| Saturday, 9th December 2023, 3:46 pm

ഭാര്യ 18 വയസിന് മുകളിലുള്ള വ്യക്തിയാണെങ്കിൽ മാരിറ്റൽ റേപ്പ് ക്രിമിനൽ കുറ്റമാകില്ല: അലഹബാദ് ഹൈകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

അലഹബാദ്: ഭാര്യ 18 വയസിന് മുകളിൽ പ്രായമുള്ള ആളാണെങ്കിൽ ഇന്ത്യൻ ശിക്ഷാ നിയപ്രകാരം മാരിറ്റൽ റേപ്പ് ക്രിമിനൽ കുറ്റമായി കണക്കാക്കാനാകില്ലെന്ന് അലഹബാദ് ഹൈകോടതി.

ഭാര്യക്കെതിരെ ‘പ്രകൃതിവിരുദ്ധ’ കുറ്റം ചെയ്തുവെന്ന കേസിൽ ഭർത്താവിനെ കുറ്റവിമുക്തനാക്കി വിധി പ്രസ്താവന നടത്തുമ്പോഴായിരുന്നു കോടതിയുടെ പരാമർശം.

ഐ.പി.സി സെക്ഷൻ 377 പ്രകാരം ഈ കേസിൽ പ്രതിക്ക് ശിക്ഷ വിധിക്കാനാവില്ലെന്നും രാജ്യത്ത് ഇനിയും മാരിറ്റൽ റേപ്പ് കുറ്റകൃത്യമാക്കിയിട്ടില്ലെന്നും ജസ്റ്റിസ് റാം മനോഹർ നാരായണൻ മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചതായി ലൈവ് ലോ റിപ്പോർട്ട് ചെയ്തു.

മാരിറ്റൽ റേപ്പ് ക്രിമിനൽ കുറ്റം ആക്കണമെന്ന ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ, പരമോന്നത കോടതിയിൽ നിന്ന് തീരുമാനം ഉണ്ടാകുന്നത് വരെ ഭാര്യ 18 വയസ്സിനു മുകളിലുള്ള വ്യക്തിയാണെങ്കിൽ ഭർത്താവിൽ നിന്നുള്ള ബലാത്സംഗം ക്രിമിനൽ കുറ്റമായി ശിക്ഷ വിധിക്കാൻ സാധിക്കില്ലെന്ന് കോടതി പറഞ്ഞു.

വിവാഹ ബന്ധത്തിൽ ഐ.പി.സി സെക്ഷൻ 377 പ്രകാരം കേസെടുക്കാനാവില്ലെന്ന മധ്യപ്രദേശ് ഹൈകോടതിയുടെ വിധി ചൂണ്ടിക്കാണിച്ചായിരുന്നു അലഹബാദ് കോടതിയുടെ വിധി.

തന്റെ ഭർത്താവ് വാക്കാലും ശാരീരികമായും ഉപദ്രവിക്കുമെന്നും തന്റെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുമെന്നും പരാതിക്കാരി ഹരജിയിൽ പറഞ്ഞു.

അതേസമയം ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള പീഡനത്തിന് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു.

ഈ വർഷം തുടക്കത്തിൽ മാരിറ്റൽ റേപ്പ് ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജികൾ പരിഗണിക്കാൻ സുപ്രീം കോടതി സമ്മതിച്ചിരുന്നു. അതേസമയം മാരിറ്റൽ റേപ്പ് ക്രിമിനൽ കുറ്റമാക്കുന്നത് സാമൂഹിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

CONTENT HIGHLIGHT: Marital rape ‘no offence’ if wife is 18 or above: Allahabad High Court

We use cookies to give you the best possible experience. Learn more