| Tuesday, 6th February 2024, 10:59 am

മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍സിയില്‍ നിന്നും രോഹിത്തിനെ പുറത്താക്കിയത്; കാരണം വ്യക്തമാക്കി ടീം ഹെഡ് കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

2024 മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ഐ.പി.എല്ലിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ഹര്‍ദിക് പാണ്ട്യയെ മുംബൈ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരിച്ചുവിളിച്ചിരുന്നു. അഞ്ചുവര്‍ഷം രോഹിത് ശര്‍മ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മുംബൈയ്ക്ക് കപ്പ് നേടി കൊടുത്തിട്ടുണ്ട്.

എന്നാല്‍ അപ്രതീക്ഷിതമായിട്ടുണ്ടായ സംഭവങ്ങള്‍ ഏറെ ആരാധകരെ ചൊടിപ്പിക്കുകയും ടീമിലുള്ള ചില താരങ്ങള്‍ നിരാശ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഇപ്പോള്‍ സംഭവത്തോട് പ്രതികരിക്കുകയാണ് മുംബൈ ടീം ഹെഡ് കോച്ച് മാര്‍ക്ക് ബൗച്ചര്‍. ഇതൊരു ക്രിക്കറ്റിങ് തീരുമാനമാണെന്നാണ് അദ്ദേഹം പറയുന്നത്.

‘എന്റേത് ഒരു കൃത്യമായ ക്രിക്കറ്റിങ് തീരുമാനമായിരുന്നു. ഹര്‍ദിക് പാണ്ഡ്യയെ തിരിച്ചെത്തിക്കാനുള്ള അവസരം ഉണ്ടായപ്പോള്‍ ഞങ്ങള്‍ അത് ഉപയോഗിച്ചു. ക്യാപ്റ്റന്‍സിയെ സംബന്ധിച്ചിടത്തോളം ടീമിന് ഒരു പരിവര്‍ത്തന ഘട്ടമുണ്ട്. എന്നാല്‍ ഫാന്‍സിന് ഇത് മനസിലാക്കാന്‍ സാധിക്കുന്നില്ല. അവര്‍ ഇത് വളരെ വികാരഭരിതമായാണ് ഏറ്റെടുത്തത്. ഇത് രോഹിത് ശര്‍മയെ ഒരു വ്യക്തിയെന്ന നിലയിലും താരം എന്ന നിലയിലും ഏറെ ഗുണം ചെയ്യും. അവന്‍ ടീമിനുവേണ്ടി കൂടുതല്‍ റണ്‍സ് നേടും,’ ബൗച്ചര്‍ സ്മാഷ് സ്‌പോര്‍ട്‌സ് പോര്‍ട്കാസ്റ്റിനോട് പറഞ്ഞു.

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി ഭാരത്തെ സ്വതന്ത്രമാക്കുന്നതിന്റെ ആവശ്യകതയും ഹെഡ് കോച്ച് ചൂണ്ടിക്കാണിച്ചു. 2022 ഐ.പി.എല്ലില്‍ 249 റണ്‍സ് ആയിരുന്നു താരം നേടിയിരുന്നത്. 2023ല്‍ 332 റണ്‍സിലേക്കും ഉയര്‍ന്നു. ക്യാപ്റ്റന്‍സി ഭാരം നിലനിര്‍ത്തിയും മികച്ച പ്രകടനമാണ് രോഹിത് മുംബൈ ഇന്ത്യന്‍സിന് വേണ്ടി കാഴ്ചവച്ചത്. താരം കളിക്കും എന്നാണ് ബൗച്ചര്‍ അഭിപ്രായപ്പെടുന്നത്.

ക്യാപ്റ്റന്‍സിയെ കുറിച്ച് ചര്‍ച്ച നടത്തിയ ശേഷം രോഹിത്തിനെ മികച്ച ക്രിക്കറ്റ് കളിക്കുവാനായിരുന്നു ടീം മാനേജ്‌മെന്റ് തീരുമാനിച്ചതെന്നും അദ്ദഹം പറഞ്ഞു.

‘ഞങ്ങള്‍ ക്യാപ്റ്റന്‍സിയെ കുറിച്ച് ഒരു ചര്‍ച്ച നടത്തി. ഒരു കളിക്കാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് നന്നായി കളിക്കാനുള്ള ഏറ്റവും മികച്ച അവസരമാണിതെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അദ്ദേഹത്തിന് ഇപ്പോഴും ഒരു ബാറ്റര്‍ ആയി മികച്ച സംഭാവന ചെയ്യാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ഒരു നായകനെന്ന സമ്മര്‍ദം ഇല്ലാതെ അവന്‍ അവന്റെ ക്രിക്കറ്റ് ആസ്വദിക്കട്ടെ,’ ബൗച്ചര്‍ കൂട്ടിച്ചേര്‍ത്തു.

ഗുജറാത്ത് ടൈറ്റന്‍സിന്റെ മൂന്നാമത് സീസണ്‍ ആണിത്. ആദ്യ രണ്ടു സീസണിലും ഹര്‍ദിക് പാണ്ഡ്യ ആയിരുന്നു അവരുടെ നായകന്‍. ആദ്യ സീസണില്‍ തന്നെ മികച്ച ക്യാപ്റ്റന്‍സി കാഴ്ചവച്ച താരം ആദ്യ ഐ.പി.എല്‍ കിരീടവും ടീമിന് നേടിക്കൊടുത്തു. കഴിഞ്ഞ സീസണില്‍ റണ്ണറപ്പ് ആകാനും ടീമിന് സാധിച്ചു. പാണ്ഡ്യയുടെ മികച്ച ക്യാപ്റ്റന്‍സിക്ക് ബൗച്ചര്‍ പ്രശംസയും അറിയിച്ചിരുന്നു.

Content Highlight: Mark Boucher Talks About Rohit Sharma’s Captaincy

We use cookies to give you the best possible experience. Learn more