| Saturday, 11th May 2019, 8:38 pm

മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഹിന്ദുരാഷ്ട്രത്തിലേക്കു നീങ്ങും; രാജീവ് അഴിമതിക്കാരനല്ലെന്നും ബി.ബി.സി ഇന്ത്യ മുന്‍ ബ്യൂറോ ചീഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രത്തിലേക്കു നീങ്ങിയേക്കാമെന്നും മുസ്‌ലിങ്ങള്‍ ഇപ്പോഴത്തേതിനേക്കാള്‍ ഒറ്റപ്പെടുമെന്നും ബി.ബി.സി ഇന്ത്യ മുന്‍ ബ്യൂറോ ചീഫ് മാര്‍ക്ക് ഗള്ളി. രാജീവ് ഗാന്ധിക്കെതിരായ മോദിയുടെ ആരോപണങ്ങള്‍ കളവാണെന്നും അദ്ദേഹം ലോകം ആദരിച്ച നേതാവാണെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ വോട്ട് ഇന്ത്യ വോട്ട് എന്ന പരിപാടിയില്‍ സംസാരിക്കവേ ഗള്ളി പറഞ്ഞു. ഇന്ത്യ ഹിന്ദുരാഷ്ട്രത്തിലേക്കു നീങ്ങുന്നതിനു ഭരണഘടന പ്രതിബന്ധം സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒട്ടേറെപ്പേര്‍ ജാതിയടിസ്ഥാനത്തില്‍ വോട്ട് ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു. ‘ഹിന്ദു ദേശീയവാദം ഇത്തവണ തെരഞ്ഞെടുപ്പിനെ എത്രകണ്ടു സ്വാധീനിച്ചുവെന്ന് ആര്‍ക്കു പറയാനാവില്ല. പ്രാദേശിക രീതിയില്‍ ഹിന്ദു ദേശീയത ഉയര്‍ത്തിയുള്ള പ്രചാരണം മാറ്റമുണ്ടാക്കിയിട്ടുണ്ട്. ഒട്ടേറെപ്പേര്‍ ജാതിയടിസ്ഥാനത്തില്‍ വോട്ട് ചെയ്തിരിക്കുന്നു. ദളിതുകളും യാദവരും മുസ്‌ലിങ്ങളും മഹാഖ്യത്തിനൊപ്പമാണെന്നു പറയപ്പെടുന്നു. പക്ഷേ, ഈ സമുദായങ്ങളിലെ യുവ വോട്ടര്‍മാരെ ഹിന്ദു ദേശീയവാദം എത്തരത്തില്‍ സ്വാധീനിച്ചുവെന്നതാണു പ്രധാന ചോദ്യം.’- അദ്ദേഹം പറഞ്ഞു.

രാജീവ് ഒന്നാംനമ്പര്‍ അഴിമതിക്കാരാനാണെന്നതു തെറ്റായ പ്രസ്താവനയാണെന്നും അറുപതോളം രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളാണു രാജീവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘രാജീവ് അഴിമതിക്കാരനായിരുന്നെങ്കില്‍ ഇത്രയധികം നേതാക്കള്‍ വരുമായിരുന്നില്ലല്ലോ. ഇതുപോലെതന്നെ മോദിക്കെതിരായ രാഹുലിന്റെ ‘കാവല്‍ക്കാരന്‍ കള്ളനാണ്’ എന്ന പ്രചാരണവും തെളിയിക്കപ്പെടാത്തതാണ്. രാജീവിനെതിരായ മോദിയുടെ പരാമര്‍ശത്തിനു പിന്നില്‍ ഗാന്ധി കുടുംബത്തെ തകര്‍ക്കണമെന്ന ലക്ഷ്യമാണ്. ഗാന്ധികുടുംബത്തിന്റെ പേരില്‍ അധികാരത്തില്‍ എത്തിയവരെന്നാണു രാഹുലിനെ മോദി വിമര്‍ശിക്കുന്നത്. ബി.ജെ.പിക്കു ഗാന്ധി കുടുംബത്തെ കുഴിച്ചുമൂടാനായാല്‍ പിന്നെ കോണ്‍ഗ്രസിനെ ശിഥിലമാക്കാന്‍ എളുപ്പമാണ്. ഗാന്ധി കുടുംബമാണ് കോണ്‍ഗ്രസിനെ ഒന്നിച്ചുനിര്‍ത്തുന്നതിന്റെ അടിസ്ഥാനം.’- ഗള്ളി കൂട്ടിച്ചേര്‍ത്തു.

ഇത്തവണ കൂടുതല്‍ മാറ്റങ്ങളോടെയുള്ള രാഹുലിനെ കാണാനാവുന്നുണ്ടെന്നും കൂടുതല്‍ ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും രാഹുലിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘മോദിയുടേതു പോലെ മോശം രീതിയിലല്ല രാഹുലിന്റെ പ്രസംഗങ്ങള്‍. രാഹുല്‍ നന്നായി സംസാരിക്കുന്നു. പ്രിയങ്കയും ഇപ്പോള്‍ പ്രചാരണത്തിനിറങ്ങി. അവര്‍ മുതിര്‍ന്ന സ്ത്രീയപ്പോലെ പെരുമാറുന്നു. പ്രിയങ്ക ഇന്ദിരയെപ്പോലെയുണ്ട്. പ്രചാരണത്തില്‍ ഇന്ദിരയുടെ ശൈലി.’- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞകാലങ്ങളില്‍ ഒരുപാട് സഖ്യകക്ഷി സര്‍ക്കാരുകളെ കണ്ടിട്ടുണ്ട്. കോണ്‍ഗ്രസും പ്രാദേശികപാര്‍ട്ടികളും തമ്മില്‍ സഖ്യമുണ്ടാകാം. പ്രാദേശികപാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ പുറത്തുനിന്നു പിന്തുണച്ചേക്കാം. മോദിയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നു മാറ്റിനിര്‍ത്തി സഖ്യകക്ഷികളെ ആകര്‍ഷിക്കാന്‍ ബി.ജെ.പി ശ്രമിക്കാം. മികച്ച ഭൂരിപക്ഷം ലഭിച്ചാല്‍ മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും ഗള്ളി വിശദീകരിച്ചു.

ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്നതും സന്തോഷം പകരുന്നതുമായ തെരഞ്ഞെടുപ്പ് ഫലം അടിയന്തരാവസ്ഥയ്ക്കു ശേഷം ഇന്ദിരാ ഗാന്ധി തോറ്റതാണെന്നും അദ്ദേഹം വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more