റൊണാള്‍ഡോ സൗഹാര്‍ദ്ധപരമായി ഇടപഴകാത്ത വ്യക്തിയാണെന്നും സ്വന്തം ലോകത്ത് ഒതുങ്ങി കൂടാന്‍ താത്പര്യപ്പെടുന്നയാളാണെന്നുമാണ് നിക്കുളീ പറഞ്ഞത്. വാര്‍ത്താ ഏജന്‍സിയായ ഡിജി സ്‌പോര്‍ട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘റൊണാള്‍ഡോ സോഷ്യലായി ഇടപഴകാത്ത ആളായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചപ്പോഴൊക്കെ അദ്ദേഹം ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുമായിരുന്നു. എപ്പോഴും സ്വന്തം കാര്യങ്ങളുമായി ഒറ്റക്ക് ഒരു ലോകത്തെന്ന പോലെ ആയിരുന്നു റൊണാള്‍ഡോ കഴിഞ്ഞിരുന്നത്.
ജിമ്മിലേക്ക് പോലും ഒറ്റക്കായിരുന്നു പോയിരുന്നത്. പരിശീലനം കഴിഞ്ഞാല്‍ ഞങ്ങള്‍ പുറത്തേക്ക് ക്ഷണിച്ചാലും അദ്ദേഹം വരാന്‍ കൂട്ടാക്കിയിരുന്നില്ല,’ നിക്കുളീ വ്യക്തമാക്കി.
അതേസമയം, ഫിഫ ലോകകപ്പില്‍ പോര്‍ച്ചുഗലിന്റെ രണ്ട് നോക്കൗട്ട് മത്സരങ്ങളില്‍ റൊണാള്‍ഡോയെ ബെഞ്ചിലിരുത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.
37കാരനായ റോണോയുമായി ടീം പോര്‍ച്ചുഗല്‍ ഇനി ഒത്തുപോകാന്‍ സാധ്യതയില്ലെന്നും നിക്കുളീ പറഞ്ഞു. ടീമില്‍ പെപ്പെ മാത്രമാണ് റൊണാള്‍ഡോയുടെ പക്ഷത്തുണ്ടായിരുന്നതെന്നും മറ്റാരും തന്നെ താരത്തിന് വേണ്ട പരിഗണന നല്‍കിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗദി അറേബ്യന്‍ ഫുട്ബോള്‍ ക്ലബ്ബായ അല്‍ നാസറുമായി റൊണാള്‍ഡോ കരാറിലേര്‍പ്പെടാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സ്പാനിഷ് സ്‌പോര്‍ട്‌സ് മാധ്യമമായ മാര്‍ക ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജനുവരി ആദ്യം താരം കരാറില്‍ ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ട്. 2025 ജൂണ്‍ വരെ ക്രിസ്റ്റ്യാനോ ക്ലബില്‍ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്യന്‍ ക്ലബുകളുടെയോ അല്ലെങ്കില്‍ അല്‍ നാസറിന്റെ തന്നെ ഓഫറോ റൊണാള്‍ഡോ പരിഗണിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പ്രതിവര്‍ഷം 200 മില്യണ്‍ ഡോളര്‍ പ്രതിഫലം ലഭിക്കുന്ന ഓഫറാണ് താരത്തിന് ക്ലബ് നല്‍കിയിരിക്കുന്നത്. ഖത്തറില്‍ ഫിഫ ലോകകപ്പ് ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് പോര്‍ച്ചുഗീസ് താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടത്. ലോകകപ്പിന് പിന്നാലെ അല്‍ നാസറുമായി ഒപ്പിടുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.