World News
ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമി; കാനഡയുടെ അടുത്ത പ്രധാനമന്ത്രിയായി മാർക്ക് കാർണി ചുമതലയേൽക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 10, 01:22 am
Monday, 10th March 2025, 6:52 am

ഒട്ടാവ: സ്ഥാനമൊഴിയുന്ന നേതാവ് ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി മാർക്ക് കാർണി കാനഡയുടെ പ്രധാനമന്ത്രിയായി ചുമതലയേൽക്കും. തിങ്കളാഴ്ചയാണ് മാർക്ക് കാർണിയെ അടുത്ത ലിബറൽ പാർട്ടി നേതാവായും കാനഡയുടെ 24-ാമത് പ്രധാനമന്ത്രിയായും പ്രഖ്യാപിച്ചത്. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാര്‍ണി, ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനാകുന്നത്.

പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള വ്യാപാര ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനും തനിക്ക് സാധിക്കുമെന്ന് കാര്‍ണി പറഞ്ഞു. അതേസമയം, കാനഡ ഒരിക്കലും അമേരിക്കയുടെ ഭാഗമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ കാനഡക്കാർക്ക് ആവശ്യമുള്ളത് കാനഡയ്ക്കുവേണ്ടി നിലകൊള്ളുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ലിബറൽ പാർട്ടി ശക്തവും ഐക്യത്തോടെയും തുടരുകയും മെച്ചപ്പെട്ട ഒരു രാഷ്ട്രം കെട്ടിപ്പടുക്കാൻ പോരാടാൻ തയ്യാറാണെന്നും കാർണി കൂട്ടിച്ചേർത്തു. ശക്തമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഒരു പുതിയ പദ്ധതി തന്റെ പുതിയ സർക്കാർ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ലിബറല്‍ പാര്‍ട്ടിയിലെ 86 ശതമാനത്തോളം പേരും കാര്‍ണിയെ പിന്തുണച്ചു. മാർക്ക് കാർണി 131,674 വോട്ടുകൾ നേടിയാണ് നേതൃത്വ മത്സരത്തിൽ വിജയിച്ചത്. അദ്ദേഹത്തിന്റെ എതിരാളികളായ ക്രിസ്റ്റിയ ഫ്രീലാൻഡ് 11,134 വോട്ടുകളും , കരീന ഗൗൾഡ് 4,785 വോട്ടുകളും ഫ്രാങ്ക് ബെയ്‌ലിസ് 4,038 വോട്ടുകളും നേടി.

കാര്യമായ രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത 59കാരനായ കാര്‍ണി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്‍റെയും ബാങ്ക് ഓഫ് കാനഡയുടെയും മുന്‍ ഗവര്‍ണറായിരുന്നു.

പൊതുസമ്മിതിയില്‍ വന്‍ ഇടിവുണ്ടായതോടെ കഴിഞ്ഞ ജനുവരിയിലാണ് പ്രധാനമന്ത്രിയായ ജസ്റ്റിന്‍ ട്രൂഡോ രാജി പ്രഖ്യാപിച്ചത്. വ്യാപാര രംഗത്ത് കാനഡ -അമേരിക്ക തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് കടുത്ത ട്രംപ് വിമര്‍ശകന്‍ കൂടിയായ കാര്‍ണി പ്രധാനമന്ത്രി പദത്തിലെത്തുന്നത്.

ട്രൂഡോയുടെ പിൻഗാമിയായി ലിബറൽ പാർട്ടിയുടെ നേതാവാകാൻ സാധ്യതയുള്ളവരിൽ മുൻപന്തിയിലായിരുന്നു കാർണി. 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് 59-കാരനായ അദ്ദേഹം ബാങ്ക് ഓഫ് കാനഡയുടെ എട്ടാമത്തെ ഗവർണറായി സേവനമനുഷ്ഠിച്ചത്. കൂടുതൽ ഗുരുതരമായ മാന്ദ്യത്തിൽ നിന്ന് കാനഡയെ രക്ഷിക്കാൻ സഹായിച്ച വേഗത്തിലും നിർണ്ണായകവുമായ നടപടികൾ സ്വീകരിച്ചതിന്റെ ബഹുമതി അദ്ദേഹത്തിനു ലഭിച്ചു. 2011 മുതൽ 2018 വരെ ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡിന്റെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

 

Content Highlight: Mark Carney to replace Justin Trudeau as Canada’s next prime minister