സ്‌കൂളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ് മാരിയപ്പന്റെ ഈ സംഭാവന. പാരാലിംപിക്‌സില്‍ അസാമാന്യ പ്രകടനം കാഴ്ച വെച്ച 21കാരന് തമിഴ്‌നാട് സര്‍ക്കാരാണ് രണ്ടു കോടി രൂപ നല്‍കിയത്.
ചെന്നൈ: റിയോയില്‍ നടന്ന പാരാലിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവായ മാരിയപ്പന്‍ തങ്കവേലു തനിക്ക് ലഭിച്ച സമ്മാനത്തുകയായ രണ്ടു കോടി രൂപയില്‍ നിന്ന് 30 ലക്ഷം താന്‍ പഠിച്ച സേലം പെരിയവടഗംപട്ടി സര്‍ക്കാര്‍ സ്‌കൂളിന് നല്‍കുന്നു.
സ്‌കൂളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ് മാരിയപ്പന്റെ ഈ സംഭാവന. പാരാലിംപിക്‌സില്‍ അസാമാന്യ പ്രകടനം കാഴ്ച വെച്ച 21കാരന് തമിഴ്‌നാട് സര്‍ക്കാരാണ് രണ്ടു കോടി രൂപ നല്‍കിയത്.
റിയോയില്‍ നടന്ന പാരാലിംപിക്‌സില്‍ പുരുഷന്മാരുടെ ഹൈജംപിലാണ് മാരിയപ്പന്‍ സ്വര്‍ണ്ണം നേടിയത്. 1.89 മീറ്റര്‍ ഉയരം താണ്ടിയാണ് മാരിയപ്പന്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയത്. പാരാലിംപിക്‌സില്‍ സ്വര്‍ണം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് മാരിയപ്പന്‍
തമിഴനാട് സേലം സ്വദേശിയായ മാരിയപ്പന് കുട്ടിക്കാലത്തുണ്ടായ ബസ്സപകടത്തിലാണ് ഒരു കാല്‍ നഷ്ടപ്പെട്ടത്. പച്ചക്കറിവില്പനക്കാരിയായ അമ്മ സരോജം ഏറെ കഷ്ടപ്പെട്ടാണ് മാരിയപ്പനെയും മൂന്നുസഹോദരങ്ങളെയും വളര്‍ത്തുന്നത്.
മാരിയപ്പന് അഞ്ചുവയസ്സുള്ളപ്പോഴാണ് അപകടമുണ്ടാകുന്നത്. നിയന്ത്രണം വിട്ടുവന്ന ബസ്സിന്റെ ചക്രങ്ങള്‍ക്കടിയില്‍പ്പെട്ട് മാരിയപ്പന്റെ വലതുകാല്‍ തകര്‍ന്നു. ബസ് ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു.
കാല്‍ ചികിത്സിച്ചുഭേദമാക്കാന്‍ മാരിയപ്പന്റെ അമ്മ മൂന്നുലക്ഷം രൂപ വായ്പയെടുത്തു. ഈ വായ്പ ഇനിയും അടച്ചുതീര്‍ന്നിട്ടില്ല. അപകടം കാരണം മാരിയപ്പന്റെ വലതുകാലിലെ തള്ളവിരല്‍ വികലമായി. പക്ഷേ, ഈ വിരലിനെ ദൈവം എന്നാണ് മാരിയപ്പന്‍ വിളിക്കുന്നത്. ചാടുമ്പോള്‍ ഈ വിരലാണ് തനിക്ക് കൂടുതല്‍ ആക്കം തരുന്നതെന്ന് മാരിയപ്പന്‍ പറയുന്നു.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ വോളിബോളിലായിരുന്നു മാരിയപ്പന് കമ്പം. സ്‌കൂളിലെ കായികാധ്യാപകനാണ് മാരിയപ്പനോട് ഹൈജംപില്‍ ശ്രദ്ധിക്കാന്‍ പറഞ്ഞത്.
2013ലെ ദേശീയ പാരാഅത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മാരിയപ്പന്റെ പ്രകടനം പരിശീലകനായ സത്യനാരായണയുടെ ശ്രദ്ധയില്‍പ്പെട്ടു. ബംഗളുരുവിലേക്ക് മാരിയപ്പനെ കൂട്ടിക്കൊണ്ടുവന്ന് ഹൈജംപില്‍ കൂടുതല്‍ പരിശീലനം നല്‍കിയത് സത്യനാരായണയാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ ടുണീഷ്യയിലെ ചാമ്പ്യന്‍ഷിപ്പിലാണ് മാരിയപ്പന്‍ റിയോ പാരാലിംപിക്‌സിലേക്കുള്ള യോഗ്യത നേടിയത്.