| Saturday, 9th November 2024, 10:33 pm

പവര്‍ പ്ലേയില്‍ സഞ്ജു ക്രീസിലുള്ളപ്പോള്‍ നിങ്ങള്‍ ഒരിക്കലും ആ തെറ്റ് ചെയ്യാന്‍ പാടില്ല: മാര്‍ക്ക് ബൗച്ചര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടി-20യില്‍ സന്ദര്‍ശകര്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 141ന് പുറത്തായി. മത്സരത്തില്‍ 61 റണ്‍സിന് വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുമ്പിലെത്തുകയും ചെയ്തു.

മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്. സ്പിന്‍ ബൗളര്‍മാരെ ഭയപ്പെടുന്ന താരമാണ് സഞ്ജു എന്ന ധാരണയായിരുന്നു പൊതുവെ എല്ലാവര്‍ക്കും. എന്നാല്‍ ആ ധാരണയെ പൊളിച്ചെഴുതിയാണ് സഞ്ജു വമ്പന്‍ പ്രകടനം കാഴ്ചവെച്ചത്.

ഇപ്പോള്‍ മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം മാര്‍ക്ക് ബൗച്ചര്‍ സൗത്ത് ആഫ്രിക്ക തുടക്കത്തില്‍ തന്നെ സ്പിന്‍ തന്ത്രം ഉപയോഗിച്ചതിനെ വിമര്‍ശിച്ച് സംസാരിക്കുകയാണ്. മാത്രമല്ല തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണെ പ്രശംസിച്ചും അദ്ദേഹം സംസാരിച്ചു.

‘ സൗത്ത് ആഫ്രിക്കക്ക് അവരുടെ ബൗളിങ് കൂട്ടുകെട്ട് ശരിക്കും തെറ്റി. അവര്‍ തുടക്കത്തില്‍ തന്നെ സ്പിന്നര്‍മാര്‍ക്ക് പന്ത് നല്‍കി. പവര്‍പ്ലേയില്‍ സഞ്ജു നില്‍കുമ്പോള്‍ സ്പിന്നര്‍മാരെ പരീക്ഷിക്കാന്‍ പാടില്ലായിരുന്നു. സഞ്ജു എന്തൊരു ബാറ്റ്സ്മാനാണ്.

എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഇന്ത്യക്കായി കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടില്ല എന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല. നല്ല രണ്ട് ഇന്നിങ്സുകള്‍ കൊണ്ട് ഒരു തുടക്കം മാത്രമാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. ഇനിയും ഒരുപാട് മികച്ച പ്രകടനങ്ങള്‍ നടത്താന്‍ അദ്ദേഹത്തിന് സാധിക്കും,’ മാര്‍ക്ക് ബൗച്ചര്‍ പറഞ്ഞു.

മത്സരത്തില്‍ 50 പന്തില്‍ 107 റണ്‍സ് നേടിയാണ് സഞ്ജു സാംസണ്‍ പുറത്തായത്. ഏഴ് ഫോറും പത്ത് സിക്സറും അടക്കം 214.00 എന്ന വെടിക്കെട്ട് സ്ട്രൈക്ക് റേറ്റിലാണ് താരം സെഞ്ച്വറി സ്വന്തമാക്കിയത്. ഇതോടെ ടി-20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമെന്ന ഐതിഹാസിക നേട്ടവും സഞ്ജു സ്വന്തമാക്കി.

Content Highlight: Mark Boucher Talking About Sanju Samson

We use cookies to give you the best possible experience. Learn more