വിശാല്‍ നായകനായി എത്തിയ മാര്‍ക്ക് ആന്റണി കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എസ്.ജെ സൂര്യയും എത്തിയിരുന്നു.
മികച്ച പ്രതികരണം നേടിയാണ് സിനിമ ഇപ്പോള്‍ പ്രദര്‍ശനം തുടരുന്നത്. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോഴുള്ള ബോക്‌സോഫീസ് കളക്ഷനാണ് പുറത്തുവരുന്നത്.
തമിഴ്‌നാട്ടില്‍ നിന്നും റിലീസ് ചെയ്ത് മറ്റ് കേന്ദ്രങ്ങളില്‍ നിന്നുമൊക്കെ മികച്ച കളക്ഷനാണ് സിനിമക്ക് ലഭിക്കുന്നത്.
ഇതിനോടകം തന്നെ ചിത്രം 45 കോടിയോളം രൂപ കളക്ഷനായി സ്വന്തമാക്കിയെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
ചിത്രം മൂന്ന് ദിവസം കൊണ്ട് തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി 26.50 കോടി രൂപയും, കേരളത്തില്‍ നിന്നായി 1.5 കോടിയോളം രൂപയും സ്വന്തമാക്കി കഴിഞ്ഞു. വിദേശ റിലീസില്‍ നിന്ന് സിനിമക്ക് സ്വന്തമാക്കാനായത് 9.85 കോടി രൂപയാണ്. ആകെ മൊത്തം മൂന്ന് ദിവസത്തെ കളക്ഷനായി 45 കോടിയോളം രൂപ സിനിമ സ്വന്തമാക്കി കഴിഞ്ഞു.
ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സെല്‍വരാഘവന്‍, ഋതു വര്‍മ്മ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജി.വി പ്രകാശ് കുമാര്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, എഡിറ്റിങ് വിജയ് വേലുക്കുട്ടി, സ്റ്റണ്ട് കനല്‍ കണ്ണന്‍, പീറ്റര്‍ ഹെയ്ന്‍, രവി വര്‍മ്മ എന്നിവര്‍ നിര്‍വഹിക്കുന്നു.
എസ്. വിനോദ് കുമാറാണ് നിര്‍മാണം. ശത്രുവിന് ശേഷം വിശാലിനൊപ്പം നിര്‍മാതാവിന്റെ രണ്ടാമത്തെ പ്രോജക്റ്റ് മാര്‍ക്ക് ആന്റണി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.