയാളുടെ പരാമര്‍ശം.

രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാലകളെ കൈപ്പിടിയിലൊതുക്കാന്‍ ഇടതുപക്ഷ കേന്ദ്രമായ കേരളത്തില്‍ നിന്നും ആസൂത്രിത ശ്രമം നടക്കുന്നെന്നും മാര്‍ക് ജിഹാദാണ് നടത്തുന്നതെന്നും ഇയാള്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

കൂടുതല്‍ മലയാളി വിദ്യാര്‍ഥികള്‍ ഇത്തവണ ആദ്യത്തെ കട്ട്ഓഫില്‍ തന്നെ ദല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തില്‍ നിന്ന് ദല്‍ഹി സര്‍വകലാശാലയിലേക്ക് കൂടുതല്‍ അപേക്ഷകള്‍ വന്നത് അസ്വാഭാവികമാണെന്നും കേരളത്തില്‍ മാര്‍ക് ജിഹാദ് ഉണ്ടെന്നും രാകേഷ് കുമാര്‍ ആരോപിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Mark Jihad controversy;Children in all states have an equal right to learn;The pro-RSS teachers’ union rejected the teacher’s statement

We use cookies to give you the best possible experience. Learn more