| Friday, 3rd February 2023, 12:19 pm

ആ പേര് എന്റെ വായില്‍ നിന്നും വീഴില്ല, ടീമില്‍ നിങ്ങള്‍ക്കവനെ കാണാം; മിസ്റ്ററി താരത്തെ സ്വന്തമാക്കാന്‍ തന്ത്രങ്ങളുമായി മുംബൈ ഇന്ത്യന്‍സ് കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

പുതിയ സീസണിന് മുമ്പ് മുംബൈ ഇന്ത്യന്‍സിന്റെ പുതിയ സൈനിങ്ങിനെ കുറിച്ച് വമ്പന്‍ സൂചന നല്‍കിയ കോച്ച് മാര്‍ക്ക് ബൗച്ചര്‍. എസ്.എ 20 ഹോസ്റ്റ് ബ്രോഡ്കാസ്റ്റര്‍മാരുമായുള്ള ചാറ്റിനിടെയാണ് ബൗച്ചര്‍ ഇക്കാര്യം പറഞ്ഞത്.

വരാനിരിക്കുന്ന ഐ.പി.എല്‍ സീസണില്‍ മുംബൈ കരാറിലേര്‍പ്പെട്ടിരിക്കുന്ന താരത്തെ കുറിച്ചുള്ള സൂചനകളാണ് ബൗച്ചര്‍ നല്‍കിയത്.

പേര് വെളിപ്പെടുത്താത്ത സൗത്ത് ആഫ്രിക്കന്‍ താരം മുംബൈ ഇന്ത്യന്‍സിനോ മറ്റേതെങ്കിലും ഫ്രാഞ്ചൈസിക്ക് വേണ്ടിയോ കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. നെറ്റ് ബൗളറായി ആ മിസ്റ്ററി താരം മുംബൈക്കൊപ്പം ചേരാനും സാധ്യതയുണ്ട്.

‘സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍ ഒപ്പമുണ്ടാകുന്നത് എപ്പോഴും സന്തോഷം നല്‍കുന്ന കാര്യമാണ്. ഞങ്ങള്‍ പുതിയ ഒരാളെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ അവന്റെ പേര് ഞാനിപ്പോള്‍ പറയാന്‍ പോകുന്നില്ല, പക്ഷേ അവന്‍ അവിടെയുണ്ടാകും.

മറ്റൊരു പ്രധാനപ്പെട്ട കാര്യമെന്തെന്നാല്‍ അവര്‍ യുവതാരങ്ങളാണ് എന്നതുതന്നെ. അവര്‍ക്ക് ആവശ്യമായ ക്രിക്കറ്റിങ് ടൈമും ഇപ്പോള്‍ ലഭിക്കുന്നുണ്ട്,’ എന്നായിരുന്നു ബൗച്ചര്‍ പറഞ്ഞത്.

മുംബൈ ഇന്ത്യന്‍സിനൊപ്പം ഡുവാന്‍ ജെന്‍സന്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഡെവാള്‍ഡ് ബ്രെവിസ് പോലുള്ള താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താന്‍ ആവേശഭരിതനാണെന്നും ബൗച്ചര്‍ പറഞ്ഞു.

മുംബൈ ഇന്ത്യന്‍സ് ഒരിക്കലും മറക്കാത്ത സീസണായിരിക്കും ഐ.പി.എല്‍ 2022. ഐ.പി.എല്‍ ആരംഭിച്ച 2008 മുതല്‍ കളിക്കുന്ന മുംബൈ ഇന്ത്യന്‍സിന്റെ കരിയറിലെ തന്നെ മോശം സീസണായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്.

ഒന്നിന് പിന്നാലെ ഒന്നായി തോല്‍വികളേറ്റുവാങ്ങി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായിട്ടായിരുന്നു മുംബൈ ഐ.പി.എല്‍ 2022നോട് വിടപറഞ്ഞത്.

പ്രധാന താരങ്ങളുടെ പരിക്കായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. പൊന്നും വിലകൊടുത്ത് വാങ്ങിയ സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചറിന് ഒറ്റ മത്സരം പോലും സീസണില്‍ കളിക്കാന്‍ സാധിക്കാതെ വന്നതായിരുന്നു മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാര്‍ക്കേറ്റ ഏറ്റവും വലിയ തിരിച്ചടി.

എട്ട് കോടി രൂപക്കായിരുന്നു താരത്തെ മുംബൈ ടീമിലെത്തിച്ചത്. സീസണ്‍ പകുതിയോടെ താരം ടീമിനൊപ്പം ചേരുമെന്നായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷ. എന്നാല്‍ പരിക്ക് കാരണം താരത്തിന് ഐ.പി.എല്‍ 2022 പൂര്‍ണമായും നഷ്ടമാവുകയായിരുന്നു. എന്നാല്‍ താരമിപ്പോള്‍ മടങ്ങിയെത്തിയിരിക്കുകയാണ്.

ഇംഗ്ലണ്ടിനൊപ്പം ചേര്‍ന്നതിന് പിന്നാലെ നടത്തിയ മികച്ച പ്രകടനങ്ങളും മുംബൈ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്. ഈ സീസണില്‍ കൈവിട്ട കിരീടം തിരിച്ചുപിടിക്കാന്‍ തന്നെയാണ് മുംബൈ ഒരുങ്ങുന്നത്.

Content highlight: Mark Boucher about mystery star

We use cookies to give you the best possible experience. Learn more