മെസിയുടെ കിരീടസ്വപ്നം തല്ലിത്തകര്‍ത്തവന്‍ ഇന്റര്‍ മയാമിയിലെത്തുമോ? പ്രതീക്ഷകള്‍ പങ്കുവെച്ച് സൂപ്പര്‍താരം
Football
മെസിയുടെ കിരീടസ്വപ്നം തല്ലിത്തകര്‍ത്തവന്‍ ഇന്റര്‍ മയാമിയിലെത്തുമോ? പ്രതീക്ഷകള്‍ പങ്കുവെച്ച് സൂപ്പര്‍താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 16th August 2024, 11:20 am

2014ലെ ജര്‍മനിയുടെ ലോകകപ്പ് ഹീറോയായ മരിയോ ഗോട്സെക്ക് പണ്ട് മേജര്‍ ലീഗ് സോക്കറില്‍ നിന്നും ലഭിച്ച ഓഫറുകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. 2020ല്‍ ഇന്റര്‍ മയാമി തന്നെ ടീമിലെത്തിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു എന്നാണ് ജര്‍മന്‍ താരം പറഞ്ഞത്.

‘എനിക്ക് അന്ന് 28 വയസായിരുന്നു. 2020 സമ്മറില്‍ ഡോര്‍ട്മുണ്ടിലെ എന്റെ കരാര്‍ അവസാനിച്ചു. ആ സമയത്ത് ഇന്റര്‍ മയാമിയിലെ ആളുകള്‍ എന്നെ സൈന്‍ ചെയ്യാനായി ബന്ധപ്പെട്ടിരുന്നു. ഞങ്ങള്‍ അതിനെക്കുറിച്ച് അന്ന് സംസാരിച്ചിരുന്നു,’ ഗോട്സെ ട്രാന്‍സ്ഫര്‍മാര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എം.എല്‍.എസില്‍ കളിക്കാനുള്ള തന്റെ താല്‍പര്യത്തെക്കുറിച്ചും ജര്‍മന്‍ താരം പറഞ്ഞു.

‘ എനിക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ശരിക്കും ഇഷ്ടമാണെന്ന് ഞാന്‍ രണ്ട് തവണ പറഞ്ഞിട്ടുണ്ട്. ഞാന്‍ കുടുംബത്തോടൊപ്പം അവിടെ പലപ്പോഴും യാത്ര ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ലോസ് ഏഞ്ചല്‍സ്, ന്യൂയോര്‍ക്ക്, മയാമി എന്നീ സ്ഥലങ്ങളില്‍ പോയിട്ടുണ്ട്. 2026 ഫിഫ ലോകകപ്പ് എന്റെ മനസിലുണ്ട്. പക്ഷേ എനിക്ക് ഫ്രാങ്ക്ഫര്‍ട്ടുമായി ഒരു കരാര്‍ കൂടിയുണ്ട്. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന സീസണിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,’ ജര്‍മന്‍ താരം കൂട്ടിച്ചേര്‍ത്തു.

2014ല്‍ ബ്രസീലില്‍ വെച്ച് നടന്ന ലോകകപ്പില്‍ ഫൈനലില്‍ അര്‍ജന്റീനക്കെതിരെ ഇഞ്ചുറി ടൈമില്‍ പകരക്കാരനായി ഇറങ്ങിക്കൊണ്ടായിരുന്നു ഗോട്സെ ജര്‍മനിക്കായി നാലാം ലോക കിരീടം നേടിക്കൊടുത്തത്.

നിലവില്‍ താരം ജര്‍മന്‍ ക്ലബ്ബായ ഫ്രാങ്ക്ഫര്‍ട്ടിന് വേണ്ടിയാണ് കളിക്കുന്നത്. നിലവില്‍ ജര്‍മന്‍ ക്ലബ്ബിനൊപ്പം ഗോഡ്‌സെക്ക് രണ്ട് വര്‍ഷത്തെ കരാറാണ് ഇനിയുള്ളത്. ഫ്രാങ്ക്ഫര്‍ട്ടിന് വേണ്ടി 89 മത്സരങ്ങളില്‍ നിന്നും ഏഴ് ഗോളുകളും 13 അസിസ്റ്റുകളുമാണ് ഗോട്സെ നേടിയത്.

 

Content Highlight: Mario Gotze Talks About The Transfer Possibilities of MLS