Entertainment
തകര്‍ന്നുടഞ്ഞ മാരിവില്ലിന്‍ ഗോപുരങ്ങള്‍
അമര്‍നാഥ് എം.
2024 May 10, 09:49 am
Friday, 10th May 2024, 3:19 pm

മലയാളസിനിമ അതിന്റെ മികച്ച കാലഘട്ടത്തില്‍ കൂടി കടന്നുപോകുമ്പോള്‍ കണ്ണ് തട്ടാതിരിക്കാന്‍ ഇറങ്ങിയത് പോലെയായിപ്പോയി മാരിവില്ലിന്‍ ഗോപുരങ്ങള്‍. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ കരിക്കിലെ സീരീസില്‍ പറഞ്ഞ ഷോര്‍ട്ട് ഫിലിമിന്റെ കഥയാണ് മനസില്‍ വന്നത്. ഒരാള്‍ ബൈക്കില്‍ കയറി ഹിമാലയത്തിലേക്ക് പോകുന്നു. അത് തന്നെയാണ് കഥ. അതുപോലെയാണ് ഈ സിനിമയും. രണ്ട് കപ്പിള്‍സിനെ കാണിക്കുന്നു. ആദ്യാവസാനം അവരെ തന്നെ കാണിച്ചുകൊണ്ടുള്ള സിനിമ.

എടുത്തുപറയാന്‍ ഒരു കഥയോ ക്യാരക്ടര്‍ ആര്‍കോ ഇല്ലാത്ത സിനിമ എന്നു പറയാം. സിനിമാമോഹവുമായി നടക്കുന്ന ഷിന്റോയായി ഇന്ദ്രജിത്തും, സപ്പോര്‍ട്ട് ചെയ്ത് കൂടെ നില്‍ക്കുന്ന ഭാര്യ ഷെറിനായി ശ്രുതി രാമചന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷിന്റോയുടെ സഹോദരന്‍ റോണിയായി സര്‍ജാനോ ഖാലിദും, കാമുകി മീനാക്ഷിയായി വിന്‍സിയുമാണ് എത്തുന്നത്.

സിനിമ തുടങ്ങുന്നത് മുതല്‍ അവസാനിക്കുന്നത് വരെ ഇതില്‍ ഒരു കഥാപാത്രത്തിനോടും യാതൊരു അറ്റാച്ച്‌മെന്റും തോന്നിയിട്ടില്ല. ഇടക്ക് വരുന്ന ഒന്നുരണ്ട് കോമഡി ഒഴിവാക്കി നിര്‍ത്തിയാല്‍ ഫ്‌ളാറ്റായി പോകുന്ന കഥ. ഒടുവില്‍ എല്ലാ സിനിമകളെയും പോലെ ശുഭപര്യവസായിയായി സിനിമ തീരുമ്പോള്‍ എന്താണ് ഈ സിനിമ കൊണ്ട് ഉദ്ദേശിച്ചത് എന്ന ചിന്തയായിരുന്നു പ്രേക്ഷകരുടേത്.

വിദ്യാസാഗര്‍ എന്ന ലെജന്‍ഡറി മ്യൂസിക് ഡയറക്ടറുടെ ആരാധകരോട് ഈ സിനിമയുടെ സംഗീതം ചെയ്തത് വിദ്യാജി ആണെന്ന് പറഞ്ഞാല്‍ ഒരിക്കലും വിശ്വസിക്കാന്‍ പോകുന്നില്ല. ശരാശരിക്കും താഴെ നില്‍ക്കുന്ന വര്‍ക്ക് ആയിരുന്നു ഈ സിനിമയുടേത്. ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ അസഹനീയമെന്നേ പറയാനാകൂ.

അഭിനേതാക്കളുടെ പെര്‍ഫോമന്‍സിലേക്ക് നോക്കിയാല്‍ ആര്‍ക്കും കാര്യമായി ഒന്നും ചെയ്യാനില്ലാത്ത കഥയാണ് ഏറ്റവും വലിയ വില്ലന്‍. ഇന്ദ്രജിത്തിനെ മലയാളസിനിമ വേണ്ട രീതിയില്‍ ഉപയോഗിക്കുന്നില്ല എന്ന പറയുന്നവരോട്, ഇന്ദ്രജിത് മലയാളസിനിമയെ വേണ്ട രീതിയില്‍ ഉപയോഗിക്കുന്നുണ്ടോ എന്നാണ് തിരിച്ചു ചോദിക്കാന്‍ തോന്നുന്നത്.

സര്‍ജാനോ ഖാലിദ് തന്റെ അഭിനയം മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നു. ഇന്റര്‍വെല്‍ സമയത്തെ ഇമോഷണല്‍ സീനിലെയൊക്കെ അഭിനയം കാണുമ്പോള്‍ ചിരിയായിരുന്നു വന്നത്. വിന്‍സി അലോഷ്യസ് ചില സീനില്‍ വെറുപ്പിച്ചെങ്കിലും ചില സീനുകളില്‍ മികച്ചു നിന്നു. ശ്രുതി രാമചന്ദ്രന് വലുതായി ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല.

ബിന്ദു പണിക്കര്‍, സായ് കുമാര്‍ എന്നിവരും വന്നുപോയ പോലുള്ള റോളുകളായിരുന്നു. ക്യാമിയോ സ്റ്റാര്‍ ആസിഫ് അലി ഈ സിനിമയിലും ഗസ്റ്റ് അപ്പിയറന്‍സില്‍ വന്നുപോകുന്നുണ്ട്.

ഈയടുത്ത് വന്നതില്‍ കഥയോടോ കഥാപാത്രങ്ങളോടോ യാതൊരു അറ്റാച്ച്‌മെന്റും തോന്നാത്ത സിനിമ എന്നേ മാരിവില്ലിന്‍ ഗോപുരങ്ങളെക്കുറിച്ച് പറയാനാകൂ. ഈ സിനിമക്ക് എന്തിന് ഇങ്ങനെയൊരു ടൈറ്റില്‍ നല്‍കി എന്നത് മാത്രമായിരുന്നു സിനിമ കഴിഞ്ഞ ശേഷം മനസില്‍ തങ്ങി നിന്ന ചോദ്യം.

Content Highlight: Marivillin Gopurangal review

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം