| Friday, 21st April 2023, 12:41 pm

'സഹതാരങ്ങളോട് ഇടപഴകാത്ത വ്യക്തി'; റൊണാള്‍ഡോക്കൊപ്പമുണ്ടായിരുന്ന അനുഭവം പങ്കുവെച്ച് മുന്‍ സഹതാരം

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം കളിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ച് മുന്‍ സഹതാരം മാരിയസ് നിക്കുളീ (Marius Niculae). 2002-03 സീസണില്‍ റൊണാള്‍ഡോക്കൊപ്പം സ്പോര്‍ടിങ് സി.പിയല്‍ കളിച്ച താരമാണ് നിക്കുളീ.

റൊണാള്‍ഡോ സൗഹാര്‍ദപരമായി ഇടപഴകാത്ത വ്യക്തിയാണെന്നും സ്വന്തം ലോകത്ത് ഒതുങ്ങി കൂടാന്‍ താത്പര്യപ്പെടുന്നയാളാണെന്നുമാണ് നിക്കുളീ പറഞ്ഞത്. വാര്‍ത്താ ഏജന്‍സിയായ ഡി.ജി സ്പോര്‍ട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘റൊണാള്‍ഡോ സോഷ്യലായി ഇടപഴകാത്ത ആളായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചപ്പോഴൊക്കെ അദ്ദേഹം ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുമായിരുന്നു. എപ്പോഴും സ്വന്തം കാര്യങ്ങളുമായി ഒറ്റക്ക് ഒരു ലോകത്തെന്ന പോലെ ആയിരുന്നു റൊണാള്‍ഡോ കഴിഞ്ഞിരുന്നത്.

ജിമ്മിലേക്ക് പോലും ഒറ്റക്കായിരുന്നു പോയിരുന്നത്. പരിശീലനം കഴിഞ്ഞാല്‍ ഞങ്ങള്‍ പുറത്തേക്ക് ക്ഷണിച്ചാലും അദ്ദേഹം വരാന്‍ കൂട്ടാക്കിയിരുന്നില്ല,’ നിക്കുളീ വ്യക്തമാക്കി.

അതേസമയം, സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറില്‍ മികച്ച പ്രകടനമാണ് റൊണാള്‍ഡോ കാഴ്ചവെക്കുന്നത്. സൗദി പ്രോ ലീഗിലേക്ക് ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തില്‍ റൊണാള്‍ഡോയെത്തിയതോടെ അല്‍ നസറിന്റെ ഓഹരി മൂല്യവും ബ്രാന്‍ഡ് മൂല്യവും വന്‍ തോതില്‍ കുതിച്ചുയര്‍ന്നിരുന്നു.

കൂടാതെ ലോക റെക്കോര്‍ഡ് തുകയായ പ്രതിവര്‍ഷം 225 മില്യണ്‍ യൂറോ നല്‍കിയാണ് അല്‍ നസര്‍ റൊണാള്‍ഡോയെ തങ്ങളുടെ ക്യാമ്പിലേക്കെത്തിച്ചിരുന്നത്. ഇതിനിടെ യൂറോ ക്വാളിഫയര്‍ മത്സരത്തില്‍ ഇരട്ട ഗോള്‍ സ്വന്തമാക്കിയതോടെ അവസാനം കളിച്ച 13 മത്സരങ്ങളില്‍ നിന്നും തന്റെ ഗോള്‍ നേട്ടം 12 ആക്കി മാറ്റാന്‍ റൊണാള്‍ഡോക്ക് സാധിച്ചിരുന്നു. അല്‍ നസറിനായി ഇതുവരെ 11 ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് താരം അക്കൗണ്ടിലാക്കിയിരിക്കുന്നത്.

പോര്‍ച്ചുഗല്‍ ക്ലബ്ബിനായി ഇതുവരെ കളിച്ച 196 മത്സരങ്ങളില്‍ നിന്ന് 118 ഗോളാണ് റൊണാള്‍ഡോ അക്കൗണ്ടിലാക്കിയത്. ദേശീയ ടീമിനായി ഒരു യൂറോ കപ്പ് കൂടി കളിച്ചുകൊണ്ട് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാനാണ് തന്റെ ആഗ്രഹമെന്ന് റൊണാള്‍ഡോ നേരത്തെ സൂചിപ്പിച്ചിരുന്നു.

Content Highlights: Marius Niculae shares experience which he had before with Cristiano Ronaldo

We use cookies to give you the best possible experience. Learn more