ഉസ്‌ബെക്കിസ്ഥാനില്‍ കഫ് സിറപ് കഴിച്ച് 18 കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്ന്, മരുന്നിന്റെ നിര്‍മാതാക്കളായ ഉത്തര്‍പ്രദേശിലെ മരിയോണ്‍ ബയോടെക് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി. കമ്പനിയുടെ നോയിഡയിലെ പ്ലാന്റിന്റെ ലൈസന്‍സാണ് റദ്ദ് ചെയ്തത്.
കമ്പനി നിര്‍മിച്ച ഡോക് 1 മാക്‌സ് സിറപ് (Dok 1 Max Syrup) കഴിച്ചാണ് കുട്ടികള്‍ മരിച്ചത്. 18 കുട്ടികള്‍ മരിച്ച വിവരം ഉസ്‌ബെക്കിസ്ഥാന്‍ ആരോഗ്യ മന്ത്രാലയം ഡിസംബര്‍ 27നാണ് തങ്ങളെ അറിയിച്ചതെന്നും ഉടന്‍ തന്നെ കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്‌തെന്നും അധികൃതര്‍ പറയുന്നു. രണ്ട് ദിവസത്തിനുള്ളില്‍ മരുന്നിന്റെ സാമ്പിള്‍ പരിശോധനക്കയച്ചുവെന്നാണ് അധികൃതരുടെ വാദം.
മരിയോണ്‍ ബയോടെക്കില്‍ നിന്ന് ലഭിച്ച സാമ്പിളുകള്‍ മലിനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമ്പനിയുടെ ലൈസന്‍സ് പൂര്‍ണമായി റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
കമ്പനിയുടെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ മാര്‍ച്ച് മൂന്നിന് ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മരിയോണ്‍ ബയോടെക് നിര്‍മിക്കുന്ന കഫ് സിറപ്പുകളായ ഡോക് 1 മാക്‌സും ആംബ്രോനോളും ഉപയോഗിക്കരുതെന്ന് ജനുവരി 22ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരുന്നു.
ഈ രണ്ട് മരുന്നുകളിലും ഡൈതൈലീന്‍ ഗ്ലൈക്കോള്‍, ഇതൈലിന്‍ ഗ്ലൈക്കോള്‍ എന്നിവ അനുവദനീയമായ അളവില്‍ കൂടുതല്‍ ഉള്ളതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡൈതൈലീന്‍ ഗ്ലൈക്കോളും ഇതൈലിന്‍ ഗ്ലൈക്കോളും കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ്.
Content Highlights: Marion Biotech’s manufacturing licence cancelled